നിലമ്പൂര്‍ ശക്തികേന്ദ്രമാക്കാന്‍ തീരുമാനം
മൂന്ന് പഞ്ചായത്തുകള്‍ കേന്ദ്രീകരിച്ച് പുതിയ ദളത്തിനും മാവോയിസ്റ്റ് നീക്കം
മലപ്പുറം: നിലമ്പൂര്‍ ശക്തികേന്ദ്രമാക്കി പ്രവര്‍ത്തനം കൂടുതല്‍ വിപുലപ്പെടുത്താന്‍ മാവോയിസ്റ്റ് സായുധസേനാ തീരുമാനം. സി.പി.ഐ മാവോയിസ്റ്റിന് കീഴിലെ പീപ്പിള്‍സ് ലിബറേഷന്‍ ഗറില്ലാ ആര്‍മി (പി.എല്‍.ജി.എ) എന്ന സംഘടനയാണ് പുതിയ നീക്കത്തിനുപിന്നില്‍. മേഖലയിലെ മൂന്ന് പഞ്ചായത്തുകള്‍ കേന്ദ്രീകരിച്ച് പുതിയ ദളം (ഘടകം) രൂപീകരിക്കാനാണ് നീക്കം നടത്തുന്നതെന്നാണ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ കണ്ടെത്തല്‍.
മൂത്തേടം പഞ്ചയാത്തിലെ ഉച്ചക്കുളം, കരുളായി പഞ്ചായത്തിലെ മുണ്ടക്കടവ്, അമരമ്പലം പഞ്ചായത്തിലെ പാട്ടക്കരിമ്പ് തുടങ്ങിയ വനാന്തരങ്ങളിലെ കോളനികള്‍ ലക്ഷ്യമിട്ടാണ് ഏറെക്കാലമായി മാവോയിസ്റ്റുകളുടെ പ്രവര്‍ത്തനം. ഈ കോളനികള്‍ കേന്ദ്രീകരിച്ചാണ് പുതിയ ദളത്തിന് നീക്കം നടത്തുന്നത്. നിലവില്‍ നാടുകാണി ദളത്തിനുകീഴിലാണ് മേഖലയിലെ പ്രവര്‍ത്തനം നടക്കുന്നത്. മേഖലയിലെ ആദിവാസികള്‍ക്കിടയില്‍ മികച്ച വേരോട്ടമുണ്ടാക്കിയെടുക്കാന്‍ സംഘത്തിന് കഴിഞ്ഞിട്ടുണ്ടെന്നും അധികൃതര്‍ക്ക് വിവരം ലഭിച്ചിട്ടുണ്ട്.
പൊലിസ് കാട്ടിലേക്ക് പ്രവേശിച്ചാല്‍ കാടിനു പുറത്ത് നിന്നും ഇവര്‍ക്ക് വിവരം കൈമാറാന്‍ അളുകളുണ്ടെന്നാണ് പൊലിസ് നിഗമനം. എന്നാല്‍ ഇത്തരത്തില്‍ വിവരങ്ങള്‍ കൈമാറുന്നവരെ പിടികൂടാന്‍ പൊലിസിനാവുന്നില്ലെന്നുള്ളതാണ് വസ്തുത.
മാവോയിസ്റ്റുകളടക്കമുള്ളവരെ നേരിടാന്‍ മികച്ച പരിശീലനം ലഭിച്ച പൊലിസുകാരെയാണ് മേഖലയിലെ സ്‌റ്റേഷനുകളില്‍ വിന്യസിച്ചിട്ടുള്ളത്. ഇവരുമായി നേര്‍ക്കുനേര്‍ കാണുകയും വെടിയുതിര്‍ക്കുകയും ചെയ്തിട്ടും മാവോയിസ്റ്റുകള്‍ രക്ഷപ്പെട്ടത് അവരുടെ സ്വാധീനംകൊണ്ടുമാത്രമാണെന്നാണ് പൊലിസ് വിലയിരുത്തല്‍.
സംഭവം നടന്ന് ദിവസങ്ങള്‍ പിന്നിട്ടിട്ടും അന്വേഷണത്തില്‍ കാര്യമായ പുരോഗതിയില്ലാത്തതും പൊലിസിനെ കുഴക്കുന്നുണ്ട്.
നിലമ്പൂര്‍ കരുളായി വനമേഖലയിലെ ഗുഹാവാസികള്‍ താമസിക്കുന്ന കുപ്പമല, നാഗമല, മണ്ണള, വാള്‍ക്കെട്ട് മല, അച്ചനള, തുടങ്ങിയ കേന്ദ്രങ്ങളില്‍ മാവോവാദികള്‍ക്ക് തങ്ങാന്‍ പറ്റിയ സ്ഥലങ്ങള്‍ ഏറെയാണ്. ഈ ഭാഗങ്ങളില്‍ നിന്നും തമിഴ്‌നാട്ടിലേക്കും കര്‍ണാടകത്തിലേക്കും കടക്കാനും കഴിയും.
ഇതിനുപുറമെ മാവോയിസ്റ്റുകളുടെ പ്രധാന കേന്ദ്രങ്ങളായ പാലക്കാട്, നാടുകാണി ഭാഗങ്ങളിലേക്കും ഇവിടെനിന്നും എത്തിപെടാനാവും. പൊലിസ് പരിശോധനാ സമയത്ത് ഇവര്‍ക്ക് ഒളിക്കാന്‍ ഏറെ സൗകര്യവും ഇവിടെയുണ്ട്.
ഇതിന് ആദിവാസികളുടെ പിന്തുണയും ലഭിക്കുന്നുവെന്നാണ് പൊലിസിന് ലഭിച്ച വിവരം. കേരളത്തില്‍ മാവോയിസ്റ്റുകള്‍ സ്ഥിരം താവളം കണ്ടെത്തുന്നതും ഈ മേഖലയിലാണ്.
കഴിഞ്ഞ 21ന് സി.പി.ഐ മാവോയിസ്റ്റിന്റെ 12ാം വാര്‍ഷികത്തിന്റെയും രക്തസാക്ഷി ദിനാചരണത്തിന്റെയും ഭാഗമായി കാട്ടില്‍ കെട്ടിയ ബാനറിന്റെ ചിത്രങ്ങള്‍ പുറത്ത് വന്നിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."