ശമ്പളം ലഭിച്ചില്ല; കെ.എസ്.ആര്.ടി.സി ജീവനക്കാര്‍ എ.ടി.ഒയെ ഉപരോധിച്ചു
ഇന്നു മുതല്‍ അനിശ്ചിതകാല നിരാഹാരം നടത്തും
തലശ്ശേരി: കെ.എസ്.ആര്.ടി.സി ജീവനക്കാരുടെ ശമ്പളം യഥാസമയം നല്‍കാത്തതില്‍ പ്രതിഷേധിച്ചു ട്രാന്‍സ്പോര്‍ട്ട് ഡമോക്രാറ്റിക് ഫെഡറേഷന് നേതൃത്വത്തില്‍ തലശ്ശേരി ഡിപ്പോയിലെ ജീവനക്കാര്‍ അസി.ട്രാന്‍സ് പോര്‍ട്ട് ഓഫിസറെ (എ.ടി.ഒ)ഉപരോധിച്ചു. ഇന്നലെയും ശമ്പളം ലഭിക്കാത്തതിനാല്‍ ഇന്നു മുതല്‍ ഫെഡറേഷന്റെ രണ്ടു നേതാക്കള്‍ അനിശ്ചിതകാല നിരാഹാരം നടത്തും. സമരത്തിന് അനുഭാവം പ്രകടിപ്പിച്ചു സംഘടനാപ്രവര്‍ത്തകരും ഇന്നു നിരാഹാരം അനുഷ്ഠിക്കും.
ശമ്പളം മുടങ്ങിയതിനെ തുടര്‍ന്നു തിങ്കളാഴ്ച ജീവനക്കാര്‍ പ്രതിഷേധ മാര്‍ച്ചും സത്യാഗ്രഹവും നടത്തിയിരുന്നു. വൈകിട്ടു നാലിനുള്ളില്‍ ജീവനക്കാരുടെ അക്കൗണ്ടില്‍ ശമ്പളം നിഷേപിക്കുമെന്ന ഉറപ്പിന്മേല് സമരം തിങ്കളാഴ്ച ഉച്ചയോടെ പിന്‍വലിക്കുകയായിരുന്നു. എന്നാല്‍ ചൊവ്വാഴ്ച രാവിലെയായിട്ടും ശമ്പളം അക്കൗണ്ടില്‍ എത്താത്തതിനെ തുടര്‍ന്ന് ജീവനക്കാര്‍ ഇന്നലെ രാവിലെ മുതല്‍ എ.ടി.ഒയെ ഉപരോധിക്കുകയായിരുന്നു.
തുടര്‍ന്ന് തിരുവനന്തപുരത്തെ കെ.എസ്.ആര്.ടി.സി ആസ്ഥാനവുമായി എ.ടി.ഒ ഫോണില്‍ ബന്ധപ്പെട്ടതിനെ തുടര്‍ന്ന് ഇന്നലെ വൈകുന്നേരം നാലിനകം ശമ്പളം ലഭിക്കുമെന്ന് ഉറപ്പു നല്കി. ഇതേ തുടര്‍ന്നു ഉപരോധം ഉച്ചയോടെ പിന്‍വലിച്ചു.
എന്നാല്‍ ഇന്നലെ വൈകിട്ടും പണം ലഭിക്കാത്തതിനെ തുടര്‍ന്നാണ് അനിശ്ചിതകാല സമരം നടത്താന്‍ തീരുമാനമുണ്ടായത്.
സ്ഥിരം ജീവനക്കാര്‍ക്ക് എല്ലാമാസവും മുപ്പതാം തിയതി ശമ്പളം നല്‍കാറുണ്ടെങ്കിലും മൂന്നാം തിയതിയായിട്ടും ശമ്പളം നല്‍കാത്തതില്‍ പ്രതിഷേധിച്ചാണ് ട്രാന്‍സ്പോര്‍ട്ട് ഡമോക്രാറ്റിക് ഫെഡറേഷന്റെ നേതൃത്വത്തില്‍ ജീവനക്കാര്‍ സമരം ആരംഭിച്ചത്.
ഉപരോധത്തിനു പ്രസിഡന്റ് വി മനോജ്, കെ.വി പ്രദീപ്കുമാര്‍ നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."