കോണ്‍ഗ്രസ് ഐ-എസ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം; മൂന്നു പേര്‍ക്കു പരുക്ക്
തളിപ്പറമ്പ്: കോണ്‍ഗ്രസ്(ഐ)-കോണ്‍ഗ്രസ് (എസ്)പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ മൂന്നു പേര്‍ക്കു പരുക്ക്. യൂത്ത് കോണ്‍ഗ്രസ് പരിയാരം മണ്ഡലം പ്രസിഡന്റ് പി രാജീവന്(32), മുന്‍ തളിപ്പറമ്പ് ബ്ലോക്ക് കോണ്‍ഗ്രസ് ജന.സെക്രട്ടറിയും ഇപ്പോള്‍ കോണ്‍ഗ്രസ്-എസ് പ്രവര്‍ത്തകനുമായ എന്‍.വി കുഞ്ഞികൃഷ്ണന് നമ്പ്യാര്‍(55), ഭാര്യ നിഷ(42) എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഫ്ളക്സ് ബോര്‍ഡ് കീറിയതു ചോദ്യം ചെയ്തതിനെതുടര്‍ന്നുണ്ടായ വാക്കേറ്റം ഏറ്റുമുട്ടലില്‍ കലാശിക്കുകയായിരുന്നു.
കുഞ്ഞികൃഷ്ണന് നമ്പ്യാര്‍ കോണ്‍ഗ്രസില്‍ നിന്നു രാജിവച്ച് എസ് വിഭാഗത്തില്‍ ചേര്‍ന്നിരുന്നു. 29 നു നടക്കുന്ന ലയനസമ്മേളനത്തിന്റെ ഭാഗമായി വെള്ളാവില്‍ വച്ച പ്രചാരണ ബോര്‍ഡുകള്‍ കീറിയതു സംബന്ധിച്ച് രാജീവനുമായി വാക്കേറ്റത്തിനിടയില്‍ കുഞ്ഞികൃഷ്ണന് രാജീവനെ മര്‍ദിച്ചതായാണു പരാതി. ഇന്നലെ രാവിലെ 11.45 നായിരുന്നു സംഭവം. വെള്ളാവിലെ സഹോദരിയുടെ വീട്ടിലേക്കു പോകുന്ന വഴി എന്‍.വി കുഞ്ഞികൃഷ്ണന് അയാളുടെ വീടിനു മുന്നില്‍ വച്ചു മര്‍ദിച്ചുവെന്നാണു തളിപ്പറമ്പ് പൊലിസില്‍ നല്കിയ പരാതിയില്‍ പറയുന്നത്.
രാജീവന് മര്‍ദിച്ചതായി ആരോപിച്ചു കുഞ്ഞികൃഷ്ണന്റെ ഭാര്യ നിഷയെ പരിയാരം മെഡിക്കല്‍ കോളജാശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നു. ഈ സമയം അവിടെയത്തിയ ഒരു സംഘം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കുഞ്ഞികൃഷ്ണനെ ആശുപത്രിക്കകത്തു വച്ച് മര്‍ദിച്ചുവെന്നും പരാതിയുണ്ട്. കുഞ്ഞികൃഷ്ണനെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഈ സംഭവത്തില്‍ പരിയാരം പൊലിസ് അഞ്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരേ കേസെടുത്തു. രാഹുല്‍, അമേഷ് കുറുമാത്തൂര്‍, അശ്വിന്, അഭിലാഷ്, പ്രജിത്ത് റോഷന് എന്നിവര്‍ക്കെതിരേയാണ് കേസ്. മര്‍ദിക്കുന്നത് ആശുപത്രിയിലെ സി.സി ടി.വി കാമറയില്‍ പതിഞ്ഞിട്ടുണ്ട്. രാജീവനെ മര്‍ദിച്ചതിനു കുഞ്ഞികൃഷ്ണനെതിരേ തളിപ്പറമ്പ് പൊലിസ് വധശ്രമത്തിനു കേസെടുത്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."