കൊച്ചി കോര്‍പറേഷന്‍ മേയറെ വിമര്‍ശിച്ചതിനെ ചൊല്ലി കൗണ്‍സിലില്‍ വാക്കേറ്റവും കൈയ്യാങ്കളിയും
കൊച്ചി: മേയറെ വിമര്‍ശിച്ചതിനെ ചൊല്ലി കൗണ്‍സിലില്‍ ഭരണപക്ഷവും പ്രതിപക്ഷവും തമ്മില്‍ വാക്കേറ്റവും കൈയ്യാങ്കളിയും. മേയറുടെ ക്യാബിനില്‍ കയറി നടത്തിയ കയ്യാങ്കളിയില്‍ വനിതാ കൗണ്‍സിലര്‍മാരുള്‍പെടെ നിരവധി പേര്‍ക്ക് പരുക്കേറ്റു.
ഇതോടെ ഭരണ പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ തമ്മില്‍ ഏറ്റുമുട്ടി. ഒരുമണിക്കൂറോളം നീണ്ട വാഗ്വാദങ്ങള്‍ക്കും വെല്ലുവിളികള്‍ക്കുമൊടുവില്‍ മുതിര്‍ന്ന കൗണ്‍സിലര്‍മാര്‍ ചേര്‍ന്ന് രംഗം ശാന്തമാക്കുകയായിരുന്നു. ഇന്നലെ വൈകിട്ട് 6.15 ഓടെയാണ് സംഭവം. ഉച്ചക്ക് രണ്ടരയോടെ ചേര്‍ന്ന കൗണ്‍സില്‍ യോഗം നല്ലരീതിയില്‍ പുരോഗമിക്കുകയൂം പരിസമാപ്തിയോടടുക്കുകയൂം ചെയ്യുമ്പോഴായിരുന്നു നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്.
പ്രതിപക്ഷ കൗണ്‍സിലര്‍ അഡ്വ. സുനിതാ ശെല്‍വത്തിന്റെ പരാമര്‍ശമാണ് പ്രശ്‌നങ്ങള്‍ക്ക് വഴി തുറന്നത്. ഏറ്റവും മോശമായ ഭരണസമിതിയാണ് ഇതെന്നായിരുന്നു സുനിതയുടെ അഭിപ്രായം. കൗണ്‍സിലര്‍ പ്രസംഗം അവസാനിപ്പിച്ചതിന് തൊട്ടുപിന്നാലെ എനിക്കൊരു സങ്കടം പറയാനുണ്ട് എന്നുപറഞ്ഞ് ആന്‍സ ജയിംസ് എഴുന്നേറ്റു. 'സ്ത്രീകള്‍ തന്നെയാണ് സ്ത്രീകള്‍ക്ക് പാര എന്നുപറയാറുണ്ട്. അത് ശരിയാണെന്ന് പറയാതെ വയ്യ. എല്ലാ കൗണ്‍സിലിലും ഇങ്ങനെ മേയറെ കുറ്റം പറയുന്നതു കേട്ട് മനോവിഷമത്താല്‍ രാത്രി എനിക്ക് ഉറങ്ങാന്‍ കഴിയുന്നില്ല 'എന്ന സങ്കടംപറച്ചില്‍ മേയറെയും ചിരിപ്പിച്ചു.
തുടര്‍ന്ന് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഗ്രേസി ജോസഫ് പ്രസംഗം ആരംഭിച്ചു. ഇതിനിടെ തന്നെ സംസാരിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സുനിത ക്ഷോഭത്തോടെ എഴുന്നേറ്റു ബഹളംവച്ചു. വ്യക്തിപരമായ ആക്ഷേപത്തിന് മറുപടി പറയണമെന്നായിരുന്നു അവരുടെ ആവശ്യം. പ്രതിപക്ഷത്തെ ടി.കെ ഷംസുദ്ദീന്‍, ബെന്നി ഫെര്‍ണാണ്ടസ്, ഡോ. പൂര്‍ണ്ണിമ നാരായണന്‍, അജി ഫ്രാന്‍സിസ്, കെ.ജെ ബേസില്‍, എസ് വത്സല, വി.പി ചന്ദ്രന്‍ തുടങ്ങിയവര്‍ പിന്‍തുണയുമായി അണിനിരന്നു. ഇതോടെ അജണ്ട പാസായക്കുകയും കൗണ്‍സില്‍ പിരിഞ്ഞതായി അറിയിച്ച് മേയര്‍ തന്റെ മുറിയിലേക്ക് മടങ്ങി.
ഈ സമയം പ്രതിപക്ഷ കൗണ്‍സിലര്‍മാരായ ബെന്നി ഫെര്‍ണാണ്ടസ്. ബേസില്‍, ഷംസു എന്നിവരുടെ നേതൃത്വത്തില്‍ മേയറെ തടഞ്ഞുനിര്‍ത്തി. പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ മുദ്രാവാക്യവുമായി മേയറെ വളഞ്ഞതോടെ ഭരണ പക്ഷത്തെ വനിതാ കൗണ്‍സിലര്‍മാര്‍ മേയറുടെ രക്ഷക്കെത്തി. ഇതോടെ ബെന്നി ഫെര്‍ണാണ്ടസ് മേയറെ വട്ടം കയറിപ്പിടിച്ചു. മേയറെ ആക്രമിക്കുന്നത് കണ്ട് യു.ഡി.എഫ് കൗണ്‍സിലര്‍മാരായ ഗ്രേസി, എ.എക്‌സ് ഫ്രാന്‍സിസ്, സൂധീര്‍ എന്നിവര്‍ ചേര്‍ന്ന് ബെന്നിയെ പിടിച്ച് മാറ്റാനുള്ള ശ്രമത്തിനിടെ ഫ്രാന്‍സിസിനേയും ഗ്രേസിയേയും ബെന്നി മര്‍ദിക്കുകയായിരുന്നു.
ശക്തമായ പിടിവലിക്കിടെ മുറിയില്‍ പ്രവേശിച്ച മേയര്‍ക്ക് നേരെ പ്രിപക്ഷ കൗണ്‍സിലര്‍മാര്‍ കയ്യേറ്റം ച്ചെയ്യാന്‍ ശ്രമിച്ചതോടെ ഭരണപക്ഷത്തെ ടി.കെ അഷ്‌റഫ്, പ്രേമന്‍, ടി.ജെ വിനോദ്, പി.എം ഹാരിസ് എന്നിവര്‍ ചേര്‍ന്ന് സംരക്ഷണ വലയം തീര്‍ത്തു. ഒരുമണിക്കൂറോളം നീണ്ട വാഗ്വാദങ്ങള്‍ക്കൊടുവില്‍ മുതിര്‍ന്ന കൗണ്‍സിലര്‍മാര്‍ ചേര്‍ന്ന് ഇരുവിഭാഗത്തേയും പിന്‍തിരിപ്പിക്കുകയായിരുന്നു. മേയറേയും വനിതാ കൗണ്‍സിലര്‍മാരെയും കയ്യേറ്റം ചെയ്ത ബെന്നി, ബേസില്‍, ഷംസു എന്നിവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ഭരണ പക്ഷ കൗണ്‍സിലര്‍മാര്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."