തോട്ടം തൊഴിലാളിയുടെ ആത്മഹത്യ; പൊലിസ് അന്വേഷണം ആരംഭിച്ചു
പീരുമേട്: ഗ്രാറ്റിവിറ്റി ലഭിക്കാത്തതിനാല്‍ തോട്ടം തൊഴിലാളി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പൊലിസ് അന്വേഷണം ആരംഭിച്ചു. വാഗമണ്‍ എം.എം.ജെ തോട്ടത്തിലെ തൊഴിലാളിയായിരുന്ന ഉപ്പുതറ പാറപ്പുറത്ത് എബ്രഹാമാണ് റവന്യു ഉദ്യോഗസ്ഥര്‍ക്കെതിരെ ആത്മഹത്യാക്കുറിപ്പ് എഴുതിയതിന് ശേഷം ജീവനൊടുക്കിയത്.
തോട്ടം ജപ്തി ചെയ്ത് പണം നല്‍കണമെന്ന കോടതി ഉത്തരവ് പൂഴ്ത്തിയാണ് റവന്യു ഉദ്യോഗസ്ഥര്‍ തോട്ടം ഉടമയെ സഹായിച്ചതെന്ന് ആത്മഹത്യക്കുറിപ്പില്‍ പറയുന്നു. ആത്മഹത്യാ കുറിപ്പിലെ പരാമര്‍ശങ്ങളാണ് പൊലിസ് അന്വേഷിക്കുന്നത്. ജപ്തിക്ക് തടസമായി നിന്നത് ഇപ്പോള്‍ പീരുമേട്ടിലെ അഡീഷണല്‍ തഹസീല്‍ദാരായി ജോലി ചെയ്യുന്ന വാഗമണ്ണിലെ മുന്‍ വില്ലേജ് ഓഫീസറാണെന്നും കുറിപ്പില്‍ പറയുന്നു.
പീരുമേട് സി.ഐ ഷിബു കുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. ആത്മഹത്യാക്കുറിപ്പിലെ വിവരങ്ങള്‍ ശേഖരിക്കുന്നതിന് റവന്യു ജീവനക്കാരില്‍ നിന്നും സ്റ്റേറ്റ്‌മെന്റ് എടുക്കുമെന്നും സി.ഐ പറഞ്ഞു.
എബ്രഹാമിന്റെ മൃതദേഹം വാഗമണ്‍ ചര്‍ച്ച് ഓഫ് ക്രൈസ്റ്റ് ദേവാലയത്തില്‍ സംസ്‌ക്കരിച്ചു. തോട്ടം തൊഴിലാളികള്‍ ഉള്‍പ്പെടെ നിരവധി ആളുകള്‍ ചടങ്ങില്‍ പങ്കെടുത്തു.
സി.പി.ഐയുടെ എ.ഐ.ടി.യു.സി യൂണിയനില്‍ അംഗമായിരുന്ന എബ്രഹാമിന്റെ സംസ്‌ക്കാര ചടങ്ങില്‍ സി.പി.ഐ നേതാക്കള്‍ വിട്ടുനിന്നത് പ്രതിഷേധത്തിന് കാരണമായി. ആനുകൂല്യം ലഭിക്കാത്ത നിരവധി തൊഴിലാളികളാണ് വാഗമണ്ണിലുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."