കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ നെല്ല് ജനിതക സംരക്ഷണ യൂനിറ്റ് ഒരുങ്ങി
കാലിക്കടവ്: പിലിക്കോട് കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ നാടന്‍ നെല്ലിനങ്ങളുടെ ജനിതക സംരക്ഷണ യൂനിറ്റ് ഒരുങ്ങി. ഒരുകാലത്തു വടക്കന്‍ കേരളത്തിന്റെ നെല്‍വയലുകളില്‍ വിളഞ്ഞുനിന്നിരുന്ന നാടന്‍ നെല്‍വിത്തിനങ്ങള്‍ വരും കാലത്തേക്കു കാത്തുവയ്ക്കുക എന്നതാണു ലക്ഷ്യം. വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ കൃഷി ചെയ്തിരുന്നതും ഇപ്പോള്‍ ചെയ്തുവരുന്നതുമായ ആവടി, ആയിരം കാന, അടുക്കന്‍, ചെമ്പാവ്, ചെറുവളിയന്, ചെന്നെല്ല്, കല്ലടിയാരന്‍, കയമ, കോതണ്ടന്‍, കൊയിവാലന്, കറുത്തല്ലിക്കണ്ണന്, വെളുത്തല്ലിക്കണ്ണന് എന്നീ വിത്തുകളെല്ലാം ജനിതക ശേഖരത്തിലുണ്ട്. ഒപ്പം വിദേശ ഇനങ്ങളുമുണ്ട്.
പിലിക്കോട് ഉത്തരമേഖല കാര്‍ഷിക ഗവേഷണ കേന്ദ്രം അസിസ്റ്റന്റ് പ്രൊഫസറായ ഡോ.വനജയുടെ ശേഖരത്തില്‍ നിന്നുള്ളതാണു വിത്തുകള്‍. കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ നിന്നുള്ള മുപ്പത് വിത്തിനങ്ങള്‍ ദില്ലിയില്‍ നാഷണല്‍ ബ്യൂറോ ഓഫ് പ്ലാന്‍ ജനറ്റിക് റിസോഴ്സിലും(എന്‍.ബി.പി.ആര്)അതിന്റെ ശാഖയായ തൃശൂരിലും നിലവില്‍ ലിക്വിഡ് നൈട്രജന്‍ സംവിധാനം ഉപയോഗിച്ചു സൂക്ഷിച്ചു വച്ചിട്ടുണ്ട്.
വര്‍ഷാവര്‍ഷം കൃഷിയിറക്കിയാണു മറ്റു വിത്തുകള്‍ സംരക്ഷിച്ചു വരുന്നത്. നാടന്‍ വിത്തുകള്‍ സംരക്ഷിക്കുന്നതിനൊപ്പം അതില്‍ നിന്നു പുതിയ വിത്തുകള്‍ ഉണ്ടാക്കിയെടുക്കുന്നതിനും ജനിതക സംരക്ഷണ യൂനിറ്റ് സഹായകമാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."