മടിക്കൈ സോളാര്‍ പദ്ധതി വഴിമുടക്കുന്നു; പണി നിര്‍ത്തിവെച്ചു
അമ്പലത്തറ: കെ.എസ്.ഇ.ബിക്കായി മടിക്കൈ വെള്ളുടയില്‍ സോളാര്‍ പദ്ധതി പുരോഗമിക്കവെ നിര്‍മാണ പ്രവര്‍ത്തനത്തനങ്ങള്‍ ഒരു പ്രദേശത്തേക്കുള്ള ഗതാഗതത്തിന് തടസ്സം സൃഷിക്കുന്നതായി ആക്ഷേപം. ഇതേ തുടര്‍ന്ന് നിര്‍മാണ പ്രവര്‍ത്തനം നിര്‍ത്തിവെച്ചു.
കോട്ടപ്പാറ-വെള്ളുട റോഡിലാണു സോളാര്‍ പദ്ധതിയുടെ പ്രവര്‍ത്തി നടക്കുന്നത്. മൂന്നു മീറ്റര്‍ വീതിയുള്ള റോഡാണിത്. ഇതിനരികില്‍ 80 സെന്റിമീറ്റര്‍ വീതിയും 12 മീറ്റര്‍ ഉയരവുമുള്ള പോസ്റ്റുകള്‍ സ്ഥാപിച്ചതാണു തടസ്സത്തിനു കാരണം. വാഹനങ്ങള്‍ക്കു കൃത്യമായി കടന്നു പോകാന്‍ ഏറെ പ്രയാസം നേരിടുന്നുണ്ട്. നാട്ടുകാരുടെ എതിര്‍പ്പിനെത്തുടര്‍ന്നാണു ജോലി നിര്‍ത്തിവച്ചത്.
ആയുര്‍വേദ മെഡിക്കല്‍ കോളജ്, എന്‍ജിനിയറിങ് കോളജ് എന്നിവയും നിരവധി സ്ഥാപനങ്ങളും ഇവിടെയുള്ളതിനാല്‍ പതിനഞ്ചിലധികം ബസുകളും മറ്റു നിരവധി വാഹനങ്ങളും ഇതുവഴി ദിനംപ്രതി സര്‍വിസ് നടത്തുന്നുണ്ട്.
ഈ വാഹനങ്ങള്‍ക്കു പോസ്റ്റുകള്‍ വലിയ ഭീഷണിയാണ് സൃഷ്ടിക്കുന്നത്. മടിക്കൈ വെള്ളൂടയ്ക്കു പുറമെ കരിന്തളത്തും പൈവളിഗയിലും ഈ പദ്ധതി നടപ്പാക്കുന്നുണ്ട്. വെള്ളുട സോളാര്‍ പ്ലാന്റില്‍ നിന്നു നൂറു മെഗാ വാട്ട് വൈദ്യുതിയും മറ്റു രണ്ടിടങ്ങളില്‍ നിന്ന് അമ്പതു വീതം മെഗാവാട്ട് വൈദ്യുതിയും ഉല്‍പാദിപ്പിച്ചു പൊയിനാച്ചിക്കടുത്ത മൈലാട്ടിയിലെ 110 കെ.വി സബ് സ്റ്റേഷനിലേക്കു കടത്തി വിടാനാണു തീരുമാനം. മൂന്നു പദ്ധതികള്‍ക്കുമായി 1200 കോടി രൂപയാണു ചെലവഴിക്കുന്നത്.
ഡിസംബര്‍ 30 നകം പ്ലാന്റുകള്‍ കമ്മിഷന്‍ ചെയ്യുന്ന തരത്തിലാണു പ്രവര്‍ത്തികള്‍ പുരോഗമിക്കുന്നത്. വെള്ളയിലെ പ്രശ്‌നം പരിഹരിക്കാന്‍ ശ്രമം നടക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."