ഗാന്ധിസ്മരണകളിരമ്പുന്ന 'പ്രണാമം' ശ്രദ്ധേയമാകുന്നു
മണ്ണഞ്ചേരി: ഗാന്ധിസ്മരണകളുടെ കാവ്യശകലങ്ങളുമായി പുറത്തിറങ്ങിയ പ്രണാമം ശ്രദ്ധേയമാകുന്നു. കേരള ഇന്‍ഫര്‍മേഷന്‍ - പബ്ലിക് റിലേഷന്‍ വകുപ്പ് ഗാന്ധിജയന്തിയോടനുബന്ധിച്ച് പുറത്തിറക്കിയ കവിത സമാഹാരമാണ് പ്രണാമം. മലയാളത്തിന്റെ പ്രമുഖ കവിഗണത്തില്‍പ്പെട്ട നാല്‍പ്പതുപേരുടെ ഗാന്ധിസ്മരണകള്‍ വിളിച്ചോതുന്ന കവിതകളാണ് ഈ പുസ്തകത്തില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്.
വള്ളത്തോള്‍ നാരായണമേനോന്റെ എന്റെ ഗുരുനാഥന്‍,ഉള്ളൂര്‍.എസ്.പരമേശ്വരയ്യരുടെ ആ ചുടലക്കളം,ജി.ശങ്കരക്കുറുപ്പെഴുതിയ രാജഘട്ടത്തില്‍,വെണ്ണിക്കുളം ഗോപാലക്കുറുപ്പിന്റെ ആരമ്മേ ഗാന്ധി,വൈലോപ്പിള്ളി ശ്രീധരമേനോന്റെ ഹരിജനങ്ങളുടെ പാട്ട്, ഇടശ്ശേരി ഗോവിന്ദമേനോന്റെ പരാജയധ്യാനം,എന്‍.വി.കൃഷ്ണവാര്യരുടെ സ്വാതന്ത്രത്തിന്റെ സവിതാവേ,ലളിതാംബിക അന്തര്‍ജനം രചിച്ച കൂപ്പുകൈ,ബാലാമണിയമ്മയുടെ തീപ്പൊരി,പാലാനാരായണന്‍ നായരുടെ യുഗപ്രവാചകന്‍ മുതല്‍ പുതിയതലമുറയിലെ പ്രഗത്ഭരായ എഴുത്തുകാരായ യൂസഫലി കേച്ചരിയുടെ ഒക്ടോബര്‍,ശ്രീകുമാരന്‍ തമ്പിയുടെ സബര്‍മതിയിലെ പൂക്കള്‍ വരെ മനോഹരങ്ങളായ നാല്‍പ്പത് കവിതകളാണ് പുസ്തകത്തില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്.
2004 പ്രസിദ്ധീകരിച്ച 90 പേജുകളുള്ള ഈ കൈപുസ്തകം ഇത്തവണത്തെ ഗാന്ധിജയന്തിദിനത്തില്‍ കൂടുതല്‍ ജനകീയമാക്കുകയായിരുന്നു. ജില്ലയിലെ പുസ്തകസ്‌നേഹികളെല്ലാവര്‍ക്കും സൂക്ഷിക്കാന്‍ പാകത്തിന് ഈ ഗ്രന്ഥം ഇക്കുറി ലഭിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."