വളവ് തിരിയും മുന്‍പ് തെളിവ് തേടണം
വിഭവസമൃദ്ധമായ സദ്യ. സുഹൃത്തുക്കളെല്ലാം സജീവമായി രംഗത്തുണ്ട്. പൗരപ്രമുഖര്‍, മന്ത്രിപുംഗവന്മാര്‍, മുതലാളിമാര്‍, തൊഴിലാളികള്‍ എല്ലാവരും ഒരേ നിരയില്‍. അതുപോലൊരനുഭവം അവരുടെ ജീവിതത്തില്‍ അന്നോളമുണ്ടായിട്ടുണ്ടാവില്ല. അത്രക്കു മനോഹരം, എല്ലാവരുടെയും മുഖത്തു സന്തോഷം മാത്രം. സദ്യയൊരുക്കിയിരിക്കുന്നതാരെന്നോ; മഹാരാജാവ്. കൊട്ടാരാങ്കണത്തിലാണു സംഭവം.
ഉണ്ണുമ്പോള്‍ കൂട്ടത്തില്‍നിന്നാരോ പറഞ്ഞു: ''ഓരോരുത്തരും അവരവരുടെ ജീവിതത്തില്‍ നടന്ന സന്തോഷദായകമായ സന്ദര്‍ഭം വിവരിക്കട്ടെ...''
എല്ലാവരും സ്വാഗതം ചെയ്തു. ഓരോരുത്തരും വിവരിക്കാന്‍ തുടങ്ങി. ജീവിതത്തില്‍ നടന്ന മറക്കാനാവാത്ത ആ സുന്ദരമുഹൂര്‍ത്തങ്ങള്‍. ഒടുവില്‍ രാജാവിന്റെ ഊഴമെത്തി. ആളുകള്‍ക്കു ആകാംക്ഷയേറി. എല്ലാവരുടെയും ആകാംക്ഷയ്ക്ക് അറുതിയറിയിച്ച് രാജാവ് പറഞ്ഞു. ''എന്റെ ജീവിതത്തിലെ ഏറ്റവും ആനന്ദകരമായ മുഹൂര്‍ത്തം മറ്റൊന്നുമല്ല, മറ്റൊരു പുരുഷന്റെ ഭാര്യയുടെ കരവലയത്തില്‍ അമര്‍ന്നിരുന്ന ആ പഴയ നാളുകള്‍... അവളുടെ മാറോടു ചേര്‍ന്നുകിടന്ന നിമിഷങ്ങള്‍... മടിത്തട്ടില്‍ കിടന്നാടിയ മുഹൂര്‍ത്തങ്ങള്‍.. അവയോളം ജീവിതത്തില്‍ സന്തോഷവും ആനന്ദവും നല്‍കിയ മറ്റൊന്നും എനിക്കുണ്ടായിട്ടില്ല!''
സദസിനൊരു നടുക്കം. എന്താണ് ഈ പറയുന്നത്. അശ്ലീലമോ.. രാജാവിനെ കുറിച്ച് ഒരിക്കലും കരുതിയിട്ടില്ലാത്ത കാര്യങ്ങള്‍.. അങ്ങനെ സംഭവിച്ചെങ്കില്‍ തന്നെ ഇത്ര വലിയ സഭയില്‍ അതു പറയുകയോ? ഓരോരുത്തരുടെയും ചിന്തകള്‍ പലവഴിക്കുപാഞ്ഞു. സദസിന്റെ മനോവിലാസം കണ്ടറിഞ്ഞ രാജാവ് മുഖത്ത് ഒരു പൂപുഞ്ചിരി വിടര്‍ത്തി. രാജാവിനു മാത്രം ഒരു ചിരി. ആ രഹസ്യം അദ്ദേഹം തെല്ലുവികാരത്തോടെ വെളിപ്പെടുത്തി. ''എന്റെ ജീവിതത്തില്‍ സന്തോഷവും ആനന്ദവും പകര്‍ന്നേകിയ ആ സ്ത്രീ നിങ്ങള്‍ കരുതുന്ന മറ്റാരുമല്ല, എന്റെ അമ്മയാണത്, സ്വന്തം അമ്മ.''
'വളയാന്‍ അവസരം ലഭിച്ചാല്‍ വളഞ്ഞുതന്നെ സഞ്ചരിക്കുക. അല്ലെങ്കില്‍ വല്ല വളവും ഉണ്ടോ എന്ന് അന്വേഷിച്ചു നടക്കുക.' നമ്മുടെ ചിന്തയ്ക്കു ബാധിക്കാറുള്ള പ്രധാന വൈകല്യങ്ങളിലൊന്നാണിത്. നേര്‍ക്കുനേര്‍ സഞ്ചരിച്ചാല്‍ മാത്രമേ ലക്ഷ്യത്തിലെത്തൂ എന്ന് പൂര്‍ണബോധ്യമുണ്ട്. എന്നാലും, വളവ് കണ്ടാല്‍ നേര്‍വഴി ഉപേക്ഷിക്കും. ലക്ഷ്യത്തിലെത്തിയില്ലെങ്കിലും വേണ്ടില്ല, വളഞ്ഞവഴിക്കു സഞ്ചരിച്ചാല്‍ മതി. അതിലെന്തോ ഒരാനന്ദം ലഭിക്കുന്ന പോലെ.
കാസര്‍കോട്ടുനിന്നും നേരെ വന്നാല്‍ കോഴിക്കോട്ടെത്തും. ഇടക്കെവിടെയെങ്കിലും ചെറിയൊരു പോക്കറ്റ് റോഡു കണ്ടാല്‍ അതിലൂടെയാണു സഞ്ചരിക്കുക. ഇങ്ങനെയുള്ള ഒരു വാഹനത്തെക്കുറിച്ചാലോചിച്ചു നോക്കൂ. അതില്‍ വിശ്വസിച്ചു കയറിയവരുടെ അവസ്ഥയെന്തായിരിക്കും? മിക്കപ്പോഴും ഈ വാഹനത്തിന്റെ സ്ഥിതിയാണ് നമ്മുടെ ചിന്തയ്ക്ക്.
'അവന്‍ വെറും മറ്റേതിന്റെ ആളാണ്' എന്ന കമന്റ് കേട്ടാല്‍ ഉടനടി ചിന്ത തോന്നിവാസത്തിലേക്കാണല്ലോ ഓടുക. 'മറ്റേ'തിനു തോന്നിവാസം മാത്രമാണോ അര്‍ഥം? എന്തെല്ലാം അര്‍ഥങ്ങള്‍ സങ്കല്‍പിക്കാം. അതിലേക്കൊന്നും പോകാതെ തോന്നിവാസത്തിലേക്കു മാത്രം സഞ്ചരിക്കുന്നത് നേര്‍വഴിയാണോ?
നിങ്ങളുടെ മകള്‍ക്കു വരനെ വേണം. ഒരു ചെക്കനുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തുന്നു. അപ്പോള്‍ അയല്‍വാസിയുടെ പ്രതികരണം: 'ചെക്കനു കുഴപ്പങ്ങളൊന്നുമില്ല, നന്നായി തണ്ണിയടിക്കുമെന്നേയുള്ളൂ' ചെറുക്കനെ കുറിച്ചുള്ള തീര്‍പ്പെന്തായിരിക്കും? വെള്ളം കുടിക്കുന്നയാളെന്നോ, മദ്യപാനിയെന്നോ?
ദ്വയാര്‍ഥങ്ങളുള്ളതിനാല്‍ തണ്ണിയടി എന്ന പ്രയോഗം ചിന്തയെ വഴിതിരിച്ചുവിടുന്ന ഒന്നാണ്. ഒന്നുകില്‍ ധനാത്മകമായ അര്‍ഥത്തിലേക്ക്. അല്ലെങ്കില്‍ നിഷേധാത്മകമായ അര്‍ഥത്തിലേക്ക്. ഇവിടെ ധനാത്മകമായി ചിന്തിക്കുന്നത് നേര്‍ക്കുനേരെയുള്ള സഞ്ചാരമാണ്. നിഷേധാത്മകമായുള്ള ചിന്ത വളഞ്ഞ സഞ്ചാരവും. നേര്‍ക്കുനേര്‍ ചിന്തിച്ചാല്‍ കൃത്യമായി ലക്ഷ്യത്തിലെത്തും. പക്ഷേ, അതു ചെയ്യില്ല. തണ്ണിയടിക്കാരന്‍ എന്നാല്‍ മദ്യപാനിയെന്നു മാത്രം അര്‍ഥം കല്‍പിച്ച് തിരിച്ചുപോരും.
പ്രവാചകപത്‌നി ആഇശ (റ)യെ കുറിച്ച് അപവാദകഥകള്‍ പ്രചരിച്ചപ്പോള്‍ ചിന്തയെ വളഞ്ഞ വഴിക്കു തിരിച്ചുവിട്ടവര്‍ക്കെതിരേ ഖുര്‍ആന്‍ അതിനിശിതമായി വിമര്‍ശിച്ചത് സൂറത്തുന്നൂറിലുണ്ട്. ''സത്യവിശ്വാസികളും സത്യവിശ്വാസിനികളും അതു കേട്ടമാത്രയില്‍ സ്വന്തക്കാരെ പറ്റി എന്തുകൊണ്ട് ഉദാത്ത ധാരണ പുലര്‍ത്തുകയും ഇതു സ്പഷ്ടമായ വ്യാജംതന്നെ എന്നു പറയുകയും ചെയ്തില്ല?
ആരോപകര്‍ എന്തുകൊണ്ട് അതിന് നാലു സാക്ഷികളെ ഹാജരാക്കിയില്ല? സാക്ഷികളെ കൊണ്ടുവരായ്ക മൂലം അല്ലാഹുവിനടുക്കല്‍ അവര്‍ തന്നെയത്രേ വ്യാജന്മാര്‍. ഐഹിക-പാരത്രിക ലോകത്ത് അല്ലാഹുവിന്റെ ഔദാര്യവും കാരുണ്യവും നിങ്ങള്‍ക്കില്ലായിരുന്നുവെങ്കില്‍ ഈ വൃത്താന്തത്തിലേര്‍പ്പെട്ടിരുന്നതിനാല്‍ ഘോരശിക്ഷ നിങ്ങളെ പിടികൂടിയേനെ!''(24: 12-14)
വഴിയില്‍ വളവുണ്ടെങ്കില്‍ ഡ്രൈവര്‍ അറിയാതെത്തന്നെ വളഞ്ഞു സഞ്ചരിക്കുന്ന വാഹനമാണ് നമ്മുടെ മനസ്. ശ്രദ്ധയും ജാഗ്രതയും വേണ്ടുവോളമില്ലെങ്കില്‍ എവിടെയെങ്കിലും പോയി ഇടിക്കും. ബന്ധങ്ങള്‍ക്കിടയില്‍ കശപിശ ഉടലെടുക്കാറുള്ളത് ഇത്തരം വൈകല്യങ്ങള്‍ മൂലമാണ്. ചിന്ത ഏതുവഴിക്കു പോകുന്നു എന്നതിനെ കുറിച്ച് വ്യക്തമായ ധരണവേണം. തെളിവില്ലാതെ വളവ് കണ്ട് തിരിയരുത്. വെളിവുള്ളവര്‍ ആദ്യം തെളിവ് കാണട്ടെ. എന്നിട്ടാവാം വളവിലൂടെയുള്ള സഞ്ചാരം. അതാണ് തെളിഞ്ഞതും കറകളഞ്ഞതുമായ വഴി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."