മമ്പുറം തങ്ങളുടെ ധന്യസ്മരണയില്‍ മലബാറിലെ പുരാതന പള്ളികള്‍
തിരൂരങ്ങാടി: മമ്പുറം ഖുഥ്ബുസ്സമാന്‍ സയ്യിദ് അലവി തങ്ങളുടെ ദീപ്ത സ്മരണകളില്‍ മുഖരിതമാണ് മലബാറിലെ പലഭാഗങ്ങളിലുമുള്ള പുരാതന പള്ളികളിലധികവും.
മുസ്‌ലിം സമൂഹത്തിന്റെ സാംസ്‌കാരിക കേന്ദ്രങ്ങളെന്ന നിലക്ക് അടയാളപ്പെടുത്തപ്പെട്ട പല പള്ളികളും പണിതുയര്‍ത്തിയത് മമ്പുറം തങ്ങളുടെ നിര്‍ദേശമനുസരിച്ചായിരുന്നു. പൊതുജനങ്ങള്‍ക്ക് മതവിധി പറഞ്ഞു കൊടുക്കാനും ബ്രിട്ടീഷ് ഭരണകൂടത്തിന്റെ ജനദ്രോഹ നടപടികള്‍ക്കെതിരേ ജനങ്ങള സജ്ജരാക്കാനും ഈ മസ്ജിദുകള്‍ ഉപയോഗപ്പെടുത്തിയിരുന്നു.
താനൂര്‍ വടക്കേപള്ളി, മുട്ടിച്ചിറപ്പള്ളി, കൊടിഞ്ഞി പഴയ ജുമുഅത്ത് പള്ളി, ചാപ്പനങ്ങാടി പള്ളി, വെളിമുക്ക് പള്ളി തുടങ്ങിയ നിരവധി പള്ളികളുടെ നിര്‍മാണത്തില്‍ അദ്ദേഹം നേരിട്ട് പങ്കാളിയായിട്ടുണ്ട്.
മലബാറിലെ നൂറിലേറെ പള്ളികള്‍ക്ക് തങ്ങളുമായി ബന്ധമുള്ളതായി ചരിത്ര രേഖകള്‍ പറയുന്നു. കാലപ്പഴക്കം കൊണ്ടും ജനബാഹുല്യം കൊണ്ടും മിക്ക പള്ളികളും പില്‍ക്കാലത്ത് പുനര്‍നിര്‍മിക്കപ്പെടുകയുണ്ടായി. ഈ പള്ളികളില്‍ ചിലതില്‍ മമ്പുറം തങ്ങളുമായി ബന്ധപ്പെട്ട സ്മാരകങ്ങള്‍ പോറലേല്‍ക്കാതെ സൂക്ഷിക്കപ്പെട്ടിട്ടുണ്ട്.
താനൂരിലെ വടക്കെ പള്ളിയുടെ നിര്‍മാണ സമയത്ത് ഹൗളിന് (ജലാശയം) ഉപയോഗിക്കാനായി തങ്ങള്‍ കൊടുത്തയച്ച കല്ല് ഇന്നുമവിടെ ഭദ്രമായി സൂക്ഷിക്കപ്പെടുന്നു.
അദ്ദേഹത്തിന്റെ കാലത്ത് നിലനിന്നിരുന്ന മതമൈത്രിയുടെ അടയാളങ്ങള്‍ കൂടിയാണ് പല പള്ളികളും.
പള്ളികളുടെ നിര്‍മാണാവശ്യാര്‍ഥം പല ഹൈന്ദവ പ്രമാണി കുടുംബങ്ങളും തങ്ങളവര്‍ക്ക് സ്ഥലം വിട്ടുനല്‍കിയതായി ചരിത്രം പറയുന്നു. ഒഴൂരിന് സമീപത്ത് മമ്പുറം തങ്ങള്‍ നിര്‍മിച്ച പള്ളിക്കാവശ്യമായ സഹായസഹകരണങ്ങള്‍ ചെയ്ത് കൊടുത്തത് ഹൈന്ദവ സഹോദരങ്ങളായിരുന്നു.
അദ്ദേഹത്തിന്റെ പുത്രന്‍ സയ്യിദ് ഫള്ല്‍ പൂക്കോയ തങ്ങള്‍ തറക്കല്ലിട്ട മഞ്ചേരിയിലെ മേലാക്കം പള്ളിക്കാവശ്യമായ സ്ഥലം വിട്ടുനല്‍കിയതും ഹൈന്ദവ സഹോദരനായിരുന്നു. സാമൂഹികമായി ജാതി മത ഭേദമന്യേ മമ്പുറംതങ്ങള്‍ ചെലുത്തിയ സ്വാധീനങ്ങളുടെ അടയാളപ്പെടുത്തലുകളായി തലയുയര്‍ത്തി നില്‍ക്കുന്ന ഈ മസ്ജിദുകളുടെ പരിപാലനത്തിനുള്ള നീക്കങ്ങളാണ് ഇനി പള്ളി ഭാരവാഹികളുടെ ഭാഗത്തുനിന്നുണ്ടാവേണ്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."