കാലാവസ്ഥാ ഉച്ചകോടി കരാറിന് ഇന്ത്യയുടെ അംഗീകാരം
കാലാവസ്ഥാവ്യതിയാന നിയന്ത്രണത്തിനുള്ള പാരിസ് ഉടമ്പടിയില്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി ഒപ്പുവച്ചതോടെ കരാറിന് ഇന്ത്യയുടെ അംഗീകാരം ലഭിച്ചിരിക്കുകയാണ്. ഇതു സംബന്ധിച്ച രേഖ യു.എന്നിലെ ഇന്ത്യന്‍ അംബാസഡര്‍ സയ്യിദ് അക്ബറുദ്ദീന്‍ യുഎന്നിലെ രാജ്യാന്തരകരാര്‍ വിഭാഗം തലവന്‍ സാന്റിയാഗോ വില്ലല്‍ പാനോയ്ക്കു കൈമാറിയതോടെ പ്രാബല്യത്തില്‍ വരികയും ചെയ്തു. ഈ മേഖലയില്‍ ഇന്ത്യയുടെ മികച്ച സംഭാവനയെന്ന് ഇതിനെ വിശേഷിപ്പിക്കാം.
ലോകത്തെ കാര്‍ബണ്‍ ബഹിര്‍ഗമനത്തില്‍ 55 ശതമാനത്തിനു കാരണക്കാരായ 55 രാജ്യങ്ങള്‍ ഒപ്പുവച്ചാല്‍ മാത്രമേ കരാര്‍ രാജ്യാന്തരനിയമമായി മാറുകയുള്ളൂ. ലോകത്തെ മുച്ചൂടും നശിപ്പിക്കുന്ന കാലാവസ്ഥാവ്യതിയാനത്തെക്കുറിച്ചു ലോകരാഷ്ട്രങ്ങള്‍ ഗൗരവത്തോടെ ചിന്തിക്കാന്‍ തുടങ്ങിയിരിക്കുന്നുവെന്നതും പ്രതിവിധി അന്വേഷിക്കുന്നതിനായി ബദ്ധശ്രദ്ധരാവുന്നുവെന്നതും ആഹ്ലാദകരമാണ്. ഭൂമിയുടെ നിലനില്‍പ്പിനും ആവാസവ്യവസ്ഥ തകിടം മറിയാതിരിക്കുവാനും ഇത്തരം ശ്രമങ്ങള്‍ കൂടിയേ തീരൂ.
ഹരിതഗൃഹവാതകങ്ങള്‍ പുറത്തേയ്ക്കു വിടുന്നതില്‍ അമേരിക്കയും ചൈനയുമാണു മുന്‍പന്തിയില്‍. തൊട്ടുപിറകെ ഇന്ത്യയുമുണ്ട്. ആ നിലയ്ക്കു ഹരിതഗൃഹവാതക ബഹിര്‍ഗമനത്തോതു കുറയ്ക്കാന്‍ ഇന്ത്യ തീരുമാനിച്ചതിലൂടെ നമ്മുടെ നാട്ടില്‍ തുടര്‍ച്ചയായി സംഭവിക്കുന്ന കാലാവസ്ഥാ വ്യതിയാനത്തിനു ചെറിയതോതിലെങ്കിലും പരിഹാരമുണ്ടാകുമെന്നു പ്രതീക്ഷിക്കാം. ഗാന്ധിജിയുടെ ജന്മദിനത്തില്‍ത്തന്നെ ലോകത്തെ കാര്‍ബണ്‍ ദുരിതമുക്തമാക്കാനുള്ള തീരുമാനത്തില്‍ ഇന്ത്യ പങ്കാളിയായെന്നത് ഏറെ ശ്രദ്ധേയമാണ്.
കാലാവസ്ഥാ വ്യതിയാനം ലോകരാഷ്ട്രങ്ങളെയാകമാനം ദുരന്തത്തിലേയ്ക്കു നയിച്ചുകൊണ്ടിരിക്കുന്ന വേളയിലാണ് 2015 ഡിസംബര്‍ 24 ന് ഐക്യരാഷ്ട്രസഭയുടെ അധ്യക്ഷതയില്‍ പാരീസില്‍ ലോകരാഷ്ട്രങ്ങള്‍ കാലാവസ്ഥാ ഉച്ചകോടി ചേര്‍ന്നത്. 195 രാജ്യങ്ങളാണ് ഉച്ചകോടിയില്‍ പങ്കെടുത്തത്. ഉച്ചകോടിയില്‍ ഉരുത്തിരിഞ്ഞ തീരുമാനം പങ്കെടുത്ത മുഴുവന്‍ രാഷ്ട്രങ്ങളും അംഗീകരിച്ചു. രാജ്യങ്ങളുടെ നിലനില്‍പ്പുതന്നെ അവതാളത്തിലായിക്കൊണ്ടിരിക്കുകയാണെന്ന തിരിച്ചറിവിനെത്തുടര്‍ന്നായിരുന്നു ഈ തീരുമാനം.
1997 ഡിസംബര്‍ 11 നു ജപ്പാനിലെ ക്യോട്ടോവില്‍ ഒപ്പുവച്ച കരാറിന്റെ കാലാവധി 2020 ല്‍ തീരുന്നതിന്റെ പശ്ചാത്തലത്തിലാണു പാരീസില്‍ ഉച്ചകോടി ചേര്‍ന്നത്. കാലാവസ്ഥാവ്യതിയാനവും ആഗോളതാപനവും പിടിച്ചുനിര്‍ത്താനുള്ള ചരിത്രപ്രധാനമായ ഉച്ചകോടിക്ക് അതിന്റേതായ ഗൗരവം ഇന്ത്യ കരാറില്‍ ഒപ്പുവച്ചതിലൂടെ ലഭിച്ചിരിക്കുകയാണ്. ഫോസില്‍ ഇന്ധനങ്ങളായ കല്‍ക്കരി, പെട്രോള്‍, ഡീസല്‍, ഗ്യാസ് എന്നിവയുടെ അനിയന്ത്രിതമായ ഉപയോഗത്താലാണ് ആഗോളാടിസ്ഥാനത്തില്‍ ചൂടുവര്‍ധിക്കുന്നതും കാലാവസ്ഥാവ്യതിയാനം സംഭവിക്കുന്നതും. അമിതമായ ചൂടുകാരണം മഞ്ഞുമലകള്‍ ഉരുകി സമുദ്രനിരപ്പുയരുകയും കൊച്ചുദ്വീപസമൂഹങ്ങള്‍ വെള്ളത്തിനടിയിലാകുകയും ചെയ്യും. അമിത ചൂടുമൂലമുണ്ടാകുന്ന കാലാവസ്ഥാവ്യതിയാനത്താല്‍ കൃഷിയും കന്നുകാലികളും നശിക്കും.
ദാരിദ്ര്യത്തിനൊപ്പം പട്ടിണിമരണവും പകര്‍ച്ചവ്യാധികളും പടരുന്നു. ഇന്ത്യയില്‍ കഴിഞ്ഞവര്‍ഷമുണ്ടായ കടുത്തചൂടില്‍ 3000 പേര്‍ക്കാണു ജീവഹാനി സംഭവിച്ചത്. ഈവര്‍ഷം മണ്‍സൂണ്‍ മഴ കേരളത്തില്‍ 30 ശതമാനം കുറഞ്ഞതിനാല്‍ വരള്‍ച്ച രൂക്ഷമാകാനാണു സാധ്യത. ലോകത്താകമാനം വ്യാപിച്ചുകൊണ്ടിരിക്കുന്ന ഇത്തരം പ്രവണതകള്‍ നിയന്ത്രിക്കാനാണ് വരുന്ന 85 വര്‍ഷത്തിനുള്ളില്‍ ആഗോളതാപനില രണ്ടു ഡിഗ്രി സെല്‍ഷ്യസില്‍ വര്‍ധിക്കരുതെന്നു പാരീസ് ഉച്ചകോടിയില്‍ തീരുമാനമുണ്ടായത്.
വികസനത്തിലേയ്ക്ക് കുതിച്ചുകൊണ്ടിരിക്കുന്ന ഇന്ത്യയെപ്പോലുള്ള രാഷ്ട്രങ്ങള്‍ക്ക് ഈ തീരുമാനം വികസനലക്ഷ്യം പൂര്‍ത്തിയാക്കുന്നതിനു തടസമാകുമെന്നതില്‍ സംശയമില്ല. എന്നാല്‍, അതിനേക്കാള്‍ പ്രധാനം ജീവജാലങ്ങളുടെ നിലനില്‍പ്പാണ്. മനുഷ്യര്‍ വികസനത്തിനുവേണ്ടിയല്ല, വികസനം മനുഷ്യര്‍ക്കുവേണ്ടിയാണെന്ന കാഴ്ചപ്പാടാണ് ഇത്തരം കരാറുകളില്‍ ലോകരാഷ്ട്രങ്ങള്‍ ഏര്‍പ്പെടാന്‍ കാരണം.
ഭൂമിയെ വരുംതലമുറയ്ക്കുകൂടി ജീവിക്കാന്‍ ഉപയുക്തമായ വാസസ്ഥലമാക്കി കൈമാറുന്നതിന് ഇത്തരം തീരുമാനങ്ങള്‍ കൂടിയേതീരൂ. ഫ്രഞ്ച് വിദേശകാര്യമന്ത്രി ലൊറാന്ത് ഫേബിയസ് അവതരിപ്പിച്ച കരാറിന്റെ പൂര്‍ണരൂപം 195 രാജ്യങ്ങളില്‍നിന്നുള്ള പ്രതിനിധികളും ഹര്‍ഷാരവത്തോടെയാണു കഴിഞ്ഞവര്‍ഷം സ്വീകരിച്ചത്. രാഷ്ട്രങ്ങള്‍ കാലാവസ്ഥാവ്യതിയാനത്തില്‍ എത്രമാത്രം ഉത്കണ്ഠാകുലരാണെന്നതിന്റെ അടയാളപ്പെടുത്തല്‍കൂടിയായിരുന്നു ആ പ്രതികരണങ്ങള്‍. ഫോസില്‍ ഇന്ധനങ്ങളുടെ ഉപയോഗം ക്രമേണ കുറച്ചുകൊണ്ടുവന്നു ലോകം പൂര്‍ണമായും പുനരുല്‍പാദന ഇന്ധനങ്ങളായ സൗരോര്‍ജം, കാറ്റില്‍നിന്നുള്ള വൈദ്യുതി തുടങ്ങിയ മേഖലകളിലേയ്ക്കു വരുന്നതോടെ ആഗോളതാപന ഭീഷണിക്ക് ഒരളവോളം പരിഹാരം കണ്ടെത്താന്‍ കഴിയും.
സംസ്ഥാന വൈദ്യുതിവകുപ്പ് ഈ വിഷയത്തില്‍ കാര്യമായ ശ്രദ്ധ ചെലുത്തുന്നുവെന്നതു ശുഭകരമാണ്. വൈദ്യുതി വകുപ്പ് കാറ്റാടി യന്ത്രങ്ങള്‍ ഉപയോഗിച്ച് വൈദ്യുതി ഉത്പാദിപ്പിക്കുന്ന പ്രക്രിയകളിലേയ്ക്കു നീങ്ങിക്കൊണ്ടിരിക്കുന്നതിന്റെ മുന്നോടിയായി യന്ത്രങ്ങള്‍ സ്ഥാപിച്ചു തുടങ്ങിയിട്ടുണ്ട്.
കഴിഞ്ഞ മെയ് മാസത്തില്‍ ദേശീയ ഹരിത ട്രൈബ്യൂണല്‍ നല്‍കിയ ഒരു വിധിയും പ്രത്യേക ശ്രദ്ധ പിടിച്ചുപറ്റുന്നതായിരുന്നു. അന്തരീക്ഷ മലിനീകരണത്തിന്റെ തോതു കുറയ്ക്കുന്നതിനായി 10 വര്‍ഷത്തിലധികം പഴക്കമുള്ള ഡീസല്‍ വാഹനങ്ങള്‍ നിരത്തില്‍നിന്നു പിന്‍വലിക്കണമെന്ന വിധിക്കെതിരേ അങ്ങിങ്ങു പ്രതിഷേധസ്വരമുയര്‍ന്നെങ്കിലും ജീവന്റെയും പ്രകൃതിയുടെയും നിലനില്‍പ്പിന് ഇത്തരം തീരുമാനങ്ങളോടു സര്‍വാത്മനാ സഹകരിക്കുകയാണു വേണ്ടത്. 2000 സിസിയും അതിനു മുകളില്‍ ശേഷിയുള്ളതുമായ ഡീസല്‍ വാഹനങ്ങള്‍ക്കാണു നിരോധനമേര്‍പ്പെടുത്തിയിരുന്നത്. കേരളത്തിലെ വാഹനങ്ങളില്‍ പ്രകൃതിവാതകം(സിഎന്‍ജി) ഉപയോഗിക്കാനുള്ള സൗകര്യമുണ്ടോയെന്നു സംസ്ഥാന സര്‍ക്കാര്‍ ട്രൈബ്യൂണലിനെ അറിയിക്കണമെന്നു മെയ് മാസത്തെ ഉത്തരവില്‍ നിര്‍ദേശിച്ചിരുന്നു. ഡീസല്‍ വാഹനങ്ങളില്‍നിന്നുള്ള പുകമൂലം അന്തരീക്ഷ മലിനീകരണം വര്‍ധിക്കുകയാണെന്ന് ചൂണ്ടിക്കാണിച്ചു ലീഫ് എന്ന സംഘടന നല്‍കിയ ഹരജിയെ തുടര്‍ന്നായിരുന്നു ട്രൈബ്യൂണലിന്റെ ഇടപെടല്‍.
ചരിത്രത്തില്‍ ഇതുവരെ അനുഭവപ്പെടാതിരുന്ന കടുത്തചൂടാണ് കഴിഞ്ഞ ഏപ്രില്‍ മാസത്തില്‍ കേരളം അനുഭവിച്ചത്. പകല്‍സമയത്ത് ഒരു ജീവിക്കും പുറത്തിറങ്ങി നടക്കാനാവാത്തവിധം വെന്തുരുകുകയായിരുന്നു കേരളം. സൂര്യാഘാതവും അതുമൂലമുള്ള മരണങ്ങളും പണ്ടുകാലത്തു പശ്ചിമേഷ്യന്‍ രാജ്യങ്ങളിലും ആഫ്രിക്കന്‍ രാജ്യങ്ങളിലുമായിരുന്നു ഉണ്ടായിരുന്നത്. അതു നമ്മുടെ നാട്ടില്‍ നിത്യസംഭവമായി മാറി. കാലാവസ്ഥയില്‍വന്ന വ്യതിയാനമാണിതിന് കാരണം. ഉരുകുന്ന കേരളത്തെ രക്ഷിക്കാന്‍ ദീര്‍ഘവീക്ഷണത്തോടെയുള്ള പദ്ധതികള്‍ കൂടിയേതീരൂ. മനുഷ്യകരങ്ങള്‍ പ്രകൃതിയോടു ചെയ്തുകൊണ്ടിരിക്കുന്ന ക്രൂരതയുടെ പരിണിതഫലങ്ങളാണിതൊക്കെയും.
കാര്‍ബണ്‍ ഡൈ ഓക്‌സൈഡും മീഥൈനും നൈട്രിക് ഓക്‌സൈഡും പോലുള്ള ഹരിതഗൃഹവാതകങ്ങള്‍ വന്‍തോതില്‍ അന്തരീക്ഷത്തിലേയ്ക്കു തള്ളുന്നതാണ് ആഗോളതാപനത്തിന്റെ മുഖ്യകാരണം. ഇത്തരം വാതകങ്ങള്‍ പുറംതള്ളുന്നതില്‍ ഇന്ത്യ ഇനിമുതല്‍ പരിധി നിശ്ചയിക്കുന്നുവെന്നതിലൂടെ വലിയൊരു നേട്ടമാണു കൈവരിച്ചിരിക്കുന്നത്. വികസനം പിന്നോട്ടടിക്കുമെങ്കില്‍ പോലും ആഗോളതാപനം നിയന്ത്രിക്കുവാന്‍ ഇന്ത്യ ലോകത്തിനൊപ്പമുണ്ടെന്ന സന്ദേശമാണു കരാര്‍ യാഥാര്‍ഥ്യമായതിലൂടെ ലോകത്തിനു നല്‍കിയിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."