ജ്വല്ലറിയിലെ കവര്‍ച്ച സി.സി ടി.വി കാമറ പ്രവര്‍ത്തിക്കാതിരുന്നത് അന്വേഷണത്തെ ബാധിക്കുന്നു
കുണ്ടംകുഴി: കഴിഞ്ഞ ദിവസം കവര്‍ച്ച നടന്ന സുമംഗലി ജ്വല്ലറിയിലെ സി.സി ടി.വി കാമറ പ്രവര്‍ത്തിക്കാതിരുന്നതു കേസന്വേഷണം ഇഴയാന്‍ കാരണമാകുന്നു. പാതക്കരികില്‍ സ്ഥാപിച്ച കാമറയില്‍ മോഷ്ടാക്കളുടെ ചിത്രം പതിഞ്ഞിട്ടില്ല. ഇതോടെ പ്രധാനപാത ഒഴിവാക്കിയാണു കൊള്ള സംഘം ജ്വല്ലറിയിലെത്തിയതെന്നാണു സൂചന.
ജ്വല്ലറിയില്‍ കവര്‍ച്ച നടന്നതിനെ തുടര്‍ന്നു ബേഡഡുക്ക, കുറ്റിക്കോല്‍ പഞ്ചായത്തുകളിലെ ബാങ്കുകള്‍ അടക്കമുള്ള ധനകാര്യ സ്ഥാപനങ്ങള്‍ക്കു മുന്‍കരുതല്‍ ഏര്‍പ്പെടുത്താന്‍ പൊലിസ് നിര്‍ദേശം നല്‍കി. അര കിലോ സ്വര്‍ണവും നാലു കിലോ വെള്ളിയും പതിനായിരത്തിലധികം രൂപയും ഉള്‍പ്പെടെ 16 ലക്ഷത്തോളം രൂപയുടെ സാധനങ്ങളാണു കഴിഞ്ഞ ദിവസം കവര്‍ച്ച ചെയ്യപ്പെട്ടത്. ജ്വല്ലറിയെക്കുറിച്ചും കുണ്ടംകുഴി കവലയെ കുറിച്ചും വ്യക്തമായ ധാരണയുള്ളവരാണു കൊള്ള നടത്തിയതെന്ന നിഗമനത്തിലാണു പൊലിസ്. കടയുടെ ഷട്ടര്‍ തുറന്നതും മോഷണം കഴിഞ്ഞ് ഇത് അടച്ചിട്ടതും ആരുടെയും ശ്രദ്ധയില്‍പെട്ടില്ല.
തറക്കടിയിലുള്ള ലോക്കറും തകര്‍ത്തിട്ടുണ്ട്. കുണ്ടംകുഴി ജുമാ മസ്ജിദിനടുത്തുള്ള സി.ടി കോംപ്ലക്‌സിലാണ് ജ്വല്ലറി പ്രവര്‍ത്തിക്കുന്നത്. രണ്ടുനിലയുള്ള കെട്ടിടത്തിന്റെ താഴത്തെ നിലയിലാണു ജ്വല്ലറി.
ഇതിനുപുറത്തുള്ള വൈദ്യുതി മെയിന്‍ സ്വിച്ചില്‍ നിന്നു വൈദ്യുതി ഉപയോഗിച്ച കട്ടര്‍ പ്രവര്‍ത്തിപ്പിക്കുകയും തുടര്‍ന്നു കടയുടെ പൂട്ടു തകര്‍ത്തതായും സംശയിക്കുന്നു. മെയിന്‍ സ്വിച്ചിനടുത്തു വയര്‍ വലിച്ച പാടു കണ്ടതിനെ തുടര്‍ന്നു വിരലടയാള വിദഗ്ദര്‍ തെളിവുകള്‍ ശേഖരിച്ചു.
നഷ്ടപ്പെട്ട സ്വര്‍ണത്തിനു 14.5 ലക്ഷം രൂപയും വെള്ളിക്ക് 1.8 ലക്ഷവും വിലമതിക്കും. മാല, നെക്‌ളേസ്, വള, മോതിരം എന്നിവയാണ് സ്വര്‍ണത്തിലധികവും. 16 വര്‍ഷമായി സ്വര്‍ണവ്യാപാരം നടത്തുന്ന കെ അശോകന്‍ നായരുടേതാണ് ജ്വല്ലറി.
ഗോള്‍ഡ് ആന്‍ഡ് മര്‍ച്ചന്റ്‌സ് അസോസിയേഷന്റെ ജില്ലാ ഭാരവാഹികൂടിയാണ് ഇദ്ദേഹം. കുറ്റിക്കോലിലും ബന്തടുക്കയിലും ഇയാള്‍ക്കു ജ്വല്ലറിയുണ്ട്.
ജില്ലാ പൊലിസ് മേധാവി തോംസണ്‍ ജോസ്, ഡിവൈ.എസ്.പി എം.വി സുകുമാരന്‍, ആദൂര്‍ സി.ഐ, സിബി തോമസ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലിസ് സംഘമാണ് അന്വേഷണം നടത്തി വരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."