HOME
DETAILS

തീക്കടല്‍ താണ്ടിയവര്‍ക്ക് കല്‍ത്തുറുങ്കും സ്വര്‍ഗമാണ്

  
backup
October 08 2016 | 19:10 PM

%e0%b4%a4%e0%b5%80%e0%b4%95%e0%b5%8d%e0%b4%95%e0%b4%9f%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%a4%e0%b4%be%e0%b4%a3%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%af%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d

  മുഹമ്മദ് അനീസിന്റെ കണ്‍മുന്‍പിലുണ്ട് ഇന്നും ആ ഭീതിയുടെ കനല്‍. കാതുകളിലുണ്ട് ഇപ്പോഴും ആ നിലവിളി. ജീവനുവേണ്ടി പിടയുന്ന സ്വന്തം സഹോദരിയുടെ ദയനീയമായ കാഴ്ച. ഒരു ബുദ്ധതീവ്രവാദിയുടെ വാള്‍ത്തലപ്പില്‍ പിടഞ്ഞ അവളുടെ ശരീരം പിന്നെയും ജീവനുവേണ്ടി കേണു. ഒരിറ്റു വെള്ളത്തിനായി യാചിച്ച് ആ കണ്ണുകള്‍ ആരെയൊക്കെയോ തിരഞ്ഞു. പക്ഷേ, എന്നിട്ടും ഒന്നടുത്തേക്കു ചെല്ലാന്‍പോലും അവനായില്ല. രണ്ടു തീവ്രവാദികള്‍ സഹോദരിയെ ബലാത്സംഗം ചെയ്തതു കണ്‍മുന്‍പില്‍ വച്ചായിരുന്നു. ഒളിച്ചുനിന്നു കാണേണ്ടിവന്നു അതെല്ലാം. കേള്‍ക്കേണ്ടിവന്നു ജീവനുവേണ്ടിയുള്ള ആ ദീനരോദനം. ഒന്നു കരയാന്‍പോലുമാകാതെ. ഈ ക്രൂരത പറയാനെങ്കിലും അനീസ് ഇന്നു ബാക്കിയായത് ഒരു ഭീരുവിനെപ്പോലെ വീടിന്റെ അരച്ചുമരിനടിയില്‍ ജീവച്ഛവമായി കിടന്നതുകൊണ്ടാണ്.
കലാപത്തില്‍ അനീസിനു നഷ്ടമായത് ബാപ്പയെയും ഉമ്മയെയും രണ്ടു സഹോദരിമാരെയുമാണ്. മൂത്ത സഹോദരന്‍ എങ്ങെനെയോ സഊദി അറേബ്യയിലെത്തിപ്പെട്ടു. അവനരികിലേക്കാണ് മുഹമ്മദ് അനീസും മരണക്കടല്‍ താണ്ടി ജീവനുംകൊണ്ട് ഓടിപ്പോന്നത്. പക്ഷേ, ആ കടല്‍യാത്ര ഒടുങ്ങിയത് സഊദി അറേബ്യയിലെ മക്കത്തിനടുത്ത സുമേഷി ജയിലിലായിരുന്നു.
തടവറയില്‍ നിന്ന് ഇതുപറയുമ്പോള്‍ മുഹമ്മദ് അനീസ് കരഞ്ഞില്ല. കരയാനും ചിരിക്കാനും എന്നോ മറന്നു തുടങ്ങിയിരിക്കുന്നു ആ യുവാവ്. അനീസ് മാത്രമല്ല, സഊദി ജയിലിലെ റോഹിംഗ്യന്‍ സഹതടവുകാരായ ദില്‍വര്‍ ഹുസൈനും സഹദുല്ലയും മുഹമ്മദ് സുലൈമാനും നൈസാമും അടക്കം മ്യാന്‍മറില്‍ നിന്നുള്ള 80 ചെറുപ്പക്കാരും ഇതേ അവസ്ഥയിലാണ്. അവര്‍ പങ്കുവയ്ക്കുന്നത് സമാനമായ അനുഭവദൈന്യവുമാണ്.

 


സഹിച്ചും ക്ഷമിച്ചും ഹൃദയം കല്ലായിപ്പോയവരാണ് ഇവരില്‍ പലരും. കരയാന്‍ കണ്ണുനീര്‍ പോലും ബാക്കിയില്ലാത്തവര്‍. മ്യാന്‍മറിലെ മണ്ടുമുനി നഗരത്തിനടുത്തു നിന്നുള്ളവരാണ് ഇവരെല്ലാവരും. പലര്‍ക്കും ബന്ധുക്കളെ നഷ്ടപ്പെട്ടു. ചിലര്‍ കലാപത്തില്‍ കൊല്ലപ്പെട്ടു. ചിലര്‍ കപ്പലില്‍വച്ചും മരിച്ചു. മറ്റുചിലര്‍ പലായനത്തിനിടയില്‍ കൂട്ടംതെറ്റി. ബാക്കിയായവര്‍ ഇപ്പോഴും പലയിടത്തായി കഴിയുന്നു. പലരെക്കുറിച്ചും ഒരു വിവരവുമില്ല. മരിക്കുന്നതിനു മുന്‍പ് അവരെയിനി കണ്ടെത്താനാകുമോ എന്ന പ്രതീക്ഷയുമില്ല. ചിലര്‍ മാത്രം ജയിലില്‍ നിന്ന് അവശേഷിക്കുന്ന ബന്ധുക്കളുമായി ഫോണില്‍ സംസാരിക്കുന്നുണ്ട്.  

 


മുഹമ്മദ് കൈസറിന് 28 വയസേയുള്ളൂ. എന്നാല്‍ നാലു കുട്ടികളുണ്ട് അയാള്‍ക്ക്. കുടുംബവും കുട്ടികളും ബര്‍മയിലുണ്ട്. എന്നാല്‍ മൂന്നു വര്‍ഷമായി അവരെ ആരെയും കാണാനായിട്ടില്ല. ഇനി കാണാനാകുമോ?


ജന്മനാട്ടില്‍ നിന്നും മറ്റൊരു ദേശത്തേക്ക് കടക്കാന്‍ ശ്രമിക്കുമ്പോള്‍ അവരെ രക്ഷിക്കാമെന്നു പറഞ്ഞ് മനുഷ്യക്കടത്ത് സംഘങ്ങള്‍ കുറച്ചൊന്നുമല്ല ചൂഷണം ചെയ്തത്. അതിന്റെ പേരില്‍ ഭീമമായ തുകയാണ് തട്ടിയെടുത്തത്. ചോദിക്കുന്ന സംഖ്യ കൊടുത്തിട്ടും അവര്‍ ചിലരെ നടുക്കടലില്‍ ഉപേക്ഷിച്ചു. മറ്റു ചിലരെ ഏതൊക്കെയോ തീരങ്ങളില്‍ തള്ളി. നടുക്കടലിലും ക്യാംപുകളിലും ആരോരുമറിയാതെ മരിച്ചു വീണവരും മരിച്ചു ജീവിച്ചവരുമുണ്ട്. ഒന്നിനുമില്ല കൃത്യമായ കണക്ക്. എന്നാല്‍ സഊദി ജയിലില്‍ കഴിയുന്ന ഈ ചെറുപ്പക്കാര്‍ കാര്യമായൊരു തെറ്റും ചെയ്തിട്ടില്ല. ഇവര്‍ എത്തിപ്പെട്ടത് സഊദി അറേബ്യയിലാണ്. അതും മനുഷ്യക്കടത്തു സംഘങ്ങള്‍ സംഘടിപ്പിച്ച വ്യാജ ഇന്ത്യന്‍ പാസ്‌പോര്‍ട്ടില്‍.
അന്താരാഷ്ട്ര സമൂഹവും മാധ്യമങ്ങളും കുറ്റകരമായ മൗനം തുടരുമ്പോഴും മ്യാന്‍മറില്‍ നിന്നുള്ള ഒട്ടേറെ മുസ്‌ലിംകള്‍ക്ക് സഊദി അറേബ്യ അഭയമേകിയിട്ടുണ്ട്. യാത്രാരേഖകള്‍ ഇല്ലാത്തവര്‍ക്കും പരിഗണനയും സൗജന്യങ്ങളും അനുവദിച്ചിട്ടുണ്ട്. പുതിയ വിസയും ഇഖാമയും അനുവദിച്ച് അവിടെ കഴിയാന്‍ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ആ കാരുണ്യത്തിന്റെ കൈകള്‍ വൈകിയാണെങ്കിലും തഴുകിയെത്തുമെന്നുതന്നെയാണ് ജയില്‍ ജീവിതത്തിനിടയിലും ഇവരുടെ പ്രതീക്ഷ.
കരകാണാനാവാതെ ബംഗാള്‍ ഉള്‍ക്കടലില്‍ കിടന്നു ജീവനുവേണ്ടി യാചിച്ച അവസ്ഥയില്‍ നിന്ന് എത്രയോ ആഹ്ലാദകരമാണ് അവരുടെ ജയില്‍ ജീവിതം. ബോട്ടുകളില്‍ ഭക്ഷണമില്ലാതെയും ലക്ഷ്യമറിയാതെയും സങ്കടക്കടലില്‍ ഒഴുകി നടന്ന അവസ്ഥയോര്‍ക്കുമ്പോള്‍ തങ്ങളിപ്പോള്‍ സ്വര്‍ഗത്തിലാണെന്നാണ് ദില്‍വര്‍ ഹുസൈന്‍ പറയുന്നത്.

ജയില്‍ ജീവിതം
ദില്‍വര്‍ ഹുസൈന്‍ സുമേഷി ജയിലില്‍ എണ്‍പതാം നമ്പര്‍ സെല്ലിലെ പള്ളിയില്‍ ഇമാമാണ്. ആരും ചുമതലപ്പെടുത്തിയതല്ല ആ തസ്തികയില്‍. ശമ്പളവുമില്ല. തടവുകാര്‍ക്കിടയിലെ ഏക ഹാഫിള്. ഖുര്‍ആന്‍ അര്‍ഥമറിഞ്ഞ് പാരായണം ചെയ്യുന്നവന്‍. അപ്പോള്‍ ആ ഉത്തരവാദിത്വം ചുമലില്‍ വന്നു പതിയുകയായിരുന്നു. ഹിന്ദിയില്‍ ഖുര്‍ആന്‍ ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കുന്നുണ്ട് ഈ ഇരുപത്തിനാലുകാരന്‍. ജയിലില്‍ ജുമുഅ നിസ്‌കരിക്കാനുള്ള സൗകര്യങ്ങളില്ല. സെല്ലില്‍ നിന്ന് ഒരിക്കലും പുറത്തിറക്കാറുമില്ല. എന്നാല്‍ പത്തു മാസമായി മുടങ്ങിയ ജുമുഅ നിസ്‌കാരത്തിനുള്ള സൗകര്യം ജയിലില്‍ ഒരുക്കണമെന്നതാണ് ഇവരുടെ പ്രാഥമികമായ ആവശ്യം. റമദാനില്‍പോലും അതിനു സാധിക്കാത്തതിലാണ് ദില്‍വര്‍ ഹുസൈന്റെ സങ്കടം.

നാടുകടത്തല്‍ സെല്‍
ഇത് ഇന്ത്യക്കാരുടെ നാടുകടത്തല്‍ സെല്ലാണ്. യാത്രാരേഖകളില്‍ പ്രശ്‌നമുള്ളവരെയും ഒരു കാരണവശാലും സഊദിയില്‍ തുടരാന്‍ സാധിക്കാത്തവരെയും നാട്ടിലേക്കു മടക്കിയയക്കാന്‍ താമസിപ്പിക്കുന്ന കേന്ദ്രം. അതിനകത്താണ് ബര്‍മയില്‍ നിന്നുള്ള തടവുകാരും കഴിയുന്നത്. തൊട്ടടുത്ത ഇന്ത്യന്‍ സെല്ലുകളിലാണ് ഇവരെയും പാര്‍പ്പിച്ചിരിക്കുന്നത്. ജന്മം കൊണ്ട് ബര്‍മക്കാരാണെങ്കിലും ഇന്ത്യന്‍ പാസ്‌പോര്‍ട്ടിലെത്തിയതുകൊണ്ടാണ് ഇവരെയും ഇവിടെ താമസിപ്പിച്ചിരിക്കുന്നത്. ഈ സെല്ലിലെത്തുന്നവരുടെ കാലാവധി രണ്ടോ മൂന്നോ ആഴ്ചയാണ്. അതിനുള്ളില്‍ നാട്ടിലേക്കുള്ള യാത്രാരേഖകള്‍ ശരിയാകും. അപ്പോള്‍ ആഹ്ലാദത്തോടെ അവര്‍ യാത്രയാകും. അങ്ങനെ വന്നവരുടെ മുഖങ്ങള്‍ പല തവണ മാറിമറിഞ്ഞു. രണ്ടാഴ്ചയോ മൂന്നാഴ്ചയോ ആണ് പുതുതായി എത്തുന്നവരുടെ കാലാവധി. ദിവസവും പത്തോ അതിലധികമോ പുതിയ ആളുകള്‍ വരുന്നു. അഞ്ചോ പത്തോ  ആളുകള്‍ തിരിച്ചുപോകുന്നു. ഇങ്ങനെ പലരും വന്നു. വന്നവരൊക്കെ തിരിച്ചുപോയി. പക്ഷേ അപ്പോഴൊന്നും മാറിയില്ല ബര്‍മക്കാരായ ഈ ചെറുപ്പക്കാരുടെ മുഖങ്ങള്‍. പത്തു മാസമായി അവരുടെ വീടും നാടുമെല്ലാം ആ സെല്ലാണ്.

അരക്ഷിത ജീവിതങ്ങള്‍
ലോക ജാലകങ്ങള്‍ തുറക്കപ്പെടുന്നത് എവിടേക്കാണെന്നറിയാതെയാണ് റോഹിംഗ്യന്‍ തടവുകാരുടെ ദിനങ്ങള്‍ കൊഴിഞ്ഞു വീഴുന്നത്. എന്നെങ്കിലുമൊരിക്കല്‍ പുറത്തിറങ്ങുമ്പോള്‍ തണലൊരുക്കുന്ന കേന്ദ്രങ്ങള്‍ ഉണ്ടാകുമോ എന്ന് ആശങ്കപ്പെടുന്നവരാണേറെപ്പേരും. മനോഹരമായ സ്വപ്നങ്ങളൊന്നുമില്ല, ഇനി ഇവര്‍ക്ക്. അരക്ഷിത ജീവിതത്തിന്റെ നേര്‍ക്കാഴ്ചകള്‍ കണ്ടുമടുത്തതിനാല്‍ ഇവര്‍ മറ്റുള്ളവരോട് ജയിലില്‍ പലപ്പോഴും കയര്‍ക്കുന്നു. അതു സംഘര്‍ഷത്തിലേക്കു വഴിമാറുന്നു. ചെറിയ അസഹിഷ്ണുതയോടുപോലും ക്ഷമിക്കാനാകുന്നില്ല. മൊബൈല്‍ ഫോണിന്റെ ചാര്‍ജറിനുവേണ്ടി, വലിച്ചു വലിച്ചെറിയുന്ന സിഗരറ്റ് കുറ്റിയുടെ പേരില്‍പോലും തര്‍ക്കങ്ങളുണ്ടാകുന്നു. ബന്ധുക്കളുമായി പിരിഞ്ഞിരിക്കാന്‍ നിര്‍ബന്ധിതരായതുകൊണ്ട് ഒട്ടേറെ മാനസിക പ്രയാസങ്ങള്‍ ഇവരെ വലയ്ക്കുന്നുണ്ട്. നാട്ടിലുള്ള ബന്ധുക്കള്‍ പലരും രോഗികളാണ്. പ്രായമായവരെ മാത്രമല്ല ചെറുപ്പക്കാരെപോലും കലാപത്തിന്റെ മുറിവുകള്‍ വേട്ടയാടുന്നു.
ജീവച്ഛങ്ങളും അംഗവൈകല്യം വന്നവരും എല്ലാം ഉണ്ടവരില്‍. പലരും കൂടുതല്‍ വിദ്യാഭ്യാസം നേടാത്തവരാണ്. മദ്‌റസാ പഠനംപോലും ഇടക്കുവച്ചു നിര്‍ത്തിയവര്‍. സഹാതാപവും സഹാനുഭൂതിയുമൊന്നും തങ്ങള്‍ക്കുവേണ്ടെന്നവര്‍ പറയുന്നു. എന്നാല്‍ ജീവിക്കാനുള്ള അവകാശത്തിനുവേണ്ടിയവര്‍ പോരാടുന്നു. പിറന്ന നാട്ടില്‍ പുതിയൊരു ജീവിതം സ്വപ്നം കാണുന്നില്ലെങ്കിലും അവിടെ കിടന്നു മരിക്കണമെന്നതാണ് ഭൂരിഭാഗത്തിന്റെയും ആഗ്രഹം.

ദില്‍വര്‍ പറഞ്ഞ കഥ
ദില്‍വര്‍ ഹുസൈന്റെ ഉമ്മയും സഹോദരിയും വംശഹത്യയില്‍ കൊല്ലപ്പെട്ടു. ഗര്‍ഭിണിയായ സഹോദരി റൈഹാനയുടെ വയറ്റില്‍ ശൂലം കുത്തിയിറക്കി കലാപകാരികള്‍. പിതാവും മൂത്ത സഹോദരനും ജീവനുംകൊണ്ട് ഓടിപ്പോന്നത് ജിദ്ദയിലേക്കാണ്. അവര്‍ക്കരികിലേക്ക് ഓടിയെത്തിയതാണ് അവനും. എന്നാല്‍ അവരെ അവനു കണ്ടെത്താനായില്ല. നാലു മാസം ജിദ്ദയില്‍ തന്നെയുള്ള മറ്റു ബര്‍മക്കാര്‍ക്കൊപ്പം കഴിഞ്ഞുകൂടി. കുറച്ചുകാലം ഒരറബിയുടെ വീട്ടില്‍ ഹാരിസായി (കാവല്‍ക്കാരന്‍) ജോലി ചെയ്തു. പിതാവിനെയും സഹോദരനെയും കണ്ടെത്തുന്നതിനുള്ള അന്വേഷണത്തിനിടയിലായിരുന്നു അവന്‍. അതിനിടയിലാണ് വ്യാജ പാസ്‌പോര്‍ട്ടുമായി പിടിയിലാകുന്നത്. ഇപ്പോള്‍ പത്തു മാസമാകുന്നു ജയിലില്‍.

 ഇനി നാട്ടിലേക്ക് മടക്കല്ലേ
ഗുരുതരമല്ലാത്ത ഒരുതെറ്റിന്റെ പേരില്‍ പത്തു മാസത്തിലേറെ അന്യരാജ്യത്തു ജയിലില്‍ കഴിയേണ്ടിവന്നാല്‍ നമ്മളാകെ തകര്‍ന്നുപോകും. കരഞ്ഞു നിലവിളിക്കും. ആരെങ്കിലും പറയുമോ, എനിക്കെന്റെ ജന്മനാട്ടിലേക്കു പോകുന്നതിനേക്കാള്‍ ഇഷ്ടം ജയിലില്‍ കഴിയുന്നതാണെന്ന്, ഒരിക്കലും നാട്ടിലേക്കു കയറ്റി അയക്കരുതെന്ന്, ഇല്ല. എന്നാല്‍ ഈ ചെറുപ്പക്കാര്‍ ഒരേ സ്വരത്തില്‍ കെഞ്ചുന്നു. തങ്ങളെ നാട്ടിലേക്കു തിരിച്ചയക്കരുതേ എന്ന്.


വിദ്വേഷത്തിന്റെ വിത്തിട്ടവര്‍

ശ്രീബുദ്ധന്റെ അനുയായി എന്നവകാശപ്പെടുന്ന റാഡിക്കല്‍ ബുദ്ധിസ്റ്റ് വിഭാഗത്തിന്റെ തലവന്‍ അഷിന്‍ വിരാത്തുവാണ് 1980കളില്‍ ബര്‍മയില്‍ വംശീയവിദ്വേഷത്തിന്റെ വിത്തുവിതറിയത്. വിരാത്തുവിന്റെ നേതൃത്വത്തില്‍ രൂപംകൊണ്ട പാര്‍ട്ടിയുടെ സ്റ്റഡി ക്ലാസുകളിലെല്ലാം വംശീയവെറികളുടെ പാഠങ്ങളായിരുന്നു. അനുയായികള്‍ അതില്‍ വെള്ളവും വളവുമിട്ട് നട്ടാല്‍ മുളയ്ക്കുന്ന വിഷബോംബ് പറിച്ചെടുത്തു. അതു പലയിടത്തും വീണു പൊട്ടിച്ചിതറി. അദ്ദേഹത്തിന്റെ പ്രഭാഷണങ്ങള്‍ മ്യാന്‍മര്‍ മുസ്‌ലിംകളുടെ അസ്തിത്വത്തെ തന്നെ ചോദ്യം ചെയ്തു. 2012 ജൂണിലായിരുന്നു ആസൂത്രിതമായ ആ കലാപം. മനുഷ്യകബന്ധങ്ങളെക്കൊണ്ട് മ്യാന്‍മര്‍ നിറഞ്ഞു. ലക്ഷക്കണക്കിനു റോഹിംഗ്യന്‍ മുസ്‌ലിംകളെയാണ് ആ കലാപം മരണത്തിലേക്ക് ചവിട്ടിത്താഴ്ത്തിയത്. തുടര്‍ച്ചകളായി പിന്നെയും തോക്കുകള്‍ ഗര്‍ജിച്ചു.
വാളുകളും വടികളും രക്തപങ്കിലമായ കഥകള്‍ പറഞ്ഞു. സൈന്യത്തിന്റെ അനുഗ്രഹാശിസുകളോടെയായിരുന്നു ഈ വംശവെറി മുഴുവന്‍ അരങ്ങേറിയത്. ജീവന്‍ ബാക്കിയായവര്‍ സുരക്ഷിതമായ ഭാവിക്കപ്പുറം ജീവന്‍ നിലനിര്‍ത്താനുള്ള മുറവിളികളുമായാണ് വീടും നാടും ഉപേക്ഷിച്ച് പലായനം ചെയ്തത്. ഉടുതുണിക്ക് മറുതുണിയില്ലാത്ത യാത്ര. സ്ത്രീകളും കുട്ടികളും വൃദ്ധരും അടങ്ങുന്ന ആബാലവൃദ്ധം മനുഷ്യരുടെ നിലവിളികളുടെയും വിശപ്പിന്റെയും രോദനങ്ങള്‍ ആരും കേട്ടില്ല. എന്നാല്‍ സഊദി അറേബ്യ, ആസ്‌ത്രേലിയ, ഇന്ത്യ, അമേരിക്ക തുടങ്ങിയ രാജ്യങ്ങളെല്ലാം ഈ ജനവിഭാഗത്തിനു അഭയമേകിയിട്ടുണ്ട്.





Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രായപൂര്‍ത്തിയാകാത്ത കുട്ടി സ്‌കൂട്ടര്‍ ഓടിച്ച സംഭവത്തില്‍ അമ്മയ്‌ക്കെതിരെ കേസെടുത്തു

Kerala
  •  6 hours ago
No Image

മുനമ്പത്തേത് ക്രിസ്ത്യന്‍- മുസ്‌ലിം പ്രശ്‌നമല്ലെന്ന് കാത്തലിക് ബിഷപ് കോണ്‍ഫറന്‍സ് 

Kerala
  •  7 hours ago
No Image

ഐഎഫ്എഫ്‌കെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിക്ക് നേരെ കൂവല്‍; യുവാവ് പിടിയില്‍

Kerala
  •  8 hours ago
No Image

തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതിയെ എംഡിഎംഎയുമായി പട്ടാമ്പി പൊലിസ് പിടികൂടി 

Kerala
  •  8 hours ago
No Image

ഫ്രാങ്കോയിസ് ബെയ്റൂവ് പുതിയ ഫ്രഞ്ച് പ്രധാനമന്ത്രി

International
  •  9 hours ago
No Image

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

Kerala
  •  9 hours ago
No Image

എസ്എഫ്ഐ ആധിപത്യം അവസാനിച്ചു; 30 വർഷത്തിന് ശേഷം കുസാറ്റ് യൂണിയൻ തിരിച്ചുപിടിച്ച് കെഎസ്‌യു

Kerala
  •  9 hours ago
No Image

ദുരന്ത മുഖത്തെ സേവനങ്ങള്‍ക്ക് കണക്ക് നിരത്തി കേന്ദ്രം; 132.62 കോടി ഉടന്‍ തിരിച്ചടയ്ക്കാന്‍ നിര്‍ദേശം

Kerala
  •  9 hours ago
No Image

പനയംപാടം അപകടം; ലോറി ഡ്രൈവർമാരെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു

Kerala
  •  9 hours ago
No Image

ഒമാന്റെ ആകാശത്ത് ഇന്നും നാളെയും ഉൽക്കാവർഷം കാണാം

oman
  •  10 hours ago