'സ്വാശ്രയ കൊള്ളക്കെതിരേ വിജിലന്‍സ് അന്വേഷണം വേണം'
കോഴിക്കോട്: സ്വാശ്രയ മെഡിക്കല്‍ പ്രവേശനത്തിന്റെ മറവില്‍ സ്വകാര്യ മാനേജ്മെന്റുകള്‍ നടത്തുന്ന തീവെട്ടിക്കൊള്ളക്കെതിരേ സര്‍ക്കാര്‍ വിജിലന്‍സ് അന്വേഷണം നടത്താന്‍ തയാറാവണമെന്ന് കെ.പി.സി.സി ജനറല്‍ സെക്രട്ടറി എന്‍. സുബ്രഹ്മണ്യന് ആവശ്യപ്പെട്ടു.തലവരിപ്പണം വാങ്ങുന്നില്ലെന്ന് മുഖ്യമന്ത്രി ആവര്‍ത്തിക്കുമ്പോഴും മാനേജ്മെന്റ് സീറ്റുകളില്‍ 25 ലക്ഷം മുതല്‍ 30 ലക്ഷം വരെ നിലവില്‍ സ്വാശ്രയ കോളജ് മാനേജ്മെന്റ് തലവരിപ്പണം വാങ്ങുന്നുണ്ട്.
കേരളത്തില്‍ മാനേജ്മെന്റുകള്‍ മാനേജ്മെന്റ് സീറ്റില്‍ പ്രവേശനം നടത്തിയത് നീറ്റ് റാങ്ക് ലിസ്റ്റ് ക്രമപ്രകാരമല്ല. ഇങ്ങനെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചാല്‍ മാനേജ്മെന്റുകള്‍ നടത്തിയ പ്രവേശന അട്ടിമറി പുറത്തുവരും. പ്രവേശന നടപടികളില്‍ നിന്നും പുറത്തുപോയ ഉയര്‍ന്ന റാങ്കുകളുള്ള വിദ്യാര്‍ഥികളുടെ പരാതികളാണ് ജയിംസ് കമ്മിറ്റി മുമ്പാകെ നിലവിലുള്ളത്. ഇത് പരിശോധിച്ചാല്‍ കേരളത്തിലെ മുഴുവന്‍ സ്വാശ്രയ കോളജിലെയും മാനേജ്മെന്റ് സീറ്റിലെ പ്രവേശന നടപടി സര്‍ക്കാര്‍ റദ്ദാക്കേണ്ടി വരും. സര്‍ക്കാറിന്റെ മാനേജ്മെന്റ് അനുകൂല ഒത്തുകളി ഇതുവഴി പുറത്തുവരികയും ചെയ്യും. രാഷ്ട്രീയ പ്രതിയോഗികള്‍ക്കു നേരെ വിജിലന്‍സിനെ ഉപയോഗിക്കുന്ന മുഖ്യമന്ത്രി കേരളത്തെ ഞെട്ടിച്ച സ്വാശ്രയ കൊള്ളക്കെതിരേ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ച് ആര്‍ജവം കാണിക്കണമെന്നും സുബ്രഹ്മണ്യന് ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."