മൂന്നാംമുറയ്‌ക്കെതിരേ ഡി.ജി.പിയുടെ താക്കീത് തൊപ്പി തെറിക്കും
തിരുവനന്തപുരം: പൊലിസ് സ്‌റ്റേഷനുകളിലെ മൂന്നാംമുറയ്‌ക്കെതിരേ ശക്തമായ നിലപാട് സ്വീകരിക്കണമെന്ന് ഡി.ജി.പി ലോക്‌നാഥ് ബഹ്‌റയ്ക്ക് മുഖ്യമന്ത്രിയുടെ താക്കീത്. ഇതിനു പിന്നാലെ ഡി.ജി.പി പരസ്യ പ്രസ്താവനയുമായി രംഗത്തെത്തി.
മൂവാറ്റുപ്പുഴ പൊലിസ് സ്റ്റേഷനില്‍ കസ്റ്റഡിയിലെടുത്ത തയ്യല്‍ തൊഴിലാളിയായ യുവാവിനെ സ്‌റ്റേഷനില്‍ മൂന്നാംമുറയ്ക്ക് വിധേയമാക്കിയതിനെ തുടര്‍ന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഡി.ജി.പിയെ നേരിട്ട് വിളിച്ച് താക്കീത് നല്‍കിയത്. പൊലിസിനെ നിലയ്ക്ക് നിര്‍ത്തണമെന്നും അല്ലെങ്കില്‍ ജനങ്ങള്‍ അതിനു മറുപടി നല്‍കുമെന്നും മുഖ്യമന്ത്രി ഡി.ജി.പിയോട് പറഞ്ഞു.
ഇതിനുപിന്നാലെ കര്‍ശന നടപടിയുമായി ഡി.ജി.പി രംഗത്തെത്തി. പൊലിസ് സ്റ്റേഷനുകളില്‍ കസ്റ്റഡിയില്‍ എടുക്കുന്ന വ്യക്തികളെ മൂന്നാംമുറയ്ക്ക് വിധേയരാക്കുന്നുവെന്ന പരാതിയില്‍ കര്‍ശന നടപടി എടുക്കണമെന്നാണ് ഡി.ജി.പി ലോക്‌നാഥ് ബഹ്‌റ റേഞ്ച് ഐ.ജി.മാരോടും ജില്ലാ പൊലിസ് മേധാവിമാരോടും നിര്‍ദേശിച്ചിരിക്കുന്നത്.
പൊതുജനങ്ങളോട് മാന്യമായി പെരുമാറണമെന്നും കുറ്റാന്വേഷണത്തിന് ശാസ്ത്രീയ മാര്‍ഗങ്ങള്‍ ഉപയോഗിക്കണമെന്നും കസ്റ്റഡിയില്‍ എടുക്കുന്നവരെ മൂന്നാം മുറയ്ക്ക് വിധേയരാക്കരുതെന്നും നേരത്തെ തന്നെ ഡി.ജി.പി നിര്‍ദേശം നല്‍കിയിരിന്നു.
എന്നാല്‍ ഇപ്പോഴും സംസ്ഥാനത്തെ വിവിധ ജില്ലകളിലെ പൊലിസ് സ്റ്റേഷനുകളില്‍ കസ്റ്റഡിയിലെടുക്കുന്നവരെ മൂന്നാം മുറയ്ക്ക് വിധേയരാക്കുന്നു വെന്ന പരാതിയുണ്ട്. കസ്റ്റഡിമര്‍ദനം ഉണ്ടാകുന്നില്ലെന്ന് ഉറപ്പാക്കണമെന്നും ഇതിനു വിരുദ്ധമായ സംഭവങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ മേലുദ്യോഗസ്ഥരേയും ഇക്കാര്യത്തില്‍ ഉത്തരവാദിയായി കണക്കാക്കുമെന്നും ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ സര്‍വിസിലുണ്ടാകില്ലെന്നും ഡി.ജി.പി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
കസ്റ്റഡി മര്‍ദനത്തെക്കുറിച്ച് ഇതിനകം ലഭിച്ച പരാതികള്‍ അന്വേഷിക്കുന്നതിന് റേഞ്ച് ഐ.ജി.മാര്‍ക്ക് നിര്‍ദേശം നല്‍കി. റിപ്പോര്‍ട്ട് കിട്ടിയാല്‍ തുടര്‍നടപടികള്‍ ആഭ്യന്തര അഡിഷണല്‍ ചീഫ് സെക്രട്ടറി നളിനി നെറ്റോയുമായി ചര്‍ച്ച ചെയ്ത് തീരുമാനിക്കും.
മൂന്നാംമുറ: മൂന്നുപേര്‍ക്ക് സസ്‌പെന്‍ഷന്‍; ക്രിമിനല്‍ കേസും
മൂവാറ്റുപ്പുഴ പൊലിസ് സ്റ്റേഷനില്‍ കസ്റ്റഡിയിലെടുത്ത തയ്യല്‍ തൊഴിലാളിയായ പ്രദീഷിനെ കസ്റ്റഡിയില്‍ ക്രൂരമായി മര്‍ദിച്ചു എന്ന പരാതിയെകുറിച്ച് പ്രാഥമിക അന്വേഷണം നടത്തിയതിന്റെ അടിസ്ഥാനത്തില്‍ മൂവാറ്റുപ്പുഴ എസ്.ഐ.യും എസ്.എച്ച്.ഒയുമായ എ.അനൂപ്, സീനിയര്‍ സി.പി.ഒ. വി.എം. അബ്ദുള്‍ റസാഖ്, പുത്തന്‍കുരിശ് പൊലിസ് സ്റ്റേഷനിലെ സി.പി.ഒ. കെ.ആര്‍. മനോജ് കുമാര്‍ എന്നിവരെ ഡി.ജി.പിയുടെ നിര്‍ദ്ദേശ പ്രകാരം എറണാകുളം റൂറല്‍ എസ്.പി. സസ്‌പെന്‍ഡ് ചെയ്തു. ഇവര്‍ക്കെതിരേ ക്രമിനല്‍ കേസെടുക്കാനും ഡി.ജി.പി. നിര്‍ദേശം നല്‍കി.
അതേസമയം, മൂന്നാം മുറയ്‌ക്കെതിരേ ഇന്ന് നിയമസഭയില്‍ അടിയന്തര പ്രമേയവുമായി എത്താനാണ് പ്രതിപക്ഷത്തിന്റെ ഉദ്ദേശം.
ക്രിമിനല്‍ കേസുകളില്‍ പ്രതികളായി 1203 പൊലിസുകാര്‍
സംസ്ഥാനത്ത് 1203 പൊലിസുദ്യോഗസ്ഥര്‍ ക്രിമിനല്‍ കേസുകളില്‍ പ്രതികളാണ്. ഇതില്‍ 703 പേര്‍ ഗുരുതര ക്രിമിനല്‍ കേസുകളിലെ പ്രതികള്‍. 13 പേര്‍ക്കെതിരേ മാനഭംഗ കേസുകളുണ്ട്. 115 പേര്‍ സ്ത്രീ പീഡന കേസുകളില്‍ പ്രതികളാണ്. ഗുണ്ട- ക്രിമിനല്‍ - മാഫിയ അബ്കാരി അവിശുദ്ധ ബന്ധമുള്ള നിരവധി പൊലിസുകാര്‍ ഇപ്പോഴും കാക്കിയിട്ട് ജനങ്ങളെ പീഡിപ്പിക്കുന്നുണ്ട്. ചില പ്രധാന തസ്തികളില്‍ ഇരിക്കുന്നവര്‍ക്കും ഇന്റലിജന്‍സിലുള്ളവര്‍ക്കും മാഫിയ ബന്ധമുണ്ട്. ഇത് പല തവണ ഇന്റലിജന്‍സ് റിപ്പോര്‍ട്ട് നല്‍കിയിട്ടും അവര്‍ക്കെതിരേ ചെറുവിരലനക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല. പൊലിസിലെ 20 ശതമാനം പേരും മാഫിയ, ക്വട്ടേഷന്‍ ബന്ധമുണ്ടെന്നാണ് ഇന്റലിജന്‍സ് മുഖ്യമന്ത്രിയ്ക്ക് നല്‍കിയിരിക്കുന്ന റിപ്പോര്‍ട്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."