HOME
DETAILS

ജില്ലയില്‍ സമ്പൂര്‍ണ്ണ ശുചിമുറി നിര്‍മാണം അന്തിമ ഘട്ടത്തില്‍; പ്രഖ്യാപനം ഉടന്‍

  
backup
October 04 2016 | 18:10 PM

%e0%b4%9c%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b8%e0%b4%ae%e0%b5%8d%e0%b4%aa%e0%b5%82%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a3%e0%b5%8d%e0%b4%a3-%e0%b4%b6


കൊച്ചി: ജില്ലയിലെ പൊതുസ്ഥലങ്ങള്‍ മലവിസര്‍ജ്ജന രഹിതമായി പ്രഖ്യാപിക്കുന്നതിനുള്ള ഒ.ഡി.എഫ് പദ്ധതിയില്‍ ശുചിമുറി നിര്‍മാണ നടപടികള്‍ അന്തിമ ഘട്ടത്തില്‍. ജില്ലയില്‍ 7808 ഗാര്‍ഹിക ശുചിമുറികളാണ് നിര്‍മിക്കേണ്ടത്. കഴിഞ്ഞ ദിവസം വരെ 6088 ശുചിമുറികളുടെ നിര്‍മാണം പൂര്‍ത്തീകരിച്ചു. 1720 ശുചിമുറികളാണ് ഇനി പൂര്‍ത്തീകരിക്കാനുള്ളത്. 15നകം എല്ലാ ഗ്രാമപഞ്ചായത്തുകളിലെയും ശുചിമുറി നിര്‍മാണം പൂര്‍ത്തീകരിക്കുന്നതിനുള്ള നടപടികള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പുരോഗമിക്കുന്നു.
കക്കൂസില്ലാത്ത എല്ലാവര്‍ക്കും ശുചിമുറികള്‍ നിര്‍മിച്ചു നല്‍കി തുറസിടങ്ങള്‍ വിസര്‍ജ്ജനമില്ലാത്ത പഞ്ചായത്താവുക എന്ന അപൂര്‍വ്വ നേട്ടം ഇതിനകം ജില്ലയില്‍ 69 ഗ്രാമപഞ്ചായത്തുകള്‍ കൈവരിച്ചു കഴിഞ്ഞു. 82 ഗ്രാമപഞ്ചായത്തുകളാണ് ജില്ലയിലുള്ളത്. 14 ബ്ലോക്കു പഞ്ചായത്തുകളില്‍ അങ്കമാലി, പാമ്പാക്കുട, ഇടപ്പിള്ളി എന്നീ ബ്ലോക്കുകള്‍ സമ്പൂര്‍ണ്ണ ഒ.ഡി.എഫ് ബ്ലോക്കുകളായി സ്വയം പ്രഖ്യാപിച്ചു.
ആലങ്ങാട്, മുവാറ്റുപുഴ, വടവുകോട്, വാഴക്കുളം എന്നീ ബ്ലോക്കുകളിലെ എല്ലാ ഗ്രാമപഞ്ചായത്തുകളും ഒ.ഡി.എഫ് ആയി പ്രഖ്യാപിച്ചു. കൂവപ്പടി ബ്ലോക്കിലെ വേങ്ങൂര്‍ ഗ്രാമപഞ്ചായത്ത്, കോതമംഗലം ബ്ലോക്കിലെ പിണ്ടിമന, കുട്ടമ്പുഴ ഗ്രാമപഞ്ചായത്തുകളും മുളന്തുരുത്തി ബ്ലോക്കിലെ ഉദയംപേരൂര്‍, ചോറ്റാനിക്കര എന്നീ പഞ്ചായത്തുകളും പാറക്കടവ് ബ്ലോക്കിലെ പാറക്കടവ് ഗ്രാമപഞ്ചായത്തും, പള്ളുരുത്തി ബ്ലോക്കിലെ ചെല്ലാനം, കുമ്പളം എന്നീ ഗ്രാമപഞ്ചായത്തുകളും, പറവൂര്‍ ബ്ലോക്കിലെ ഏഴിക്കര, കോട്ടുവള്ളി പഞ്ചായത്തുകളും വൈപ്പിന്‍ ബ്ലോക്കിലെ എടവനക്കാട്, കുഴുപ്പിള്ളി, നായരമ്പലം എന്നീ പഞ്ചായത്തുകളുമാണ് പൊതു സ്ഥല മലവിസര്‍ജ്ജന രഹിത (ഒഡിഎഫ്) പഞ്ചായത്ത് എന്ന നേട്ടം കൈവരിക്കാനുള്ളത്.
ഇതില്‍ ചെല്ലാനം, കുട്ടമ്പുഴ എന്നീ പഞ്ചായത്തുകളൊഴിച്ച് എല്ലായിടത്തും സെപ്തംബര്‍ 30ന് കക്കൂസുകളുടെ നിര്‍മാണം പൂര്‍ത്തീകരിക്കാനാണു ലക്ഷ്യമിട്ടിരുന്നത്. ജില്ലയിലെ എം.എല്‍.എമാര്‍ പദ്ധതി സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതിന് അതാതു നിയോജക മണ്ഡലാടിസ്ഥാനത്തില്‍ അവലോകന യോഗങ്ങള്‍ നടത്തി. ഒരു ശുചിമുറിക്ക് 15400 രൂപയാണ് സര്‍ക്കാരും തദ്ദേശ സ്ഥാപനങ്ങളും ചേര്‍ന്ന് നല്‍കുന്നത്. പുതിയ ശൗചാലയങ്ങള്‍ക്കു മാത്രമാണ് ധനസഹായം.
നിലവില്‍ ശുചിമുറിയുള്ളവര്‍ക്ക് മറ്റൊന്ന് നിര്‍മിക്കാന്‍ തുക നല്‍കില്ല. ഛഉഎ ആയി പ്രഖ്യാപിച്ച എല്ലാ ഗ്രാമപഞ്ചായത്തുകളിലും കലക്ടര്‍ നിയോഗിച്ച ബ്ലോക്ക്, ജില്ലാതല പരിശോധനാ സംഘം പരിശോധന ആരംഭിച്ചിട്ടുണ്ട്.
ജില്ലയില്‍ ഒ.ഡി.എഫ് ആയി പ്രഖ്യാപിച്ച പഞ്ചായത്തുകള്‍ : കാഞ്ഞൂര്‍, കാലടി, കറുകുറ്റി, മൂക്കന്നൂര്‍, തുറവൂര്‍, മഞ്ഞപ്ര, അയ്യമ്പുഴ, മലയാറ്റൂര്‍ നീലിശ്വരം, ചേരാനല്ലൂര്‍, മുളവുകാട്, കടമക്കുടി, എളങ്കുന്നപ്പുഴ, അശമന്നൂര്‍, ഒക്കല്‍, കൂവപ്പടി, മുടക്കുഴ, രായമംഗലം, പല്ലാരിമംഗലം, പോത്താനിക്കാട്, വാരപ്പെട്ടി, കോട്ടപ്പടി, നെല്ലിക്കുഴി, കവളങ്ങാട്, പൈങ്ങോട്ടൂര്‍, കീരംപാറ, എടയ്ക്കാട്ടുവയല്‍, മണീട്, മുളന്തുരുത്തി, ആമ്പല്ലൂര്‍, പായിപ്ര, മഞ്ഞള്ളൂര്‍, ആവോലി, ആയവന, ആരക്കുഴ, മാറാടി, വാളകം, കല്ലൂര്‍കാട്, പാമ്പാക്കുട, രാമമംഗലം, തിരുമാറാടി, പാലക്കുഴ, ഇലഞ്ഞി, കുന്നുകര, നെടുമ്പാശ്ശേരി, ചെങ്ങമനാട്, പുത്തന്‍വേലിക്കര, ശ്രീമൂലനഗരം, ചൂര്‍ണ്ണിക്കര, കീഴ്മാട്, കിഴക്കമ്പലം, വാഴക്കുളം, എടത്തല, വെങ്ങോല, കുന്നത്തുനാട്, ഐക്കരനാട്, വടവുകോട് പുത്തന്‍കുരിശ്, തിരുവാണിയൂര്‍, മഴുവന്നൂര്‍, വരാപ്പുഴ, കടുങ്ങല്ലൂര്‍, ആലങ്ങാട്, കരുമാലൂര്‍, ഞാറക്കല്‍, പള്ളിപ്പുറം, ചേന്ദമംഗലം, വടക്കേക്കര, ചിറ്റാറ്റുകര, കുമ്പളങ്ങി, പൂത്തൃക്ക.കുട്ടമ്പുഴ ഗ്രാമപഞ്ചായത്തിലെ ദുര്‍ഘട മേഖലകളില്‍ വന സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ നിര്‍മ്മാണം ദ്രുതഗതിയില്‍ നടന്നു വരുന്നു.
ചെല്ലാനം ഗ്രാമപഞ്ചായത്തില്‍ റോട്ടറി ക്ലബ്ബ് 100 ശുചിമുറികള്‍ സര്‍ക്കാര്‍ വിഹിതമായ 15400രൂപയ്ക്കു പുറമെ അധികമായി വരുന്ന തുക വഹിച്ച് നിര്‍മിച്ചു നല്‍കാമെന്ന് ഏറ്റിട്ടുണ്ട്. ജയ്ഭാരത് എന്‍ജിനിയറിങ് കോളജിലെ നാഷണല്‍ സര്‍വ്വീസ് സ്‌കീം വോളണ്ടിയര്‍മാരും എറണാകുളം സെന്റ് ആല്‍ബര്‍ട്ട്‌സ് കോളജിലെ വിദ്യാര്‍ഥികളും ഗാന്ധി ജയന്തി ദിനത്തില്‍ ചെല്ലാനം പഞ്ചായത്തിലെ വീടുകള്‍ സന്ദര്‍ശിച്ച് ബോധവല്‍ക്കരണ പരിപാടികള്‍ നടത്തി.

 

 Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."