പാപ്പിനിശ്ശേരിയില്‍ തെരുവുനായ വന്ധ്യംകരണ കേന്ദ്രം തുറന്നു
പാപ്പിനിശ്ശേരി: തെരുവുനായ ശല്യത്തിന് പരിഹാരം കാണുന്നതിന്റെ ഭാഗമായി ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ നടപ്പാക്കുന്ന ആനിമല്‍ ബര്‍ത്ത് കണ്‍ട്രോള്‍(എ.ബി.സി) പദ്ധതിക്ക് ജില്ലയില്‍ തുടക്കമായി. പാപ്പിനിശ്ശേരി, അഴീക്കോട്, മയ്യില്‍, കണ്ണൂര്‍ കോര്‍പറേഷന്‍ തുടങ്ങിയ തെരുവുനായ ശല്യം രൂക്ഷമായ പ്രദേശങ്ങള്‍ കേന്ദ്രീകരിച്ചാണ് ആരംഭഘട്ടത്തില്‍ പദ്ധതിനടപ്പാക്കുന്നത്. പടിയൂര്‍ പഞ്ചായത്ത് വിട്ടുനല്‍കിയ രണ്ട് ഏക്കര്‍ സ്ഥലത്ത് കെട്ടിടങ്ങളുള്‍പ്പെടെയുള്ള സംവിധാനങ്ങളൊരുക്കാന്‍ സമയമെടുക്കുമെന്നതിനാലാണ് പാപ്പിനിശ്ശേരിയില്‍ ഉപകേന്ദ്രം ആരംഭിച്ചത്. പാപ്പിനിശ്ശേരി മൃഗാശുപത്രിയോടനുബന്ധിച്ച് തയാറാക്കിയ തെരുവുനായ പ്രജനന നിയന്ത്രണ ഉപകേന്ദ്രത്തില്‍ പദ്ധതി പി.കെ ശ്രീമതി എം.പി ഉദ്ഘാടനം ചെയ്തു. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ് അധ്യക്ഷനായി. മേയര്‍ ഇ.പി ലത, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.പി ദിവ്യ, പഞ്ചായത്ത് പ്രസിഡന്റ് കെ നാരായണന്‍, വി.കെ സുരേഷ്ബാബു, കെ.പി ജയബാലന്‍, ടി.ടി റംല, മൃഗസംരക്ഷണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. ടി.വി ഉണ്ണികൃഷ്ണന്‍, ജില്ലാ മൃഗസംരക്ഷണ ഓഫിസര്‍ ഡോ.പി പി കണാരന്‍, ഡോ.ഖലീല്‍, ഡോ.പി വി മോഹനന്‍, സുഷമാ പ്രഭു, എം.കെ ശ്രീജിത്ത് സംസാരിച്ചു. വന്ധ്യംകരണം നടത്തുന്നതിന് ശീതീകരിച്ച ഓപറേഷന്‍ തിയറ്ററില്‍ ഇന്നലെ മുതല്‍ ശസ്ത്രക്രിയകള്‍ ആരംഭിച്ചു. തിരുവനന്തപുരം സ്വദേശിയായ വെറ്ററിനറി സര്‍ജന്‍ ഡോ.ശാന്തി ജയലക്ഷ്മിയാണ് ശസ്ത്രക്രിയകള്‍ ചെയ്യുന്നത്. സഹായിയായി ഒരു നഴ്‌സുമുണ്ടാകും. ആനിമല്‍ റൈറ്റ്‌സ് ഫണ്ട് ഏജന്‍സിയുടെ മാനേജര്‍ ആര്‍. ഇമ്മാനുവല്‍ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കും. നായകളെ പിടികൂടുന്നതിന് നാല് ജീവനക്കാരുമുണ്ട്. ഒരു ദിവസം 10 നായകളെ വരെ വന്ധീകരിക്കാനാകും. ശസ്ത്രക്രിയ ചെയ്യുന്നതിന് ഒരു നായക്ക് 15-30 മിനിറ്റ് സമയം വേണ്ടി വരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."