സര്‍ക്കാര്‍ നിലപാട് കര്‍ഷക വഞ്ചനയെന്ന് മാണി
കോട്ടയം: കേരളത്തിലെ 123 വില്ലേജുകള്‍ പൂര്‍ണമായും പരിസ്ഥിതിലോല മേഖലയില്‍ തന്നെയെന്ന സംസ്ഥാന സര്‍ക്കാരിന്റെ സത്യവാങ്മൂലം പശ്ചിമഘട്ട മേഖലയിലെ കര്‍ഷകരോടുള്ള വഞ്ചനയാണെന്ന് കേരളാ കോണ്ഗ്രസ്സസ് (എം)ചെയര്മാന് കെ.എം മാണി. മുന്‍സര്‍ക്കാരിന്റെ നിലപാടില്‍ മാറ്റം വരുത്തിയ ഈ നടപടി കടുത്ത കര്‍ഷക വഞ്ചനയാണ്. മലയോരമേഖലയെ ആശങ്കയില്‍ ആഴ്ത്തിയ കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് അന്നത്തെ സര്‍ക്കാര്‍ 123 വില്ലേജുകളെ പരിസ്ഥിതിലോല മേഖലയില്‍ നിന്ന് ഒഴിവാക്കിക്കൊണ്ടുള്ള ഉമ്മന്‍ വി ഉമ്മന്‍ കമ്മിറ്റി നല്കിയ റിപ്പോര്‍ട്ടാണ് ഹരിത ട്രൈബ്യൂണലിലും സുപ്രിംകോടതിയിലും നല്‍കിയത്.
കേരളത്തിന്റെ കാര്‍ഷിക മേഖലയില്‍ ദൂരവ്യാപകമായ പ്രത്യാഘാതം ഉണ്ടാക്കുന്ന ഗുരുതരമായ വീഴ്ചയാണ് ഈ സത്യവാങ്മൂലത്തിലൂടെ സംഭവിച്ചിരിക്കുന്നത്. അടിയന്തിരമായി ഈ സത്യവാങ്മൂലം പിന്‍വലിക്കണം. സംസ്ഥാന സര്‍ക്കാര്‍ ഇതിന് തയാറായില്ലെങ്കില്‍ വമ്പിച്ച കാര്‍ഷിക പ്രക്ഷോഭത്തിന് കേരളാ കോണ്‍ഗ്രസ് നേതൃത്വം നല്‍കും. കഴിഞ്ഞ സര്‍ക്കാര്‍ ജനവാസമേഖലയേയും തോട്ടംമേഖലയേയും ഇ.എസ്.എയില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടതനുസരിച്ച് 123 വില്ലേജുകളെ ഒഴിവാക്കിയിരുന്നു. കര്‍ഷകരുടെ കൃഷിഭൂമിയെ വീണ്ടും പരിസ്ഥിതിലോല മേഖലയില്‍ ഉള്‍പ്പെടുത്താനുള്ള നീക്കം എന്തുവിലകൊടുത്തും ചെറുത്തു തോല്‍പ്പിക്കുമെന്നും കെ.എം മാണി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."