വി.എസിന്റെ പ്രസ്താവന മുഖ്യമന്ത്രി കണക്കിലെടുക്കുമെന്ന് കരുതുന്നു: ചെന്നിത്തല
തിരുവനന്തപുരം: സ്വാശ്രയപ്രശ്നത്തില്‍ എം.എല്‍.എമാര്‍ നടത്തുന്ന നിരാഹാര സമരത്തോടുള്ള സര്‍ക്കാര്‍ നിലപാടു തെറ്റാണെന്ന ഭരണപരിഷ്കാര കമ്മിഷന് ചെയര്മാന് വി.എസ് അച്യുതാനന്ദന്റെ പ്രസ്താവന മുഖ്യമന്ത്രി പിണറായി വിജയന് കണക്കിലെടുക്കുമെന്നു കരുതുന്നതായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
സമരം തീര്‍ക്കാന്‍ മുന്‍കൈ എടുക്കേണ്ടതും ചര്‍ച്ചയ്ക്ക് തയാറാകേണ്ടതും സര്‍ക്കാരാണെന്നും അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. വി.എസിന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു ചെന്നിത്തല.
യു.ഡി.എഫ് സമരവുമായി മുന്നോട്ടുതന്നെ പോവും. ഇതിനുമുന്‍പും നിയമസഭയില്‍ ഇത്തരം സമരങ്ങള്‍ നടന്നിട്ടുണ്ട്. അതൊന്നും മൂന്നുദിവസത്തില്‍ കൂടുതല്‍ നീണ്ടിട്ടില്ല.
ഇപ്പോള്‍ എം.എല്‍.എമാര്‍ സമരം തുടങ്ങിയിട്ട് അഞ്ചു ദിവസമായി. സമരത്തോടു നിഷേധാത്മക സമീപനമാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. ഇനിയെങ്കിലും ദുരഭിമാനം വെടിഞ്ഞ് സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് തയാറാവണം. വൈരാഗ്യമുള്ളവരെ പോലെയാണ് സര്‍ക്കാര്‍ പ്രതിപക്ഷത്തോട് പെരുമാറുന്നതെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."