സര്‍, ഞങ്ങളെ കൊല്ലാതിരുന്നുകൂടെ
മരണം കാത്തു വരിവരിയായി നില്‍ക്കുകയാണ് ആ മിണ്ടാപ്രാണികള്‍. കാഴ്ചയില്‍ അരോഗ ദൃഢഗാത്രരെന്നുതോന്നുന്ന മിനുമിനുപ്പും തുടിപ്പുമുള്ള പശുക്കളുടെയും എരുമകളുടെയും നീണ്ട നിര. 84 പേരുണ്ടവര്‍. കണ്ടംപ്റ്റ് സെല്ലില്‍ തൂക്കുമരവും കാത്തു കഴിയുന്നവന്റെ മുഖത്തെ ഓര്‍മിപ്പിക്കുന്നു അവയോരോന്നും. തിരുവിഴാംകുന്ന് സര്‍ക്കാര്‍ കന്നുകാലി ഗവേഷണ കേന്ദ്രത്തിനുള്ളില്‍ കഴിയുന്ന അവയുടെ അരികിലെത്തിയപ്പോള്‍, കണ്ണുകളിലെ ദൈന്യത കണ്ടപ്പോള്‍ ഹൃദയത്തിന്റെ താളവും വേഗവും മാറിത്തുടങ്ങിയിരുന്നു. ആര്‍ക്കും കബളിപ്പിക്കാന്‍ കഴിഞ്ഞിട്ടില്ലാത്ത ഉള്ളുണര്‍ത്തുന്ന ഭീതിയായി അവരുടെ കൂടെയുണ്ടാകുമോ മരണം?
മരണത്തിന്റെ കുളമ്പടിയൊച്ചകളുടെ വേഗതയെ പാവം ആ മിണ്ടാപ്രാണികള്‍ തിരിച്ചറിയുന്നുണ്ടാകുമോ? തങ്ങളുടെ മരണവാറണ്ട് തയാറാക്കാനാണ് അകത്തെ ആലോചനായോഗങ്ങള്‍ എന്ന് അവരറിഞ്ഞിരിക്കുമോ?
പ്രതിരോധ ചികിത്സയോ, മരുന്നുകള്‍കൊണ്ട് രോഗമുക്തിയോ ലഭിക്കില്ലെന്ന് ശാസ്ത്രലോകം വിധിയെഴുതിയ ബ്രൂസിലോസിസ് രോഗികളാണവര്‍. രോഗം തിരിച്ചറിയുന്നതുവരെ ഫാമിലെ ജീവനക്കാരുടെ പരിലാളനകള്‍ ഏറ്റുവാങ്ങിയവര്‍. കാലത്തും വൈകിട്ടും മത്സരിച്ച് പാല്‍ചുരത്തിയവര്‍.
ഇന്നലെവരെ പരിചരിച്ചിരുന്നവര്‍ ഇന്ന് ഷെഡിനടുത്തേക്ക് വരാന്‍ ഭയക്കുന്നു. കണ്ടാല്‍ അകന്നു മാറുന്നു. സന്ദര്‍ശകര്‍ ഭയന്നൊളിക്കുന്നു. ഇപ്പോഴവരുടെ മുഖത്ത് സഹതാപവും ഭീതിയുമാണ്. വേദനയറിയിക്കാതെ കൊല്ലാന്‍ പോകുന്നുവെന്നു ചിലര്‍ അടക്കംപറയുന്നു. കാരണം ഞങ്ങളുടെ രോഗം ഇനിയൊരിക്കലും മാറില്ലത്രെ. ഞങ്ങള്‍ ജീവിച്ചാല്‍ മറ്റു കാലികള്‍ക്കും രോഗം പകരും. തുടര്‍ന്നും അവര്‍ ഞങ്ങളോട് കണ്ണുകളിലൂടെ എന്തൊക്കെയോ പറഞ്ഞുകൊണ്ടിരുന്നു.
പലരും പലതും പറയുന്നു. ഞങ്ങളെ കൊന്നാലും മറ്റുള്ള മൃഗങ്ങള്‍ രക്ഷപ്പെടുമെന്ന് എന്താണുറപ്പ്? ഇവിടെ തന്നെ കൊല്ലണോ പുറത്തുകൊണ്ടുപോയി കൊല്ലണോ എന്നും ചര്‍ച്ചകള്‍ നടക്കുന്നു. സര്‍...ജീവിക്കാനുള്ള മോഹംകൊണ്ടു ചോദിക്കുകയാണ്... ഞങ്ങളെ ഏതെങ്കിലും കാട്ടില്‍ ആളുകളും കന്നുകാലികളുമൊന്നും ഇല്ലാത്ത ഒരിടത്തു കൊണ്ടുപോയി വിട്ടുകൂടെ? രോഗാണുക്കളോടു പൊരുതാന്‍ ശേഷിയില്ലാതാവുമ്പോള്‍ സ്വാഭാവികമായി മരിക്കാന്‍ അനുവദിച്ചുകൂടെ.
ഒരു സുന്ദരി പശുക്കുട്ടി കൈകൂപ്പി പറയുംപോലൊരു തോന്നല്‍. ചിരിയും കളിയുമായി ഫാമിലെത്തിയ ഞങ്ങളുടെ മനസിനെ മഥിച്ചുകൊണ്ടു അവരെല്ലാം ദയാഹരജികളുടെ കെട്ടുമായി മുന്നില്‍ കുമ്പിട്ടുനില്‍ക്കുന്നു. വിഷയവുമായി ബന്ധപ്പെട്ട് ഒരു മൃഗഡോക്ടര്‍ പറഞ്ഞിരുന്ന വാക്കുകള്‍ മനസിലേക്കു കടന്നുവന്നു. സാധരണയായി ദയാവധത്തിനു വിധേയമാക്കപ്പെടുന്ന മൃഗങ്ങളെ കൊല്ലുന്നത് വേദനിപ്പിച്ചാണ്.
മഗ്‌നീഷ്യം ക്ലോറൈഡ് (ഇന്ദുപ്പ്) കട്ടിയായി കുറുക്കി, മൃഗങ്ങളുടെ ഹൃദയത്തില്‍ നേരിട്ടു കുത്തിവെച്ചാണ് കൊല്ലുന്നത്. ഏറെനേരം വേദന സഹിച്ചാല്‍ മാത്രമേ മരണം സംഭവിക്കൂ. സോഡിയം ഡയോപെന്റോള്‍ എന്ന മയക്കുമരുന്ന് കുത്തിവെച്ച് കൊല്ലുകയെന്നതാണ് രണ്ടാമത്തെ വഴി. ഇതിനു വേദന താരതമ്യേനെ കുറയും.
മിണ്ടാപ്രാണികളെ വേദനിപ്പിക്കാതെ വേണം ദയാവധം നടത്തേണ്ടതെന്ന് കേന്ദ്ര മൃഗക്ഷേമ ബോര്‍ഡ് നിയമവിധേയ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അതിനാല്‍, സോഡിയം ഡയോപെന്റോള്‍ എന്ന മയക്കുമരുന്നു കുത്തിവച്ചായിരിക്കും കന്നുകാലികളെ ദയാവധം നടത്തുക. രോഗബാധയുള്ള കാലികളെ മണ്ണുത്തിയിലെ വെറ്ററിനറി സര്‍വകലാശാല ആസ്ഥാനത്തു എത്തിച്ച് ദയാവധം നടത്താനായിരുന്നു അധികൃതര്‍ ആദ്യം തീരുമാനിച്ചിരുന്നത്.
എന്നാല്‍, രോഗബാധയുള്ള മൃഗങ്ങളെ ഒരു സ്ഥലത്തുനിന്നും മറ്റൊരു സ്ഥലത്തേക്കു കൊണ്ടുപോകുമ്പോള്‍, രോഗാണുക്കള്‍ പടരാന്‍ സാധ്യതയുണ്ട്. അതിനാല്‍, കന്നുകാലികളെ തൃശൂരിലേക്കു കൊണ്ടുവരുന്നതു തടയണമെന്നാവശ്യപ്പെട്ട് സംസ്ഥാന മൃഗക്ഷേമ ബോര്‍ഡ് സര്‍ക്കാരിനും മൃഗസംരക്ഷണ വകുപ്പ് സെക്രട്ടറിക്കും കത്തു നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കന്നുകാലികളെ തൃശൂരിലെത്തിച്ച് ദയാവധം നടത്തുന്നതില്‍ നിന്നും സര്‍വകലാശാലാ അധികൃതര്‍ പിന്‍മാറിയത്. 400 ഏക്കറില്‍ പരന്നുകിടക്കുകയാണ് കേന്ദ്രം. വെറ്ററിനറി ഹോസ്പിറ്റല്‍, റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്, കന്നുകാലി ഫാം, ഭരണവിഭാഗം ഉള്‍പ്പെടെ നിരവധി കെട്ടിടങ്ങളും ഓഫിസ് സമുച്ചയങ്ങളും ഉള്‍പ്പെടുന്നതാണ് കാംപസ്.
ഇവിടെ 84 പശുക്കള്‍ക്കാണ് മാരക രോഗബാധയേറ്റിരിക്കുന്നത്. രണ്ടു വര്‍ഷം മുന്‍പ് നടത്തിയ പരിശോധനയിലാണു രോഗം കണ്ടെത്തിയത്. ഇതേ തുടര്‍ന്ന് കേന്ദ്ര മൃഗക്ഷേമ ബോര്‍ഡ്, മൃഗസംരക്ഷണ നിയമങ്ങള്‍ക്കു വിധേയമായി രോഗബാധയേറ്റ പശുക്കളെ ദയാവധം നടത്തണമെന്ന് നിര്‍ദേശിക്കുകയായിരുന്നു.
രോഗം ഗുരുതരം, ആരോഗ്യ പ്രശ്‌നങ്ങളും
മനുഷ്യരില്‍ വന്ധ്യത, ഹൃദയാഘാതം അടക്കമുള്ള ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്ന ബാക്ടീരിയയാണ് ബ്രൂസിലോസിസ് എ. ഒരു തലമുറയെ തന്നെ ഇല്ലാതാക്കാന്‍ കഴിയുന്ന രോഗമാണിത്. പശുവിന്‍ പാല്‍, കുട്ടികള്‍ക്കാണു കൂടുതലായും നല്‍കുന്നത് എന്നതിനാല്‍ രോഗബാധയുള്ള പശുക്കളുടെ പാല്‍ കുടിക്കുന്ന കുട്ടികള്‍ക്ക് വന്ധ്യത പിടിപെടുമെന്നു ലോകാരോഗ്യ സംഘടന തന്നെ വ്യക്തമാക്കിയിട്ടുണ്ട്.
ഡോക്ടറുടെ വിശദീകരണവും കന്നുകാലികള്‍ കണ്ണുകള്‍കൊണ്ടു നെഞ്ചുനീറി പറഞ്ഞ വാക്കുകളും മനസിനെ വല്ലാതെ ഉലയ്ക്കുന്നു. ഒരിക്കല്‍ യാത്ര പറഞ്ഞിറങ്ങിയ എച്ച്.ഒ.ഡിയെ കണ്ട് ഞാന്‍ ചോദിച്ചു. സര്‍.. ഇവയെ കൊല്ലാതിരുന്നുകൂടെ. ആര്‍ക്കും ശല്യമാകാത്ത ഒരിടത്തുകൊണ്ടുപോയി വിട്ട്, സ്വാഭാവിക മരണത്തിനു വിട്ടുകൊടുത്തുകൂടെ.
ചോദ്യം അദ്ദേഹത്തെയും നൊമ്പരപ്പെടുത്തിയെന്ന് കണ്ണുകള്‍ പറഞ്ഞു. ദയനീയമായ ഒരു ചിരി മാത്രമായിരുന്നു മറുപടി. കാംപസിനു പുറത്തേക്ക് യാത്ര തുടങ്ങിയപ്പോള്‍ ഐസലേറ്റഡ് ഷെഡില്‍ നിന്നും രോഗികളായ കന്നുകാലികള്‍ കൂട്ടത്തോടെ പറയുന്നു.
രോഗം രോഗിക്കുമാത്രമല്ല സമൂഹത്തിനു കൂടിയുള്ള പാഠമല്ലെ? ശിക്ഷ വിധിക്കാനോ ശാപം ചൊരിയാനോ ആര്‍ക്കാണാവുക?. പരിഹാരവും അതാണോ? അതുകൊണ്ട് സര്‍...ഞങ്ങളെ കൊല്ലാതിരുന്നുകൂടെ?
മള്‍ട്ടാപനിക്കെതിരേ മുന്‍കരുതലുകള്‍
ബ്രൂസെല്ല വിഭാഗത്തില്‍പ്പെട്ട ബാക്ടീരിയകള്‍ പരത്തുന്ന ജന്തുജന്യ രോഗമാണ് ബ്രൂസിലോസിസ് അഥവാ മള്‍ട്ടാപ്പനി. കന്നുകാലികളെ ബാധിക്കുന്ന ഈ രോഗം മനുഷ്യര്‍ക്കും പിടിപെടാം. ഇന്ത്യയില്‍ എല്ലാ സംസ്ഥാനങ്ങളിലും കണ്ടുവരുന്നു.
രോഗസംക്രമണം
കന്നുകാലികളില്‍
മലീമസമാക്കപ്പെട്ട കാലിത്തീറ്റയിലൂടെയോ രോഗബാധിതരായ മൃഗങ്ങളുമായുള്ള സമ്പര്‍ക്കത്തിലൂടെയോ ആണ് പശു, ആട്, എരുമ, പന്നി തുടങ്ങിയവയ്ക്ക് രോഗം പിടിപെടുന്നത്. ഈര്‍പ്പം നിലനില്‍ക്കുന്ന അന്തരീക്ഷം, വൃത്തിയില്ലായ്മ, എന്നിവ രോഗം പെട്ടന്ന് പടര്‍ന്ന് പിടിക്കാന്‍ കാരണമായേക്കാം.
മനുഷ്യരില്‍
കന്നുകാലികളെ പരിചരിക്കുന്നവര്‍ക്കും മാംസം, പാല്‍ എന്നിവ കൈകാര്യം ചെയ്യുന്നവര്‍ക്കും രോഗം പകരാന്‍ സാധ്യതയുണ്ട്. രോഗികളായ മൃഗങ്ങളില്‍ നിന്നും പുറന്തള്ളപ്പെട്ട ചാപിള്ള, മറുപിള്ള, രക്തം, മൂത്രം എന്നിവയില്‍ നിന്നും മനുഷ്യരിലേക്ക് നേരിട്ട് രോഗം പകരുന്നു. രോഗികളായ കന്നുകാലികളുടെ പാല്‍, പാലുല്‍പന്നങ്ങള്‍, മാംസം എന്നിവ വേവിക്കാതെ കഴിക്കുക, കന്നുകാലികളുടെ ചാണകം വളമായുപയോഗിച്ച പച്ചക്കറികള്‍ പച്ചയ്ക്ക് കഴിയ്ക്കുന്നതും രോഗം പകരാന്‍ കാരണമാകും. തൊഴുത്തിലേയും അറവുശാലകളിലേയും അന്തരീക്ഷത്തില്‍ രോഗാണുക്കള്‍ നിലനില്‍ക്കുന്നതിനാല്‍ വായുവില്‍ക്കൂടിയും രോഗം മനുഷ്യരിലെത്തുന്നു.
ലക്ഷണങ്ങള്‍
പെട്ടന്നുണ്ടാകുന്ന വിറയലോടുകൂടിയ പനി, സന്ധിവേദന, നടുവേദന, തലവേദന, പ്ലീഹ വീക്കം എന്നിവയാണ് ലക്ഷണങ്ങള്‍. യഥാസമയം ഉചിതമായ ചികിത്സ ലഭ്യമായില്ലെങ്കില്‍ രോഗലക്ഷണങ്ങള്‍ വിട്ടുമാറാതെ നിലനില്‍ക്കും. വൃത്തിയും ശുചിത്വവുമുള്ള മൃഗപരിപാലനമാണ് മൃഗങ്ങളില്‍ രോഗം വരാതിരിക്കാന്‍ സ്വീകരിക്കേണ്ട മാര്‍ഗം.
രോഗനിയന്ത്രണം
മനുഷ്യരില്‍
വ്യവസായാടിസ്ഥാനത്തില്‍ പാസ്ചറൈസേഷന്‍ കര്‍ശനമാക്കുക, കര്‍ഷകര്‍, മാംസ വ്യാപാരവുമായി ബന്ധപ്പെട്ടവര്‍ മൃഗങ്ങളുടെ സ്രവങ്ങള്‍ ശരീരത്തില്‍ സ്പര്‍ശിക്കാത്ത വിധം വസ്ത്രങ്ങള്‍ ധരിക്കുക തുടങ്ങിയവയിലൂടെ രോഗസംക്രമണം തടയാം.
പനി വന്നാല്‍
എന്തുചെയ്യണം?
രോഗനിയന്ത്രണത്തില്‍ വെല്ലുവിളി ഉയര്‍ത്തുന്നത് ശരിയായ രോഗനിര്‍ണയം നടത്തുക എന്നതാണ്. വിട്ടുമാറത്ത രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ വിദഗ്ധ ചികിത്സ തേടണം. രക്തപരിശോധനയിലൂടെ ഈ രോഗം സ്ഥിരീകരിക്കാം.
ഡോക്ടറുടെ നിര്‍ദേശ പ്രകാരം നിശ്ചിത കാലയളവില്‍ ആന്റിബയോട്ടിക് കഴിച്ചാല്‍ രോഗത്തില്‍ നിന്നും പൂര്‍ണമായി മോചനം നേടാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."