ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ച് മോഷണം നടത്തി വന്നയാള്‍ പിടിയില്‍
കാട്ടാക്കട: തിരുവനന്തപുരം,കൊല്ലം ജില്ലകളിലെ പ്രമുഖ ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ച് മോഷണം നടത്തിവന്നയാള്‍ പിടിയില്‍.
അതിയന്നൂര്‍ കോട്ടുകാല്‍ തെങ്കവിള മാങ്കുട്ടത്തില്‍ വീട്ടില്‍ സനല്‍കുമാറാണ് (41) പിടിയിലായത്. കഴിഞ്ഞ മാസം കാട്ടാക്കട ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ നിന്നു ശാലിനി എന്ന സ്ത്രീയുടെ സ്വര്‍ണാഭരണങ്ങളടങ്ങിയ ബാഗ് കവര്‍ന്ന കേസിലാണ് ഇയാള്‍ പിടിയിലായത്. പ്രമുഖ ക്ഷേത്രങ്ങളിലെ വിശേഷാല്‍ ദിവസങ്ങളിലെ തിരക്ക് മുതലെടുത്തായിരുന്നു മോഷണം നടത്തിയിരുന്നതെന്ന് ഇയാള്‍ പൊലിസിനോട് വെളിപെടുത്തി. ക്ഷേത്രങ്ങളില്‍ എത്തുന്ന സ്ത്രീകള്‍ കൈവശമുള്ള ബാഗ് പ്രാര്‍ഥനക്കുള്ള സൗകര്യത്തിനായി എവിടെയെങ്കിലും വെയ്ക്കുമ്പോള്‍ അവരുടെ കണ്ണുവെട്ടിച്ച് അത് കൈക്കലാക്കി കൈവശമുള്ള ഷോള്‍ഡര്‍ ബാഗില്‍ ഒളിപ്പിച്ചു സ്ഥലത്തു നിന്നു മുങ്ങുകയാണ് പതിവ്. പലരും പരാതിപ്പെടാതെ പോകുന്നതാണ് ഇയാള്‍ക്ക് അനുഗ്രഹമാകുന്നത്. മുടി പൊലിസ് ശൈലിയില്‍ വെട്ടി നന്നായി വേഷവിധാനം ചെയ്തു നടക്കുന്ന ഇയാള്‍ പൊലിസുകാരന്‍ എന്ന വ്യാജേനെയാണ് കാട്ടാക്കടയില്‍ നിന്നും മോഷ്ടിച്ച സ്വര്‍ണാഭരണങ്ങള്‍ ജുവല്ലറിയില്‍ വിറ്റതെന്ന് പൊലിസിനോട് പറഞ്ഞു.
കഴിഞ്ഞ വര്‍ഷം കൊല്ലം ആനന്തവല്ലീശ്വര ക്ഷേത്രത്തിലെ പഞ്ചലോഹ വിഗ്രഹം മോഷ്ടിച്ച കേസിലും പ്രതിയാണ്. വിചാരണയ്ക്ക് കോടതില്‍ ഹാജരാകാതെ ഒളിവില്‍ കഴിഞ്ഞ് വീണ്ടും കുറ്റകൃത്യങ്ങള്‍ ചെയ്തുവരികയായിരുന്നു.മോഷണം നടത്തിക്കഴിഞ്ഞാല്‍ ഉടന്‍ കൈവശമുള്ള മറ്റൊരു ഷര്‍ട്ട് ധരിച്ച് രക്ഷപ്പെടുകയാണ് ഇയാളുടെ രീതിയെന്നും പൊലിസ് പറഞ്ഞു.
തിരുവനന്തപുരം റൂറല്‍ എസ്.പി ഷെഫീന്‍ അഹമ്മദിന്റെ നിര്‍ദ്ദേശാനുസരണം നെടുമങ്ങാട് ഡി.വൈ.എസ്.പി ഡി.ബിജുമോന്റെ നേതൃത്വത്തില്‍ കാട്ടാക്കട സി.ഐ അനുരൂപ്, കാട്ടാക്കട എസ്.ഐ ബിജുകുമാര്‍ സി.പി.ഒമാരായ സുഭാഷ്, അജിത്ത് കുമാര്‍, അരുണ്‍, പ്രദീപ് എന്നിവര്‍ അടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത് .പ്രതിയെ കോടതില്‍ ഹാജരാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."