ഏക സിവില്‍ കോഡ് രാജ്യത്തിന് ആപത്ത്: ജമാഅത്ത് ഫെഡറേഷന്‍
കോതമംഗലം: ഭുലോക ജനതയില്‍ സ്ത്രീ സമൂഹത്തിന് ഏറ്റവും കൂടുതല്‍ സ്വാതന്ത്ര്യവും പദവിയും നല്‍കിയ ഇസ്‌ലാമിക ജീവിത വ്യവസ്ഥയായ ശരീഅത്തില്‍ കൈകടത്തി ഏക സിവില്‍കോഡ് വാദവുമായി വരുന്ന കേന്ദ്ര സര്‍ക്കാരിന്റെ നടപടി ഇന്ത്യാ രാജ്യത്ത് വലിയ ആപത്ത് വിളിച്ചു വരുത്തുന്നതാണെന്ന് കേരള മുസ്‌ലീം ജമാഅത്ത് ഫെഡറേഷന്‍ എറണാകുളം ജില്ലാ കമ്മറ്റി അഭിപ്രായപ്പെട്ടു.
ഇന്ത്യയിലെ ഏറ്റവും വലിയ ന്യൂനപക്ഷമായ മുസ്‌ലിം സമൂഹത്തെ പ്രകോപിപ്പിച്ച് രാഷ്ട്രീയ മുതലെടുപ്പിനുള്ള ശ്രമത്തില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ പിന്‍വാങ്ങണമെന്ന് യോഗം ആവശ്യപ്പെട്ടു.
ഏക സിവില്‍ കോഡ് നടപ്പിലാക്കുന്ന പ്രശ്‌നമില്ലെന്ന് ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമയുടെ നേതൃത്വത്തിന് പ്രധാനമന്ത്രി നേരിട്ട് നല്‍കിയ ഉറപ്പ് ലംഘിക്കുന്നതായാണ് കാണുന്നത്. മുസ്‌ലിം സമുദായം ജീവനേക്കാള്‍ വില കല്‍പ്പിക്കുന്ന ശരീഅത്ത് നിയമത്തെ തകര്‍ക്കാനുള്ള ശ്രമത്തില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ പിന്‍ വാങ്ങിയില്ലെങ്കില്‍ മുസ്‌ലിം സംഘടനകള്‍ ഒറ്റക്കെട്ടായി നടത്തുന്ന സമരങ്ങളില്‍ ജമാഅത്ത് ഫെഡറേഷന്‍ മുന്‍ നിരയിലായിരിക്കുമെന്ന് യോഗം ഉദ്ഘാടനം ചെയ്ത് സംസാരിച്ച സംസ്ഥാന സെക്രട്ടറി രണ്ടാര്‍കര മീരാന്‍ മൗലവി പറഞ്ഞു.
യോഗത്തില്‍ ജമാ അത്ത് ഫെഡറേഷന്‍ ജില്ലാ പ്രസിഡന്റ് എം.എംബാവ മൗലവി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി നൗഷാദ് സ്വാഗതം പറഞ്ഞു. എം.ബി അബ്ദുല്‍ ഖാദര്‍ മൗലവി, മുഹമ്മദ് തൗഫീഖ് മൗലവി ,സി.എ.മൂസാ മൗലവി, കെ.കെ നാസറുദ്ദീന്‍ മൗലവി, ടി.കെ.. മുഹമ്മദ് മൗലവി, പി.എം ഷമീര്‍ മൗലവി, അഷ്‌കര്‍ പറവൂര്‍, സിയാദ് മുടിക്കല്‍, ഡോ. എം.ബി.മുഹമ്മദ് മന്‍സൂര്‍, എം.വി. അന്‍സാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."