പുനരുദ്ധാരണത്തിനിടെ ഓഡിറ്റോറിയത്തിന്റെ ബീം തകര്‍ന്നു; രണ്ടു പേര്‍ക്ക് പരുക്ക്
കിളിമാനൂര്‍: പുളിമാത്ത് പഞ്ചായത്തിലെ കൊടുവഴന്നൂര്‍ പൊയ്കക്കടയില്‍ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ നടത്തിവന്ന ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയത്തിന്റെ കോണ്‍ക്രീറ്റ് ബീം തകര്‍ന്നുവീണുണ്ടായ അപകടത്തില്‍ രണ്ടു തൊഴിലാളികള്‍ക്ക് പരുക്ക്.
നെടുമങ്ങാട് ചുള്ളിമാനൂര്‍ വാഴപ്പള്ളിതടത്തരികത്ത് വീട്ടില്‍ സന്തോഷ് (35), തടത്തരികത്ത് വീട്ടില്‍ അക്ഷയ് (21) എന്നിവര്‍ക്കാണ് പരുക്കേറ്റത്.ഇവരില്‍ സന്തോഷിന്റെ നില അതീവ ഗുരുതരമാണ്. മെഡിക്കല്‍ കോളജ് ന്യൂറോസര്‍ജറി വിഭാഗത്തില്‍ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കിയ ഇദ്ദേഹം അപകടനിലം തരണം ചെയ്തിട്ടില്ലെന്ന് ആശുപത്രി വൃത്തങ്ങള്‍ പറഞ്ഞു.
കാലപ്പഴക്കത്താല്‍ നാശോന്മുഖമായ ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയം നവീകരിക്കുന്നതിന് ബി .സത്യന് എം .എല്‍. എ യുടെ ഫണ്ടില്‍ നിന്ന് 25 ലക്ഷം അനുവദിച്ചിരുന്നു.
കെട്ടിടത്തിന്റെ കോണ്‍ക്രീറ്റ് മേല്‍ക്കൂരമാറ്റി ഷീറ്റ് സ്ഥാപിച്ച് ആധുനിക രീതിയില്‍ നവീകരിക്കാനായിരുന്നു പദ്ധതി. ജാക്ക് ഹാമര്‍ ഉപയോഗിച്ച് സന്തോഷും അക്ഷയും ബീം പൊട്ടിക്കവെ 20 അടിയോളം നീളമുള്ള കോണ്‍ക്രീറ്റ് ബീമിനൊടൊപ്പം തൊഴിലാളികളും പതിനഞ്ചടിയിലധികം താഴ്ചയിലേക്ക് പതിക്കുകയായിരുന്നു.തെറിച്ചുവീണ ഇവരുടെ ദേഹത്തേക്ക് ബീമിന്റെ ഭാഗങ്ങള്‍ അടര്‍ന്ന് വീണുവെന്ന്ദൃകസാക്ഷികള് പറഞ്ഞു.
സന്തോഷിന്റെ കഴുത്തിലും കാലിലുമാണ് ബീം വീണത്.തുടര്‍ന്ന് കരാറുകാരനും, ഓടിക്കൂടിയ പ്രദേശവാസികളും ചേര്‍ന്ന് ഇവരെ മെഡിക്കല്‍ കോളജില്‍ എത്തിക്കുകയായിരുന്നു. ആശുപത്രിയില്‍ പ്രവേശിപ്പിച്ച തൊഴിലാളികളെ ബി സത്യന് എം എല്‍ എ സന്ദര്‍ശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."