ഇടുക്കിയില്‍ സി.പി.എം- സി.പി.ഐ പോര്
തൊടുപുഴ: ദേവികുളം താലൂക്കിലെ ഭൂരേഖ പരിശോധനയുടെ പേരില്‍ റവന്യു വകുപ്പിനെതിരെ നടന്ന സമരത്തെച്ചൊല്ലി സി.പി.എം - സി.പി.ഐ പോര് മുറുകുന്നു.
സ്വന്തം സര്‍ക്കാര്‍ അധികാരത്തില്‍ ഇരിക്കുമ്പോള്‍ സമരം നടത്തിയ സി.പി.എം നയം വെടക്കാക്കി തനിക്കാക്കുക എന്നതാണെന്ന് സി.പി.ഐ ജില്ലാ സെക്രട്ടറി കെ.കെ.ശിവരാമന്‍ പ്രസ്താവനയില്‍ പറഞ്ഞു. ജനങ്ങളുടെ ആഗ്രഹപ്രകാരമാണ് സി.പി.എം സമരം നടത്തിയതെന്ന് ജില്ലാ സെക്രട്ടറി കെ.കെ ജയചന്ദ്രന്‍ കഴിഞ്ഞ ദിവസം പറഞ്ഞതിന് മറുപടിയായാണ് സി.പി.ഐ ജില്ലാ സെക്രട്ടറിയുടെ പരസ്യ പ്രസ്താവന.അഡ്വ. ജോയ്‌സ് ജോര്‍ജ് എം.പി ആരോപണ വിധേയനായിരിക്കുന്ന ഭൂമി ഉള്‍പ്പെട്ട കൊട്ടക്കാമ്പൂര്‍ അടക്കം അഞ്ചുനാട് മേഖലയിലെ അഞ്ച് വില്ലേജുകളിലെ മുഴുവന്‍ ഭൂരേഖയുടെയും നിജസ്ഥിതിയാണ് റവന്യു വകുപ്പ് പരിശോധിക്കുന്നത്.
ദേവികുളം ആര്‍.ഡി.ഓ ഓഫീസിലേക്ക് ഘട്ടം ഘട്ടമായി വിളിച്ചു വരുത്തിയാണ് പരിശോധന. ജോയ്‌സ് ജോര്‍ജ് എം.പിയും കുടുംബാംഗങ്ങളും ഹാജരാകേണ്ടിയിരുന്ന ദിവസമാണ് സി.പി.എം നേതൃത്വത്തിലുളള കര്‍ഷക സംഘം റവന്യു വകുപ്പിന്റെ കര്‍ഷകദ്രോഹത്തിനെതിരെ ആര്‍.ഡി.ഓ ഓഫീസ് മാര്‍ച്ച് നടത്തിയത്.
സ്വന്തം സര്‍ക്കാരിലെ മന്ത്രിമാരെ അപഹസിച്ചും വെല്ലുവിളിച്ചുമല്ല പ്രശ്‌നങ്ങള്‍ പരിഹരിക്കേണ്ടതെന്ന് ശിവരാമന്‍ പറഞ്ഞു.
അഞ്ചുനാട് വില്ലേജുകളിലെ പട്ടയ പരിശോധന, ജില്ലയിലെ കെട്ടിടനിര്‍മ്മാണങ്ങള്‍ക്കുളള എന്‍.ഒ.സി തുടങ്ങിയ വിഷയങ്ങളില്‍ ജനതാല്‍പര്യം സംരക്ഷിച്ചുകൊണ്ടുളള തീരുമാനം ഉടനുണ്ടാകും.
ആറു മാസത്തിനകം പട്ടയനടപടികള്‍ പൂര്‍ത്തിയാക്കുമെന്ന് റവന്യു മന്ത്രി വ്യക്തമാക്കിയിട്ടുളളതാണ്.
എല്‍.ഡി.എഫ് നയമനുസരിച്ചാണ് റവന്യു, വനം മന്ത്രിമാര്‍ പ്രവര്‍ത്തിക്കുന്നത്. മന്ത്രിമാര്‍ ചുമതല ഏറ്റിട്ട് നാലു മാസമേ ആയിട്ടുളളൂ. വിഷയങ്ങള്‍ പഠിച്ച് പരിഹരിക്കുന്നതിന് സമയം വേണമെന്ന് അറിയാത്തവരല്ല സമരാവേശം കാണിക്കുന്നത്.
ജില്ലയിലൂടെ കടന്നുപോകുന്ന മലയോര ഹൈവേ നിര്‍മ്മാണത്തിന് വനം വകുപ്പ് ഏര്‍പ്പെടുത്തിയ വിലക്ക് ഒഴിവാക്കാന്‍ തീരുമാനമായി. കൊച്ചിധനുഷ്‌ക്കോടി ദേശിയ പാത വികസനത്തിനുളള നിയന്ത്രണങ്ങളും നീക്കും.
വനം മന്ത്രിയുടെ ശക്തമായ ഇടപെടലാണ് ഇതിന് വഴിവെച്ചതെന്ന് സമരം നടത്തുന്നവര്‍ ഓര്‍ക്കണം. ജില്ലയിലെ ഭൂപ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ യോജിച്ച സമീപനം കൈക്കൊളളാന്‍ സി.പി.എം നേതൃത്വം തയ്യാറാകണമെന്നും ശിവരാമന്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."