കൃത്യനിര്‍വഹണത്തിനിടെ മാധ്യമപ്രവര്‍ത്തകനെ ആക്രമിച്ച കേസ്; അന്വേഷണം ഊര്‍ജിതമാക്കി
കൊണ്ടോട്ടി: ചാമപ്പറമ്പ് ബദ്്‌രിയ്യ ജുമാമസ്ജിദിലെ അക്രമസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാനെത്തിയ സുപ്രഭാതം ലേഖകന്‍ എന്‍.എം കോയയെ വളഞ്ഞിട്ട് അക്രമിച്ചു പരുക്കേല്‍പ്പിക്കുകയും ക്യാമറ തകര്‍ക്കുകയും ചെയ്ത സംഭവത്തില്‍ പൊലിസ് അന്വേഷണം ഊര്‍ജിതമാക്കി.
പളളിയിലെ ആക്രമണം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ ലേഖകനെ ഒരു സംഘം കയ്യേറ്റം ചെയ്യുകയായിരുന്നു. കാമറ പിടിച്ചുവാങ്ങിയ സംഘം അവ തകര്‍ത്ത ശേഷമാണ് പൊലിസിനെ ഏല്‍പ്പിച്ചത്. ആക്രമണത്തില്‍ കോയയുടെ കൈവിരലിനു പരുക്കേറ്റു. കോയയെ വളഞ്ഞിട്ട് മര്‍ദിക്കുന്നതു കണ്ട പൊലിസ് ഈ സമയത്ത് ലാത്തിച്ചാര്‍ജ് ചെയ്തതിനെത്തുടര്‍ന്നാണു കോയയുടെ ജീവന്‍ രക്ഷിക്കാനായത്.
ആക്രമികള്‍ എടുത്തോടിയ ക്യാമറ പിന്നീട് പൊലിസ് കണ്ടെടുത്തു. പൂര്‍ണമായും തകര്‍ന്ന ക്യാമറക്ക് 30,000 രൂപയോളം വിലവരും. പരുക്കേറ്റ കോയ പിന്നീട് ഫറോക്ക് ആശുപത്രിയില്‍ ചികില്‍സ തേടി.
അന്വേഷണത്തിന്റെ ഭാഗമായി ഇന്നലെ പൊലിസ് എന്‍.എം കോയയില്‍ നിന്ന് മൊഴിയെടുത്തു. മുപ്പതോളം പേര്‍ തന്റെ വാഹനം തടഞ്ഞ് അകാരണമായി മര്‍ദിക്കുകയായിരുന്നുവെന്ന് ഇയാള്‍ മൊഴി നല്‍കി. വാഹനത്തിനും കേടുപാട് സംഭവിച്ചിട്ടുണ്ട്.
സംഘം ചേര്‍ന്ന് മര്‍ദിക്കല്‍, ഉപകരണം നശിപ്പിക്കലടക്കം വിവിധ വകുപ്പുകള്‍ ചേര്‍ത്തു കേസെടുത്തതായും പ്രതികളെ ഉടന്‍ പിടികൂടുമെന്നും കൊണ്ടോട്ടി പൊലിസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."