രേഖകള്‍ കൊണ്ടുപോകാനെത്തിയത് അര്‍ധരാത്രി; ഉറക്കമൊഴിച്ച് സമരം
മലപ്പുറം: സ്‌കോള്‍ കേരള മലബാര്‍ മേഖല കേന്ദ്രം അടച്ചുപൂട്ടാന്‍ നീക്കം നടക്കുന്നുവെന്ന ആരോപണങ്ങള്‍ക്കിടെ ജില്ലയിലെ ഒന്നാം വര്‍ഷ വിദ്യാര്‍ഥികളുടെ രേഖകള്‍ തിരുവനന്തപുരത്തേക്കു കൊണ്ടുപോകാന്‍ വാഹനമെത്തിയത് അര്‍ധ രാത്രി. യുവജന വിദ്യാര്‍ഥി പ്രസ്ഥാനങ്ങളുടെ പ്രതിഷേധം ഉണ്ടാകുമെന്നു കണ്ടതിനെത്തുടര്‍ന്നാണു തിരുവനന്തപുരത്തുനിന്നു വാഹനം എത്തിച്ചു ഫയല്‍ രാത്രി 12 മണിയോടെ രഹസ്യമായി കൊണ്ടുപോകാന്‍ തീരുമാനിച്ചത്. ഇതു തടയാന്‍ യൂത്ത് ലീഗ്, യൂത്ത് കോണ്‍ഗ്രസ് തുടങ്ങിയ യുവജന സംഘടനകളും എം.എസ്.എഫ് പ്രവര്‍ത്തകരും മേഖല ഓഫിസിനു മുന്നില്‍ രാത്രി തന്നെ തമ്പടിച്ചിരുന്നു. ഇതിനെത്തുടര്‍ന്നാണ് അര്‍ധരാത്രിയില്‍ രേഖകള്‍ കൊണ്ടുപോകുന്നതില്‍ നിന്ന് അധികൃതര്‍ പിന്‍മാറിയത്.
തുടര്‍ന്നു രേഖകള്‍ കൊണ്ടുപോകുന്നതിനുള്ള വാഹനം പുലര്‍ച്ചെയോടെ സിവില്‍ സ്‌റ്റേഷനിലെ മേഖല ഓഫിസ് പരിസരത്തെത്തി. ഇവിടെ സംഘടിച്ചെത്തിയ യൂത്ത്‌ലീഗ്- എം.എസ്.എഫ് പ്രവര്‍ത്തകരാണു രേഖകള്‍ എടുക്കാന്‍ സമ്മതിക്കാതെ വാഹനം തിരിച്ചയച്ചത്. തുടര്‍ന്ന് ഓഫിസിനു മുന്നില്‍ യൂത്ത്‌ലീഗ്, എം.എസ്.എഫ്, യൂത്ത് കോണ്‍ഗ്രസ് ജില്ലാ നേതാക്കളുടെ നേതൃത്വത്തില്‍ പ്രതിഷേധ ധര്‍ണയും നടന്നു. തുടര്‍ന്ന് രാത്രി എം.എല്‍.എ ഉള്‍പ്പെടെയുള്ള ജനപ്രതിനിധികളോടും സംഘടനാ പ്രതിനിധികളോടും ചര്‍ച്ച നടത്തിയതിനെ തുടര്‍ന്നുണ്ടായ ഉറപ്പിനെ തുടര്‍ന്നാണ് സമരം ഒഴിവാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."