കാര്‍ഷിക സര്‍വകലാശാലയുടെ ബയോ കമ്പോസ്റ്റ് മെഷീന്‍ 'ഷിജിത' നൈജീരിയയിലേക്ക്
രണ്ടു മണിക്കൂര്‍ കൊണ്ട് ഭക്ഷ്യ മാലിന്യങ്ങള്‍ വളമാക്കും
അടുത്ത മാസം നൈജീരിയന്‍ സര്‍ക്കാരുമായി കരാര്‍ ഒപ്പിടും
തിരുവനന്തപുരം: കേരള കാര്‍ഷിക സര്‍വകലാശാല വികസിപ്പിച്ചെടുത്ത ബയോ കമ്പോസ്റ്റ് മെഷീന്‍ 'ഷിജിത' നൈജീരിയയിലേക്ക്. കഴിഞ്ഞ മാസം നൈജീരിയയിലെ ഫെഡറല്‍ യൂനിവേഴ്‌സിറ്റി അധികൃതര്‍ വെള്ളായണി കാര്‍ഷിക സര്‍വകലാശാലാ ആസ്ഥാനത്തെത്തി 'ഷിജിത'യുടെ പ്രവര്‍ത്തനം നേരിട്ടുകണ്ടു ബോധ്യപ്പെട്ടു.
ഇതിന്റെ അടിസ്ഥാനത്തില്‍ മെഷീന്‍ നൈജീരിയയിലേക്ക് വ്യാവസായികാടിസ്ഥാനത്തില്‍ എത്തിക്കുന്നതിനായി സര്‍വകലാശാലാ അധികൃതരുമായി ചര്‍ച്ച നടത്തി. നൈജീരിയന്‍ സര്‍ക്കാരുമായി ഇതുസംബന്ധിച്ച കരാര്‍ ഒപ്പിടാനുള്ള തയ്യാറെടുപ്പിലാണ് കാര്‍ഷിക സര്‍വകലാശാലാ അധികൃതര്‍.
അടുത്ത മാസം നൈജീരിയന്‍ സര്‍ക്കാരിന്റെ പ്രതിനിധികള്‍ വീണ്ടും കേരളത്തിലെത്തും. വര്‍ഷങ്ങളുടെ പ്രയത്‌ന ഫലമായാണ് ഭക്ഷ്യ മാലിന്യങ്ങളില്‍ നിന്നും രണ്ടു മണിക്കൂര്‍ കൊണ്ട് വളമുണ്ടാക്കാന്‍ സാധിക്കുന്ന ബയോ കമ്പോസ്റ്റ് മെഷീന്‍ സര്‍വകലാശാല വികസിപ്പിച്ചെടുത്തത്. സംസ്ഥാനത്ത് മാലിന്യ സംസ്‌കരണത്തിനുപയോഗിക്കുന്ന സംവിധാനങ്ങളായ ഇന്‍സിനറേറ്റര്‍, തുമ്പൂര്‍മൊഴി പദ്ധതി എന്നിവയ്ക്ക് ബദലായല്ല ഷിജിത എന്നുപേരിട്ട ബയോ കമ്പോസ്റ്റ് മെഷീന്‍ വരുന്നത്. മാലിന്യ പ്രശ്‌നം കീറാമുട്ടിയായി നില്‍ക്കുന്ന കേരളത്തില്‍ പുതിയ ഉപകരണം ഏറെ ഗുണം ചെയ്യുമെന്ന വിലയിരുത്തലാണ് സര്‍വകലാശാലാ അധികൃതര്‍ക്കുള്ളത്.
വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്ന മെഷീനിന്റെ വില മൂന്നുലക്ഷം രൂപയാണ്. കേരളത്തില്‍ ഈ മെഷീന്‍ കാര്‍ഷിക സര്‍വകലാശാല ക്യാംപസില്‍ മാത്രമേ ഇപ്പോഴുള്ളൂ. എന്നാല്‍, ഈ മാസം 20ന് കോട്ടണ്‍ ഹില്‍ സ്‌കൂളിലും തെന്‍മല ഇക്കോടൂറിസം കേന്ദ്രത്തിലും പരീക്ഷണാടിസ്ഥാനത്തില്‍ സ്ഥാപിക്കുന്നുണ്ട്.
25 കിലോ ഭക്ഷ്യമാലിന്യങ്ങള്‍ വളമാക്കാന്‍ ശേഷിയുള്ള മെഷീനുകളാണ് സ്ഥാപിക്കുന്നത്. പരീക്ഷണ, നിരീക്ഷണങ്ങള്‍ക്കൊടുവില്‍ 2013ല്‍ രണ്ടു മെഷീനുകള്‍ സര്‍വകലാശാലാ ആസ്ഥാനത്തു സ്ഥാപിച്ചു. ഒരുടണ്‍ ഭക്ഷ്യമാലിന്യങ്ങളാണ് ഇവിടെ വളമാക്കിയിരുന്നത്. ഇപ്പോഴും സര്‍വകലാശാലാ ആസ്ഥാനത്ത് വിത്തിനങ്ങള്‍ക്കായി വളര്‍ത്തുന്ന വിളകള്‍ക്ക് ഇതില്‍ നിന്നും ലഭിക്കുന്ന വളമാണുപയോഗിക്കുന്നത്.
ഷിജിതയെ കുറിച്ചുള്ള വിവരങ്ങള്‍ ഇന്റര്‍നെറ്റിലൂടെ അറിഞ്ഞാണ് നൈജീരിയന്‍ യൂനിവേഴ്‌സിറ്റി കേരളത്തിലെത്തിയത്. മാലിന്യ പ്രശ്‌നത്തില്‍ പരിഹാരം കാണാന്‍ ഫലപ്രദമായ സംവിധാനത്തെ കുറിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായാണ് നൈജീരിയന്‍ സംഘം വെള്ളായണിയിലുമെത്തിയത്.
ഭക്ഷ്യ മാലിന്യത്തില്‍ നിന്നും വളം ഉത്പ്പാദിപ്പിക്കുന്നതില്‍ ഷിജിത വിജയകരമാണെങ്കിലും കേരളസര്‍ക്കാര്‍ ഈ മെഷീന്‍ ഇതുവരെ അംഗീകരിച്ചിട്ടില്ല.
ഏഴു വര്‍ഷത്തോളമായി കാര്‍ഷിക സര്‍വകലാശാലയ്‌ക്കൊപ്പം ഇന്നോവേഷന്‍ എക്‌സ്പീരിയന്‍സ്, മുത്തൂറ്റ് എന്നീ സ്ഥാപനങ്ങളും മെഷീന്‍ വികസിപ്പിച്ചെടുക്കാന്‍ പരിശ്രമിക്കുന്നുണ്ട്. മാലിന്യ നിര്‍മാര്‍ജ്ജനത്തിനും സംസ്‌കരണത്തിനും മറ്റു സംവിധാനങ്ങള്‍ക്കുമായി സര്‍ക്കാര്‍ കോടികള്‍ പൊടിക്കുമ്പോള്‍ പുതിയ മെഷീന്‍ അംഗീരിക്കാത്തതിലുള്ള വിഷമമാണ് അധികൃതര്‍ക്കുള്ളത്.
കഴിഞ്ഞ വര്‍ഷം തിരുവനന്തപുരം ജില്ലയിലെ തിരുവല്ലത്ത് സര്‍വകലാശാലയുടെ ചെലവില്‍ ഒരു മെഷീന്‍ സ്ഥാപിച്ചു പരീക്ഷണം നടത്തിയിരുന്നു.
എന്നാല്‍, പിന്നീട് ഈ മെഷീന്‍ ഫലപ്രദമായി ഉഫയോഗിക്കാനോ, പരിചരിക്കാനോ ആരും തയ്യാറായില്ല. തദ്ദേശ സ്ഥാപനങ്ങള്‍ പോലും മാലിന്യ സംസ്‌ക്കരണത്തിനായി കോടികള്‍ ചെലവഴിക്കുമ്പോള്‍ ഈ മെഷീന്‍ പരീക്ഷിക്കാന്‍ പോലും തയ്യാറായിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."