കേരളപ്പിറവിയുടെ അറുപതുവര്‍ഷം ആഘോഷമാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍
കൊല്ലം: കേരളപ്പിറവിയുടെ അറുപതുവര്‍ഷം ഒരു വര്‍ഷം നീളുന്ന വിപുലമായ പരിപാടികളോടെ സര്‍ക്കാര്‍ ആഘോഷിക്കും. കേരളത്തിന്റെ വജ്രജൂബിലി ആയതിനാല്‍ 'വജ്രകേരളം' എന്ന പേരിലായിരിക്കും ആഘോഷം. ഇതിന് അഞ്ചു കോടി രൂപയോളം നീക്കിവച്ചതായാണ് അറിയുന്നത്.
ഒരുവര്‍ഷം മുന്‍പ് അന്നത്തെ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്താണ് ആഘോഷത്തെക്കുറിച്ചുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയത്. സര്‍ക്കാര്‍ മാറിയതിനെ തുടര്‍ന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശപ്രകാരം ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പ് വിശദമായ പദ്ധതി തയാറാക്കുകയും ചെയ്തു. കേരളത്തിന്റെ മതേതര, ജനാധിപത്യ പാരമ്പര്യത്തിന് ശക്തി വര്‍ധിപ്പിക്കാന്‍ കഴിഞ്ഞ അറുപത് വര്‍ഷത്തെ അനുഭവങ്ങള്‍ ഏതുവിധത്തില്‍ ഉപയോഗപ്പെടുത്താമെന്നതാണ് വജ്രകേരളം ആഘോഷത്തിന്റെ മുഖ്യസന്ദേശമായി പ്രചരിപ്പിക്കുക.
രാജ്യത്തിനും ലോകത്തിനും മുന്‍പില്‍ പ്രശംസിക്കപ്പെട്ട പ്രശസ്തമായ കേരള മാതൃകകള്‍ക്ക് ഇപ്പോള്‍ തിരിച്ചടി നേരിട്ടോയെന്നും പരിശോധിക്കും. ആരോഗ്യം, വിദ്യാഭ്യാസം, സാക്ഷരത, ശുചിത്വം, സഹകരണ പ്രസ്ഥാനം തുടങ്ങിയ മേഖലകളിലെ കേരളമോഡലുകള്‍ക്ക് ഇടക്കാലത്ത് തിരിച്ചടി നേരിട്ടുവെന്നും ചില മേഖലകളില്‍ തിരിച്ചുപോക്കുപോലും സംഭവിച്ചതായുമുള്ള വിലയിരുത്തല്‍ സി.പി.എമ്മിനുണ്ട്. അതിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ സ്വീകരിക്കേണ്ട നടപടികള്‍ തീരുമാനിച്ചു വജ്രകേരളത്തില്‍ ഉള്‍പ്പെടുത്തി നടപ്പാക്കാനുള്ള നീക്കവുമുണ്ട്. സംസ്ഥാനത്തു മുന്‍പില്ലാത്ത വിവിധം രോഗങ്ങള്‍ പടരുന്നതും പോഷകാഹാരക്കുറവുമൂലം ചില പ്രദേശങ്ങളിലെങ്കിലും ശിശുമരണങ്ങള്‍ ഉണ്ടാകുന്നതും അറുപത് വര്‍ഷത്തെ വളര്‍ച്ചയ്ക്ക് തിരിച്ചടിയാണെന്നാണ് ഭരണ നേതൃത്വം കണക്കുകൂട്ടുന്നത്.
വിദ്യാഭ്യാസ രംഗത്ത് സ്വകാര്യമേഖലയുടെ പങ്കാളിത്തം വര്‍ധിച്ചത് കൂടുതല്‍ സ്ഥാപനങ്ങള്‍ ഉണ്ടാകാനും കൂടുതല്‍ പേര്‍ക്ക് വിദ്യാഭ്യാസം ലഭിക്കാനും ഇടയാക്കിയെങ്കിലും വിദ്യാഭ്യാസക്കച്ചവടം പിടിച്ചാല്‍ കിട്ടാത്ത നിലയിലായി. കേരളമാകെ മാലിന്യ സംസ്‌കരണം വലിയ സാമൂഹിക പ്രശ്‌നമായി മാറിയതും, വികസന നേട്ടങ്ങള്‍ക്കു തിരിച്ചടിയായെന്നാണ് വിലയിരുത്തല്‍.
അതേസമയം, ആളോഹരി വരുമാനം, ബിരുദധാരികളുടേയും പ്രൊഫഷണല്‍ യോഗ്യത നേടിയവരുടെയും എണ്ണം, മാധ്യമങ്ങളുടെയും, സാങ്കേതിക വിദ്യയുടെയും, അടിസ്ഥാന സൗകര്യങ്ങളുടെയും വളര്‍ച്ച തുടങ്ങിയവ അറുപതു വര്‍ഷത്തിനുള്ളില്‍ കേരളംപോലെ ഒരു കൊച്ചു സംസ്ഥാനത്ത് ആനുപാതികമായി ഉണ്ടാകാവുന്നതിലും കൂടുതലാണ്. എന്നാല്‍ ഈ പുരോഗതിയില്‍ ഇടതുപക്ഷ ശക്തികളുടെ സ്വാധീനം ഇടിച്ചു കാണിക്കാന്‍ ബോധപൂര്‍വമായ ശ്രമം നടക്കുന്നുവെന്ന സംശയവും ചിലകേന്ദ്രങ്ങില്‍ നിന്നും ഉയര്‍ന്നിട്ടുണ്ട്. ഇതിനെതിരായ ബോധവല്‍ക്കരണം കൂടിയായി വജ്രകേരളം മാറും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."