ആടിയും പാടിയും ജീവിതസായാഹ്നത്തില്‍ അവര്‍ ഒത്തുചേര്‍ന്നു
കോഴിക്കോട്: ജീവിതത്തിന്റെ മുക്കാല്‍ ഭാഗവും കുടുംബത്തിനും നാടിനുമായി ചെലവഴിച്ച വന്ദ്യവയോധികര്ക്കു ജീവിത സായാഹ്നത്തില്‍ യുവ തലമുറയുടെ സ്നേഹവും സംരക്ഷണവും ആവശ്യമാണെന്ന് ഓര്‍മപ്പെടുത്തി ജില്ലയില്‍ ലോക വയോജനദിനം ആഘോഷിച്ചു. കോഴിക്കോട് ബി.ഇ.എം സ്കൂളില്‍ നടന്ന ചടങ്ങില്‍ വയോധികര്‍ക്കായി നിരവധി പരിപാടികളാണു ജില്ലാ പഞ്ചായത്തും കോഴിക്കോട് കോര്‍പറേഷനും സാമൂഹ്യ സുരക്ഷാ മിഷനും ജില്ലാ സാമൂഹ്യനീതി വകുപ്പും സംയുക്തമായി സംഘടിപ്പിച്ചത്.
'വളരുന്ന കേരളം വളര്‍ത്തിയവര്‍ക്ക് ആദരം' എന്ന പേരില്‍ സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുക്കാന്‍ നൂറുകണക്കിനു വയോധികരെത്തി. പ്രായത്തിന്റെ അവശതകളില്ലാതെ അവര്‍ തങ്ങളുടെ കലാവാസനകള്‍ മറ്റുള്ളവര്‍ക്കായി കാഴ്ചവച്ചു. പാട്ടു പാടിയും മോണോ ആക്ടും മിമിക്രിയുമൊക്കെ അവതരിപ്പിച്ചുമെല്ലാം അവര്‍ ആഘോഷത്തില്‍ പങ്കുചേര്‍ന്നു. മക്കള്‍ വൃദ്ധസദനത്തിലുപേക്ഷിച്ചവരും ആരാരുമില്ലാത്തവരുമെല്ലാം കൂട്ടത്തിലുണ്ടായിരുന്നു.
വീട്ടില്‍ നിന്നു പുറത്തിറങ്ങി ഒരു ദിവസം അടിച്ചുപൊളിച്ചതിന്റെ സന്തോഷമായിരുന്നു എല്ലാവരുടെയും മുഖത്ത്. അടുത്തിരിക്കുന്ന സമപ്രായക്കാരോടു തങ്ങളുടെ വേദനകളും സന്തോഷങ്ങളുമെല്ലാം പങ്കുവച്ച് അവര്‍ പെട്ടെന്നു കൂട്ടുകാരായി. മാജിക്ഷോ, പാട്ടുമത്സരം, മുത്തശ്ശിക്കഥ പറയല്‍ തുടങ്ങിയ മത്സരങ്ങളും വയോധികര്‍ക്കായി നടത്തിയിരുന്നു. പരിപാടിയോടനുബന്ധിച്ചു സൗജന്യ നേത്ര പരിശോധനയും തിമിര നിര്‍ണയ ക്യാംപും നടന്നു. കോര്‍പറേഷന്റെയും ജില്ലാ പഞ്ചായത്തിന്റെയും നഗരസഭകളുടെയും പങ്കാളിത്തത്തോടെ എല്ലാ വയോജനങ്ങള്‍ക്കും വിഭവസമൃദ്ധമായ സദ്യയുമൊരുക്കിയിരുന്നു.
പരിപാടി എം.കെ രാഘവന് എം.പി ഉദ്ഘാടനം ചെയ്തു. കൈതപ്രം ദാമോദരന്‍ നമ്പൂതിരി, മേയര്‍ തോട്ടത്തില്‍ രവീന്ദ്രന് മുഖ്യാതിഥികളായി. 'വയോജന നയം ' വിഷയത്തില്‍ ജില്ലാ പ്രൊബേഷന്‍ ഓഫിസര്‍ കെ.ടി അഷ്റഫ് ക്ലാസെടുത്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി, വൈസ് പ്രസിഡന്റ് റീനാ മുണ്ടേങ്ങാട്ട്, കൗണ്‍സിലര്‍ അനിതാരാജന്, ജില്ലാ സാമൂഹ്യനീതി ഓഫിസര്‍ സാറാമ്മ ടി.പി, മുഹമ്മദ് ഫൈസല്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."