നഗരങ്ങളില്‍ മഞ്ഞപ്പിത്തം പടരുന്നു കഴിഞ്ഞമാസം ചികിത്സ തേടിയവര്‍ 220
മഞ്ചേരി: ജില്ലയിലെ മിക്ക നഗരങ്ങളിലും മഞ്ഞപ്പിത്തം പടര്‍ന്നുപിടിക്കുന്നു. ഗ്രാമപ്രദേശങ്ങളെ അപേക്ഷിച്ചു നഗരങ്ങളിലാണു കൂടുതലും റിപ്പോര്‍ട്ടു ചെയ്യപ്പെടുന്നത്. ഇക്കഴിഞ്ഞ സെപ്റ്റംബറില്‍ മാത്രം 220 പേര്‍ ജില്ലയിലെ വിവിധ സര്‍ക്കാര്‍ ആശുപത്രികളിലായി ചികിത്സ തേടിയെത്തിയതായി ആരോഗ്യവകുപ്പിന്റെ കണക്കുകള്‍ തെളിയിക്കുന്നു. മഞ്ചേരി മെഡിക്കല്‍ കോളജിലും മഞ്ഞപ്പിത്തം ബാധിച്ചു ചികിത്സതേടി നിരവധി പേരാണ് എത്തുന്നത്. കഴിഞ്ഞ രണ്ടു ദിവസത്തിനകം മെഡി.കോളജില്‍ ആറുപേര്‍ ചികിത്സ തേടിയെത്തി. അതേസമയം ആശുപത്രികളെ സമീപിക്കാതെ പച്ചമരുന്നു ചികിത്സ നടത്തുന്നവരും വളരെ കൂടുതലാണ് . സ്വകാര്യ ആശുപത്രികളില്‍ പോകുന്നവരുടെ എണ്ണവും പ്രകൃതി ചികിത്സ തേടുന്നവരുടെ എണ്ണം കൂടിയാകുമ്പോള്‍ രോഗബാധിതരുടെ എണ്ണം ഇതിലധികം വരും.
ജില്ലയിലെ മിക്ക നഗരങ്ങളിലേയും വൃത്തിഹീനമായ കുടിവെള്ളവും ശുചിത്വപൂര്‍ണമല്ലാത്ത പരിസരങ്ങളുമാണു രോഗം പടര്‍ന്നുപിടിക്കാന്‍ പ്രധാനകാരണമെന്നു മഞ്ചേരി മെഡിക്കല്‍ കോളജ് കമ്യൂനിറ്റി മെഡിസിന്‍ വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍മാരായ ഡോ. സബിത, ഡോ. രജസി എന്നിവര്‍ പറഞ്ഞു. കരളിനെയാണിതു ബാധിക്കുക. ഹെപ്പറ്റൈറ്റിസ്-എ ഇനത്തില്‍പ്പെട്ട ബാക്ടീരിയകള്‍ പരത്തുന്നതാണു ജില്ലയില്‍ കണ്ടുവരുന്ന കൂടുതല്‍ മഞ്ഞപിത്തവും. വേനല്‍ക്കാലത്താണിതു കൂടുതലും കണ്ടുവരുന്നത്. കുടിക്കുന്ന വെള്ളത്തിലൂടെയും വിസര്‍ജിക്കുന്ന മലത്തിലൂടെയുമാണ് ഇത്തരം ബാക്ടീരിയകള്‍ മറ്റൊരാളിലേക്കു പടരുക. ജില്ലയിലെ പല നഗരങ്ങളിലും അന്യസംസ്ഥാന തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ തുറന്ന സ്ഥലങ്ങളില്‍ മലമൂത്രവിസര്‍ജനം നടത്തുന്നതു വ്യാപകമായിട്ടുണ്ട്. ഇതുമൂലം മിക്ക നഗരങ്ങളും ഇത്തരം രോഗാണുക്കളുടെ ഉറവിടങ്ങളായിരിക്കുകയാണ്. മുനിസിപ്പാലിറ്റികളിലും പഞ്ചായത്തുകളിലും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ വേണ്ട രീതിയില്‍ നടക്കുന്നില്ല. മിക്ക ഓടകളും നഗര മാലിന്യങ്ങള്‍ കൊണ്ടു നിറഞ്ഞിരിക്കുകയാണ്. ഭക്ഷണ മാലിന്യങ്ങളും മറ്റും തള്ളുന്നതു നഗരങ്ങളോടു ചേര്‍ന്ന റോഡരികുകളിലാണ്. ഇതെല്ലാം ഇനിയും പലതരത്തിലുള്ള പകര്‍ച്ചവ്യാധികള്‍ ക്ഷണിച്ചുവരുത്തും.
കടകളിലും ഹോട്ടലുകളിലും ഉപയോഗിക്കുന്ന വെള്ളത്തിന്റെ ശുചിത്വമില്ലായ്മയിലൂടേയും മഞ്ഞപ്പിത്തം പടരുന്നുണ്ട്. നഗരങ്ങളില്‍ ജോലിചെയ്യുന്നവരിലാണു കൂടുതലും രോഗം വ്യാപിച്ചിരിക്കുന്നത്. വൃത്തിഹീനമായ ഹോട്ടലുകളില്‍ നിന്നും ബേക്കറികളില്‍നിന്നും ഭക്ഷണ പാനീയങ്ങള്‍ ഉപയോഗിക്കുന്നതു മൂലമാണിതെന്നും ആരോഗ്യപ്രവര്‍ത്തകര്‍ മുന്നറിയിപ്പു നല്‍കുന്നു. കടും മഞ്ഞനിറമുള്ള മൂത്രം, മഞ്ഞ നിറമുള്ള കണ്ണുകള്‍, പനി, ശരീര വേദന, വിശപ്പില്ലായ്മ, ക്ഷീണം, ഛര്‍ദി തുടങ്ങിയവയാണു മഞ്ഞപിത്തത്തിന്റെ പ്രധാന ലക്ഷണങ്ങള്‍. ലക്ഷണങ്ങള്‍ കണ്ട ഉടനെ ഭക്ഷണം ക്രമീകരിച്ചാല്‍ രണ്ടാഴ്ചക്കകം സുഖപ്പെടുമെന്നും രോഗം വരാതിരിക്കാനുള്ള മുന്‍കരുതലുകള്‍ ഗൗരവമായി കണക്കിലെടുക്കണമെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."