സിറിയ വറചട്ടിയില്‍നിന്ന് എരിതീയിലേയ്ക്ക്
സിറിയന്‍ ജനതയെയും അവരുടെ സംസ്‌കാരത്തെയും ചരിത്രത്തെയും ആ രാജ്യത്തെത്തന്നെയും നാമാവശേഷമാക്കിക്കൊണ്ടിരിക്കുകയാണു റഷ്യ. സാമ്രാജ്യവികസനമോഹമല്ലാതെ മറ്റൊന്നുമല്ല റഷ്യയുടെ ഈ കിരാതയുദ്ധത്തിനുള്ള കാരണം. വാവിട്ടു കരയുന്ന കുരുന്നുകളോ കുട്ടികളും ഭര്‍ത്താക്കന്മാരും നഷ്ടപ്പെട്ട സ്ത്രീജനങ്ങളുടെ വിലാപങ്ങളോ യുദ്ധക്കലി മൂത്ത യു.എസ് ഉള്‍പ്പെടെയുള്ള സാമ്രാജ്യ ശക്തികളുടെ മനസ്സിളക്കുന്നില്ല.
ഏറ്റവും അവസാനമായി സിറിയയില്‍നിന്നു വരുന്ന വാര്‍ത്തകള്‍ ഏതൊരു മനുഷ്യസ്‌നേഹിയുടെയും ഉള്ളമുലയ്ക്കുന്നതാണ്. സിറിയന്‍ ജനതയുടെ സ്വതന്ത്രമായ നിലനില്‍പ്പിനു പകരം അമേരിക്കയുടെയും റഷ്യയുടെയും അഭിമാനപ്പോരാട്ടസ്ഥലമായി സിറിയ മാറിയിരിക്കുന്നു. സിറിയന്‍ പ്രശ്‌നത്തിനു റഷ്യയുമായി നേരിട്ടുള്ള ചര്‍ച്ച ഉപേക്ഷിക്കുന്നുവെന്നും വെടിനിര്‍ത്തല്‍ കരാറില്‍നിന്നു പിന്മാറുന്നുവെന്നുമുള്ള യു.എസ് പ്രഖ്യാപനത്തോടെ സിറിയ രണ്ടു വന്‍ശക്തികളുടെ യുദ്ധവേദിയായി പരിണമിക്കാന്‍ പോകുകയാണ്.
നിരായുധരും നിരപരാധികളുമായ സിറിയന്‍ ജനതയായിരിക്കും ഇതിനു കനത്തവില നല്‍കേണ്ടിവരിക. സിറിയയുടെ മൊത്തം ജനസംഖ്യയില്‍ പകുതിപ്പേരും ഇതിനകം റഷ്യയുടെയും അമേരിക്കയുടെയും ബോംബാക്രമണങ്ങളില്‍ കൊല്ലപ്പെട്ടിരിക്കുന്നു. സിറിയന്‍ പ്രസിഡന്റ് ബശാറുല്‍ അസദ് അധികാരം നിലനിര്‍ത്താന്‍ സ്വന്തം ജനതയെ ഒറ്റുകൊടുക്കുകയാണ്. അതിപ്പോള്‍ ആ രാജ്യത്തെതന്നെ ഭൂമുഖത്തില്‍ നിന്ന് ഇല്ലാതാക്കുന്ന പരുവത്തില്‍ എത്തിച്ചിരിക്കുന്നു.
കഴിഞ്ഞ 19 ന് അലപ്പോയിലേയ്ക്കു പോയ യു.എന്‍ സന്നദ്ധസംഘടനയുടെ വാഹനവ്യൂഹത്തിന് നേരേ റഷ്യ വ്യോമാക്രമണം നടത്തിയതിനെത്തുടര്‍ന്നാണ് അമേരിക്ക വെടിനിര്‍ത്തല്‍ കരാറില്‍നിന്നു പിന്മാറാന്‍ തീരുമാനിച്ചത്. വെടിനിര്‍ത്തല്‍ കരാറില്‍നിന്നു റഷ്യ പിന്നോക്കം പോയെന്ന് അലെപ്പോ ആക്രമണത്തെ പരാമര്‍ശിച്ച് അമേരിക്ക ആരോപണം ഉന്നയിച്ചുകഴിഞ്ഞു. സിറിയന്‍ പ്രശ്‌നത്തില്‍ റഷ്യയുമായി നേരിട്ടുള്ള ചര്‍ച്ച ഉപേക്ഷിക്കുകയാണെന്ന് ഒബാമ ഭരണകൂടം പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. ആണവായുധശേഖരം കുറയ്ക്കുന്നതിന്റെ ഭാഗമായി നേരത്തേ റഷ്യയും യു.എസും അധിക പ്ലൂട്ടോണിയം ശേഖരം ഉപേക്ഷിക്കുവാനുള്ള കരാറിനു രൂപംനല്‍കിയിരുന്നു.
സിറിയന്‍ പ്രശ്‌നത്തില്‍ ഉടക്കി റഷ്യയുമായുള്ള നേരിട്ടുള്ള ചര്‍ച്ചയില്‍ നിന്നു പിന്മാറുകയാണെന്ന് അമേരിക്ക അറിയിച്ചതോടെ ആണവക്കരാറില്‍നിന്നു പിന്‍വാങ്ങുകയാണെന്നു റഷ്യയും പ്രഖ്യാപിച്ചു. രണ്ടു വന്‍ ശക്തികളും അവരുടെ ബലാബലം നോക്കുവാന്‍ തിരഞ്ഞെടുത്തിരിക്കുന്നതു സിറിയയെയാണ്. സിറിയയുടെ പേരില്‍ ഇരുശക്തികളും നടത്തുന്ന യുദ്ധം ഇനി അടുത്തകാലത്തൊന്നും അവസാനിക്കുമെന്നു തോന്നുന്നില്ല.
റഷ്യയും അമേരിക്കയും ചര്‍ച്ചചെയ്തു രൂപം കൊടുത്ത, കഴിഞ്ഞ മാസം പന്ത്രണ്ടിനു നിലവില്‍വന്ന വെടിനിര്‍ത്തല്‍കരാര്‍ ഒരാഴ്ച തികയും മുന്‍പ് പരാജയപ്പെട്ടതിന്റെ പൂര്‍ണഉത്തരവാദിത്വം റഷ്യയ്ക്കുതന്നെയാണ്. ഇതോടെ സിറിയന്‍ ജനത വറച്ചട്ടിയില്‍നിന്ന് എരിതീയിലേയ്ക്കാണ് എറിയപ്പെട്ടിരിക്കുന്നത്. സിറിയന്‍ വിമതരെ സഹായിക്കുന്നുവെന്ന വ്യാജേന യു.എസും സിറിയന്‍ പ്രസിഡന്റ് ബശാറുല്‍ അസദിനെ സഹായിക്കുന്നുവെന്ന നാട്യത്തില്‍ റഷ്യയും സിറിയയില്‍ നടത്തിക്കൊണ്ടിരിക്കുന്ന മനുഷ്യക്കുരുതി ഇരുരാഷ്ട്രങ്ങളുടെയും ആയുധങ്ങള്‍ വിറ്റുപോകാനുള്ള കുതന്ത്രത്തിന്റെ ഭാഗവും കൂടിയാണ്.
അമേരിക്കയോടുള്ള റഷ്യന്‍ നിലപാടു കടുപ്പിക്കുന്നതിന്റെ പിന്നില്‍ ബശാറുല്‍ അസദിനെ സഹായിക്കുന്നതിലുപരി റഷ്യയുടെ സ്ഥാപിത താല്‍പ്പര്യസംരക്ഷണം കൂടിയുണ്ട്. കിഴക്കന്‍ യൂറോപ്പിലെ യു.എസിന്റെ സൈനികസാന്നിധ്യം കുറയ്ക്കുകയും ഉക്രൈന്‍ പ്രശ്‌നത്തില്‍ അമേരിക്ക ഏര്‍പ്പെടുത്തിയ ഉപരോധം പിന്‍വലിക്കുകയും വേണമെന്ന റഷ്യന്‍ ആവശ്യങ്ങളോട് അമേരിക്ക മുഖംതിരിച്ചു നില്‍ക്കുന്നതിന്റെ പ്രതികാരം സിറിയയിലാണു റഷ്യ തീര്‍ക്കുന്നത്.
പ്രതികാരത്തിനിരയാകുന്നതോ ആയിരക്കണക്കിനു കുരുന്നുകളും നിരപരാധികളായ മനുഷ്യരും. സ്വസ്ഥതയോടെ ഒരു രാത്രിയെങ്കിലും സിറിയന്‍ ജനത ഉറങ്ങിയിട്ടു വര്‍ഷങ്ങളായി. ഉറങ്ങാന്‍ കിടന്നാല്‍ കൂടെയുള്ള കുഞ്ഞുങ്ങളും കുടുംബവും അടുത്ത പ്രഭാതത്തില്‍ ഉണ്ടാകുമോയെന്നതിനു ഒരു ഉറപ്പുമില്ല. അഞ്ചുവര്‍ഷത്തിലധികമായി സിറിയന്‍ ജനത ഉരുകിത്തീരുകയാണ്. സമാധാനശ്രമങ്ങളെന്ന വ്യാജേന റഷ്യയും അമേരിക്കയും നടത്തിക്കൊണ്ടിരിക്കുന്ന നരനായാട്ടാകട്ടെ അവരവരുടെ പോരാട്ടവീര്യം പ്രകടിപ്പിക്കുവാനല്ലാതെ സിറിയന്‍ ജനതയുടെ സമാധാനപൂര്‍ണമായ ജീവിതത്തിന് വേണ്ടിയുള്ളതല്ല.
കഴിഞ്ഞദിവസം വടക്കുകിഴക്കന്‍ സിറിയയില്‍ ഒരു വിവാഹവീട്ടിലുണ്ടായ സ്‌ഫോടനത്തെ തുടര്‍ന്നു 32 പേരാണു മരിച്ചത്. ഐ.എസ് ഭീകരരാണ് ആക്രമണം നടത്തിയത്. ഐ.എസ് ആക്രമണത്തിനെതിരേയാണു തങ്ങളുടെ പോരാട്ടമെന്ന് അമേരിക്കയും റഷ്യയും പറയുന്നുണ്ടെങ്കിലും സിറിയയില്‍ ഐ.എസ് നടത്തിക്കൊണ്ടിരിക്കുന്ന അക്രമങ്ങളെ തടയുവാന്‍ ഇരുരാഷ്ട്രങ്ങള്‍ക്കും ഇതുവരെ കഴിഞ്ഞിട്ടില്ല.
ഐ.എസ് എന്ന ഭീകരസംഘടന ഇവരുടെയൊക്കെ സൃഷ്ടിയാകാനാണ് സാധ്യത. ഐ.എസിനെ തകര്‍ക്കാനെന്നു പറഞ്ഞു സിറിയയെ നശിപ്പിച്ചുകൊണ്ടിരിക്കുന്നതില്‍നിന്ന് ഇതാണു മനസിലാകുന്നത്. കഴിഞ്ഞ സെപ്റ്റംബര്‍ 23 മുതല്‍ ഒക്ടോബര്‍ രണ്ടുവരെ കിഴക്കന്‍ അലന്‍പോയില്‍ സിറിയന്‍ സേനക്കൊപ്പം ചേര്‍ന്നു റഷ്യ നടത്തിയ ആക്രമണത്തില്‍ 106 കുട്ടികള്‍ ഉള്‍പ്പെടെ 342 പേരാണു കൊല്ലപ്പെട്ടത്. 261 കുട്ടികള്‍ ഉള്‍പ്പെടെ 1129 പേര്‍ക്ക് മാരകമായി പരുക്കേല്‍ക്കുകയും ചെയ്തു. ആശുപത്രികള്‍ക്കു നേരേയും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കു നേരേയും ജനവാസകേന്ദ്രങ്ങള്‍ക്കു നേരേയും റഷ്യനടത്തിക്കൊണ്ടിരിക്കുന്ന ആക്രമണങ്ങള്‍ ബോധപൂര്‍വമാണ്.
ഐ.എസിനെ നശിപ്പിക്കാനെന്ന പേരില്‍ മാരകമായ ക്ലസ്റ്റര്‍ മിസൈലുകളും വൈറ്റ് ഫോസ്ഫറസ് പോലുള്ള രാസായുധങ്ങളും നിരായുധരായ മനുഷ്യര്‍ക്കുനേരേ ഉപയോഗിക്കാന്‍ റഷ്യക്കും അമേരിക്കക്കും ഒരു മനഃസാക്ഷിക്കുത്തുമില്ല. റഷ്യയും അമേരിക്കയും കൂട്ടത്തില്‍ ബ്രിട്ടനും കഴുകന്മാരെപ്പോലെ പശ്ചിമേഷ്യന്‍ രാഷ്ട്രങ്ങളില്‍ വട്ടമിട്ടു പറക്കുകയാണ്, ആ രാജ്യങ്ങളിലെ സമ്പല്‍സമൃദ്ധി കൊത്തിവലിക്കാന്‍.
വംശീയതയുടെയും ഗോത്രമഹിമയുടെയും പേരില്‍ പരസ്പരം പോരടിക്കുന്ന പശ്ചിമേഷ്യന്‍ രാജ്യങ്ങള്‍ക്ക് ഇതൊട്ടും മനസ്സിലാകുന്നുമില്ല.
സാമ്രാജ്യത്വശക്തികളുടെ അതിമോഹങ്ങള്‍ പശ്ചിമേഷ്യന്‍ രാഷ്ട്രങ്ങളില്‍ നടപ്പില്‍വരുത്താന്‍ അവരുണ്ടാക്കുന്ന അഭ്യന്തരക്കുഴപ്പങ്ങളും തുടര്‍ന്നുണ്ടാകുന്ന യുദ്ധങ്ങളില്‍ അവര്‍ നേരിട്ടു പങ്കെടുക്കുന്നതും പതിവായിരിക്കുന്നു. അവര്‍തന്നെ മുന്‍കൈയെടുത്തു നടത്തിക്കൊണ്ടിരിക്കുന്ന സമാധാനശ്രമനാട്യങ്ങളും പിന്നീട് അതു പൊളിയുന്നതും വീണ്ടും യുദ്ധത്തിലേയ്ക്കു നീങ്ങുന്നതുമായ കാഴ്ചകളാണു ലോകം കണ്ടുകൊണ്ടിരിക്കുന്നത്.
അതിലെ ഏറ്റവും അവസാനത്തേതാണ് ഇപ്പോള്‍ സിറിയയില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്. റഷ്യയും അമേരിക്കയും വെടിനിര്‍ത്തല്‍ കരാറില്‍നിന്നു പിന്മാറി വീണ്ടും വെടിവയ്പ്പ് ആരംഭിക്കുന്നത് അവരുടെ നിക്ഷിപ്തതാല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാനാണ്. റഷ്യയുടെ വ്യോമാക്രമണത്തിനെതിരേ രൂക്ഷവിമര്‍ശനവുമായി ഐക്രരാഷ്ട്രസഭ, മനുഷ്യാവകാശ ഹൈകമ്മിഷണര്‍ സയ്യിദ് റഅദ് ഹുസൈന്‍ രംഗത്തുവന്നിട്ടുണ്ടെങ്കിലും അതൊക്കെ ബധിരകര്‍ണങ്ങളിലേ പതിക്കൂ. സാമ്രാജ്യശക്തികളുടെ അധിനിവേശമോഹങ്ങളുടെ ഇരയായിത്തീരാനായിരിക്കാം സിറിയയുടെയും വിധി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."