അരീക്കാട് ഡിവിഷന്‍ ഉപതെരഞ്ഞെടുപ്പ് 21ന്
യു.ഡി.എഫിനായി സയ്യിദ് മുഹമ്മദ് ഷമീലും എല്‍.ഡി.എഫിനായി ടി. മൊയ്തീന്‍ കോയയും മത്സരരംഗത്ത്
ഫറോക്ക്: വി.കെ.സി. മമ്മദ്‌കോയ കൗണ്‍സില്‍ സ്ഥാനം രാജിവച്ച കോര്‍പ്പറേഷന്‍ 41ാം ഡിവിഷന്‍ കൗണ്‍സിലിലെ ഉപതെരഞ്ഞെടുപ്പ് ഈമാസം 21ന് നടക്കും. തെരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശ പത്രികയുടെ സൂക്ഷ്മ പരിശോധന ഇന്നലെ അവസാനിച്ചു. യു.ഡി.എഫ് സ്വതന്ത്ര സ്ഥാനാര്‍ഥിയായി സയ്യിദ് മുഹമ്മദ് ഷമീലും എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായി ടി. മൊയ്തീന്‍കോയയും ബി.ജെ.പിക്കായി അനില്‍ കുമാറുമാണ് മത്സര രംഗത്തുള്ളത്. ഇവരെകൂടാതെ മറ്റു ആറ്‌പേര്‍കൂടി നാമനിര്‍ദേശ പത്രിക നല്‍കിയിട്ടുണ്ട്. വ്യാഴാഴ്ചയാണ് നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന തിയതി.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബേപ്പൂര്‍ നിയോജക മണ്ഡലത്തില്‍നിന്നും എം.എല്‍.എയായി തെരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്നാണ് വി.കെ.സി. മമ്മദ്‌കോയ കോര്‍പ്പറേഷന്‍ മേയര്‍ സ്ഥാനവും കൗണ്‍സിലര്‍ സ്ഥാനവും രാജിവച്ചത്. വാശിയേറിയ പോരാട്ടത്തില്‍ 202 വോട്ടിനാണ് വി.കെ.സി. നിലവില്‍ മത്സരരംഗത്തുള്ള യു.ഡി.എഫ് സ്ഥാനാര്‍ഥി മുഹമ്മദ് ഷമീലിനെ പരാജയപ്പെടുത്തിയത്. ആകെ പോള്‍ ചെയ്ത 5325 വോട്ടില്‍ 1848 വോട്ടുകള്‍ എല്‍.ഡി.എഫിനും 1646 വോട്ട് യു.ഡി.എഫിനും ലഭിച്ചു.
ബി.ജെ.പി സ്ഥാനാര്‍ഥിയായിരുന്ന അലിഅക്ബറിനു 398 വോട്ടും ലഭിച്ചു. വെല്‍ഫെയര്‍ പാര്‍ട്ടിക്കു 81 വോട്ടും എ.എ.പിക്കു 21 വോട്ടുമാണ് കിട്ടിയത്. പുതിയ വോട്ടേഴ്‌സ് ലിസ്റ്റ് പ്രകാരം 6500 വോട്ടര്‍മാരാണ് ഡിവിഷനിലുള്ളത്. 3100 സ്ത്രീകളും 3400 പുരുഷ വോട്ടര്‍മാരും. ഡിവിഷനില്‍ അഞ്ച് ബൂത്തുകളാണ്. 1,3,4,5 ബൂത്തുകള്‍ അരീക്കാട് എല്‍.പി.സ്‌കൂളിലും 2ാം ബൂത്ത് ദേവദാസ് സ്‌കൂളിലുമാണ്. കഴിഞ്ഞതവണ മത്സരിച്ച എ.എ.പിയും വെല്‍ഫെയര്‍ പാര്‍ട്ടിയും ഇപ്രാവശ്യം മത്സരിക്കുന്നില്ല.
ഇരു മുന്നണികളുടെയും തെരഞ്ഞെടുപ്പ് കണ്‍വന്‍ഷനും ഇതിനോടകം കഴിഞ്ഞു. ബൂത്ത് ലെവല്‍ തെരഞ്ഞെടുപ്പ് കമ്മിറ്റികളും രൂപീകരിച്ചു ഇരു സ്ഥാനാര്‍ഥികളും പ്രചാരണം ആരംഭിച്ചു.
മുന്‍ കേന്ദ്രമന്ത്രിയും ലോക്‌സഭ സ്പീക്കറുമായിരുന്ന പി.എം. സഈദിന്റെ സഹോദരിയുടെ മകനാണ് യു.ഡി.എഫ് സ്ഥാനാര്‍ഥിയായ മുഹമ്മദ് ഷമീല്‍. യു.ഡി.എഫ് സ്ഥാനാര്‍ഥിക്കുവേണ്ടി ഒന്നാംഘട്ട വീടുകള്‍ കയറിയിറങ്ങിയുള്ള പ്രചാരണം അവസാനിച്ചു.
രണ്ടുതവണ ചെറുവണ്ണൂര്‍ നല്ലളം പഞ്ചായത്ത് പ്രസിഡന്റായ ആളാണ് എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ടി. മൊയ്തീന്‍കോയ. കഴിഞ്ഞതവണ കോര്‍പ്പറേഷന്‍ നികുതി അപ്പീല്‍കാര്യ സ്ഥിരം സമിതി അധ്യക്ഷനുമായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."