പുതിയ സ്വാശ്രയ കോളജുകള്‍; നീക്കം ഉപേക്ഷിക്കണം: എ.ഐ.എസ്.എഫ്
തൃശൂര്‍: കേരളത്തിലെ മെഡിക്കല്‍ വിദ്യാഭ്യസ മേഖലയില്‍ പുതിയതായി സ്വാശ്രയ കോളജുകളും കോഴ്‌സുകളും ആരംഭിക്കുവാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് എ.ഐ.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് വി.വിനില്‍ പറഞ്ഞു. സ്വാശ്രയ മേഖലയില്‍ പുതിയ കോളജുകള്‍ അനുവദിക്കുന്നതിനെതിരേയും ഫീസ് വര്‍ധനവിനെതിരേയും എ.ഐ.എസ്.എഫ് നടത്തിയ ആരോഗ്യ സര്‍വകലാശാല മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മെഡിക്കല്‍ ഡെന്റല്‍ കോളജുകളിലെ ഫീസ് വര്‍ധനവ് വലിയ വിവാദമായി നില്‍ക്കുന്ന സാഹചര്യത്തിലും പുതിയ കോളജുകള്‍ക്കും കോഴ്‌സുകള്‍ക്കും വേണ്ടി അപേക്ഷ ക്ഷണിച്ച് ഉത്തരവിട്ട ആരോഗ്യ സര്‍വകലാശാല വന്‍ തോതിലുള്ള വിദ്യാഭ്യാസ കച്ചവടം തന്നെയാണ് ലക്ഷ്യമിടുന്നത്.
ഇടതു മുന്നണി സര്‍ക്കാരിന്റെ പ്രഖ്യാപിത നിലപാടാണ് സ്വാശ്രയ മേഖലയില്‍ പുതിയ കോളജുകളും കോഴ്‌സുകളും അനുവദിക്കില്ല എന്നത്. മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും വിദ്യാഭ്യാസ മന്ത്രിയുമുള്‍പ്പെടെ അത് പ്രഖ്യാപിച്ചതാണ്. എന്നാല്‍ സര്‍വകലാശാല ഉത്തരവ് പുറത്തിറക്കിയിട്ടും സര്‍ക്കാര്‍ മൗനം പാലിക്കുന്നത് സര്‍ക്കാരിന്റെ മൗനാനുവാദം ഇക്കാര്യത്തില്‍ ഉണ്ടെന്ന് സംശയം ബലപ്പെടുകയാണ്.
മെഡിക്കല്‍ വിദ്യാഭ്യാസ മേഖലയില്‍ ഇനിയും കൂടുതല്‍ വിദ്യാര്‍ഥികള്‍ക്ക് അവസരം നല്‍കണമെന്ന നിലപാടാണ് സര്‍വകലാശാലക്കുള്ളതെങ്കില്‍ സര്‍ക്കാര്‍ മേഖലയില്‍ അതിനുള്ള സൗകര്യം ഒരുക്കണം. സര്‍ക്കാര്‍ മേഖലയില്‍ പുതിയ കോളജുകള്‍ അനുവദിക്കുകയാണ് ചെയ്യേണ്ടത്.
അല്ലാതെ സ്വാശ്രയ കോളജുകള്‍ അനുവദിച്ച് മികവിന്റെ കേന്ദ്രങ്ങളാകേണ്ട സര്‍വകലാശാലയെ കച്ചവടത്തിന്റെ കേന്ദ്രമാക്കി മാറ്റരുത് എന്നും പുതിയ സ്വാശ്രയ കോളജുകള്‍ അനുവദിക്കുവാനുള്ള നീക്കം ഉപേക്ഷിക്കണമെന്നും വിനില്‍ അഭിപ്രായപ്പെട്ടു.
എ.ഐ.എസ്.എഫ് സംസ്ഥാന കമ്മിറ്റി അംഗം സുബിന്‍ നാസര്‍ അധ്യക്ഷനായി. സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എം ജെംഷീര്‍, ജില്ലാ സെക്രട്ടറി ശ്യാല്‍ പുതുക്കാട്, എ.ഐ.വൈ.എഫ് മണ്ഡലം സെക്രട്ടറി കെ.എ മഹേഷ്, എന്‍.കെ സനല്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു.
മാര്‍ച്ചിനു ജില്ലാ എക്‌സിക്യുട്ടീവ് അംഗങ്ങളായ കെ.വി ജിതിന്‍, വി.യു വിഷ്ണു, അന്‍വര്‍ മുള്ളൂര്‍ക്കര, ജില്ലാ കമ്മിറ്റി അംഗങ്ങളായ ഇ.എസ് ആതിര, കെ.ആര്‍ രാകേഷ് , മീനുട്ടി തിലകന്‍, ടി.എച്ച് നിഖില്‍ എന്നിവര്‍ നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."