കോടതി ഉത്തരവിനും പുല്ലുവില ദേശീയപാതക്കായി അക്വയര്‍ ചെയ്ത ഭൂമിയില്‍ അനധികൃത കെട്ടിട നിര്‍മാണം
വടകര: ദേശീയപാതക്കായി അക്വയര്‍ ചെയ്ത ഭൂമിയില്‍ അനധികൃത കെട്ടിട നിര്‍മാണം പുരോഗമിക്കുന്നു. മടപ്പള്ളി നാദാപുരം റോഡിലാണ് ദേശീയപാതയോട് ചേര്‍ന്ന് അനധികൃത കെട്ടിട നിര്‍മാണം നടക്കുന്നത്.
ദേശീയപാത വികസനത്തിനായി ഏറ്റെടുത്ത സ്ഥലത്താണ് എല്ലാ നിയമങ്ങളും കാറ്റില്‍പ്പറത്തിയുള്ള നിര്‍മാണം. സമീപവാസികള്‍ ഇതിനെതിരേ വടകര മുന്‍സിഫ് കോടതിയില്‍ കേസ് നല്‍കിയിരുന്നു. പരാതി നല്‍കിയ 2015 മാര്‍ച്ചില്‍ തന്നെ ഈ സ്ഥലത്ത് മണ്ണിട്ട് നികത്തുകയോ കെട്ടിട നിര്‍മാണം നടത്തുകയോ ചെയ്യരുതെന്ന് കോടതി ഉത്തരവും നല്‍കി. എന്നാല്‍ പഞ്ചായത്തിലെ ഒരു വിഭാഗം ഉദ്യോഗസ്ഥരെ കൂട്ടുപിടിച്ച് നിര്‍മാണ പ്രവൃത്തി നടത്തുകയായിരുന്നു.
ഇക്കാര്യങ്ങള്‍ കാണിച്ച് ഒഞ്ചിയം പഞ്ചായത്ത് സെക്രട്ടറിക്ക് സമീപവാസി രേഖാമൂലം പരാതി നല്‍കിയെങ്കിലും ഒരു നടപടിയുമുണ്ടായില്ല. തുടര്‍ന്ന് അദ്ദേഹം ഹൈക്കോടതിയില്‍ റിട്ട് ഫയല്‍ ചെയ്തു.
മൂന്നു മാസത്തിനുള്ളില്‍ കെട്ടിട ഉടമക്കെതിരേ നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി ഉത്തരവ് നല്‍കിയിരിക്കുകയാണ്. എന്നാല്‍ ഇപ്പോള്‍ രാവും പകലും തകൃതിയായി നിര്‍മാണ പ്രവൃത്തി പുരോഗമിക്കുകയാണ്. പഞ്ചയാത്ത് നിയമപ്രകാരം ഇത്രയും വലിയ കെട്ടിടത്തിന് അനുമതി നല്‍കാനാവില്ല. അതേസമയം ജില്ലാ ടൗണ്‍ പ്ലാനിങ് ഓഫിസില്‍ നിന്നു കെട്ടിട നിര്‍മാണത്തിന് അനുമതി നല്‍കിയിട്ടില്ലെന്നും ആക്ഷേപമുണ്ട്.
ദേശീയപാത വികസനത്തിനായി ജില്ലാ ഭരണകൂടവും സര്‍ക്കാരും സര്‍വേകളുമായി മുന്നോട്ടുപോകുമ്പോഴാണ് അക്വയര്‍ ചെയ്ത ഭൂമിയില്‍ തന്നെ ഇത്തരം അനധികൃത കെട്ടിടങ്ങള്‍ ഉയരുന്നത്. ഒരു വിഭാഗം ഉദ്യോഗസ്ഥരുടെ ഒത്താശയോടെ കോടതി വിധി മാനിക്കാതെ നടക്കുന്ന കെട്ടിട നിര്‍മാണം അധികൃതര്‍ കണ്ടഭാവം നടിക്കുന്നില്ലെന്നും പരാതി ശക്തമായിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."