തൃക്കാക്കരയിലെ രാത്രികാല സ്‌ക്വാഡുകള്‍ ഉറക്കത്തില്‍
കാക്കനാട്: തൃക്കാക്കര നഗരസഭയിലെ ജനപ്രതിനിധിയുടെയും ഉദ്യോഗസ്ഥരുടേയും നേതൃത്വത്തില്‍ തുടങ്ങിയ രാത്രികാല സ്‌കോഡുകള്‍ ഉറക്കമായതോടെ പൊതുനിരത്തുകളിലും കടമ്പ്രയാര്‍ ജലസ്രോതസുകളിലും മറ്റും മാലിന്യം തള്ളുന്നത് വ്യാപകമാകുന്നു.
നഗരസഭ പ്രദേശത്തെ ഏറ്റവും വലിയ ജലസ്രോതസുകളിലൊന്നായ കടമ്പ്രയാര്‍ ഇപ്പോള്‍ കക്കൂസ് മാലിന്യവും വ്യവസായ സ്ഥാപനങ്ങളിലെ മാലിന്യങ്ങളും തള്ളുന്ന കേന്ദ്രമായി മാറിയിരിക്കുകയാണ്. പ്രദേശവാസികള്‍ക്കിടയില്‍ മഞ്ഞപിത്തവും മാറാരോഗങ്ങളും ഇതേ തുടര്‍ന്ന് പടര്‍ന്നുപിടിക്കുന്നതായിട്ടാണ് റിപ്പോര്‍ട്ട്. മാലിന്യം തള്ളുന്നത് തടായന്‍ പൊലിസും ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങളും യാതൊരു നടപടിയെടുക്കുന്നില്ലെന്നാണ് ആക്ഷേപം.
ദൂരസ്ഥലങ്ങളില്‍ നിന്നും വാഹനങ്ങളില്‍ കൊണ്ടുവരുന്ന കക്കൂസ് മാലിന്യവും അറവുമാലിന്യവും തള്ളാന്‍ കടമ്പ്രയാറിന്റെ കൈവഴികളാണ് പലരും ഉപയോഗിക്കുന്നത്. പലതവണ രാസമാലിന്യങ്ങള്‍ കടമ്പ്രയാറില്‍ ഒഴുക്കിയത് ജലജീവികളുടെ കുരുതിക്ക് കാരണമായി.
ഇന്‍ഫോപാര്‍ക്കിന് സമീപം, എടത്തല, കിഴക്കമ്പലം മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ വ്യവസായശാലകളിലെ മാലിന്യവും രാസമാലിന്യവും ക്രഷര്‍ മാലിന്യവും കൈവഴികള്‍ വഴി കടമ്പ്രയാറില്‍ എത്തിച്ചേരുകയാണ്. ന
ഇതുമൂലം കടമ്പ്രയാറിലെ ജലം കറുത്തിരിക്കുകയാണ്. രാത്രികാലങ്ങളിലാണു കക്കൂസ് മാലിന്യം വണ്ടികളില്‍ കൊണ്ടുവന്ന് അടിക്കുന്നത്. ഇതിന്റെ ദുര്‍ഗന്ധം മൂലം ദിവസങ്ങളില്‍ മൂക്ക് പൊത്താതെ ഇതുവഴി പോകാന്‍ സാധിക്കില്ല. ചാക്കുകളിലാക്കി മാലിന്യം കൊണ്ടുവന്നുതള്ളുകയും ചെയ്യുന്നുണ്ട്.
ജില്ലയിലെ ഏറ്റവും വലിയ കുടിവെള്ള സ്രോതസ്സുകളിലൊന്നാണ് കടമ്പ്രയാര്‍. വര്‍ഷകാലത്തും വേനല്‍ക്കാലത്തും ഒരേപോലെ കരകവിഞ്ഞൊഴുകുന്ന 27 കി.മീ. നീളമുള്ള പതിനാലോളം കൈവഴികളുള്ള ഉള്‍നാടന്‍ ശുദ്ധജല സ്രോതസ്സ് കൂടിയാണ് കടമ്പ്രയാര്‍.
നിരവധി പഞ്ചായത്തുകളും വ്യവസായസ്ഥാപനങ്ങളും കുടിവെള്ളത്തിന് ആശ്രയിക്കുന്നത് കടമ്പ്രയാറിനെയാണ്. എടത്തല, കിഴക്കമ്പലം, കുന്നത്തുനാട്, വടവുകോട്, പുത്തന്‍കുരിശ് പഞ്ചായത്തുകളും തൃപ്പൂണിത്തുറ, തൃക്കാക്കര തുടങ്ങിയ മുനിസിപ്പാലിറ്റികളും ഇന്‍ഫോപാര്‍ക്കും കുടിവെള്ളത്തിന് ആശ്രയിക്കുന്നത് കടമ്പ്രയാറിനെയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."