വിജയദശമി: കുരുന്നുകള്‍ ആദ്യാക്ഷരം കുറിച്ചു
കൊല്ലം: വിജയദശമിദിനത്തില്‍ ഇന്നലെ ജില്ലയില്‍ ആയിരിക്കണക്കിനു കുരുന്നുകള്‍ നാവിലും അരിയിലും ആദ്യാക്ഷരം കുറിച്ച് അറിവിന്റെ വെളിച്ചത്തിലേക്ക് പിച്ചവച്ചു.
ജില്ലയിലെ ക്ഷേത്രങ്ങള്‍,ഗ്രന്ഥശാലകള്‍,സാംസ്കാരിക സ്ഥാപനങ്ങള്‍എന്നിവിടങ്ങളില്‍ പുലര്‍ച്ചെമുതല്‍ വിദ്യാരംഭ ചടങ്ങുകള്‍ നടന്നു. ഇന്നലെ പുലര്‍ച്ചെ മുതല്‍ തന്നെ എല്ലായിടങ്ങളിലും വന്‍തിരക്കായിരുന്നു. മുന്‍ വര്‍ഷത്തേതില്‍നിന്നു വിഭിന്നമായി പകല്‍ മുഴുവന്‍ ദശമി ഉള്ളതിനാല്‍ എഴുത്തിനിരുത്തലിനു സാവകാശം ലഭിച്ചിരുന്നു. കുട്ടികളുടെ നാവില്‍ തേനില്‍ മുക്കിയ സ്വര്‍ണം കൊണ്ടു ആദ്യം അക്ഷരം കുറിച്ചു. പിന്നെ മഞ്ഞള്‍ ഉപയോഗിച്ചും നാവില്‍ അക്ഷരം എഴുതി. അതിനു ശേഷമാണ് പുഴുങ്ങി ഉണക്കാത്ത അരിയില്‍ കുട്ടിയുടെ ചൂണ്ടുവിരല്‍ കൊണ്ട് (വ്യാഴത്തെയാണ് ചൂണ്ടുവിരല്‍ പ്രതിനിധീകരിക്കുന്നത്) അക്ഷരം എഴുതിപ്പിച്ചത്.
കൊല്ലം പുതിയകാവ് ക്ഷേത്രത്തില്‍ നടന്ന വിദ്യാരംഭചടങ്ങുകള്‍ക്ക് ക്ഷേത്രം മേല്‍ശാന്തി ഇടമന ഇല്ലത്ത് എന്‍.ബാലമുരളിയും ആനന്ദവല്ലീശ്വരം ക്ഷേത്രത്തില്‍ എഴുത്തിനിരുത്തിന് ക്ഷേത്രം മേല്‍ശാന്തി മധുസൂദനന് നേതൃത്വം നല്കി. കൊല്ലം കടപ്പാക്കട പട്ടത്താനം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ നടന്ന വിദ്യാരംഭ ചടങ്ങില്‍ ശ്രീനാരായണ കോളജ് സംസ്കൃത വിഭാഗം മേധാവി ഡോ. കെ. വി. താരയും ജഗദീഷ് അമര്‍ ജ്യോതിയും കുരുന്നുകള്‍ക്ക് ആദ്യാക്ഷരം പകര്‍ന്നു.
ഉമയനല്ലൂര്‍ നേതാജി ലൈബ്രറിയില്‍ നടന്ന വിദ്യാരംഭ ചടങ്ങുകള്‍ ശ്രദ്ധേയമായി. നിരവധി ഗ്രന്ഥശാലാ പ്രവര്‍ത്തകരുടെയും രക്ഷാകര്‍ത്താക്കളുടെയും സാനിധ്യത്തില്‍ പ്രശസ്ത സംഗീതജ്ഞന് സംഗീതരത്നം ഉമയനല്ലൂര്‍ പി.കെ.ഗോവിന്ദരാജ് കുട്ടികള്‍ക്ക് ആദ്യാക്ഷരം പകര്‍ന്നു. കൊല്ലം ശാരദാമഠം,കൊല്ലം പബ്ലിക്ക്ലൈബ്രറി,കൊല്ലം തുയ്യം വേളാങ്കണ്ണിമാതാവിന്റെ ദേവാലയം എന്നിവിടങ്ങളിലും വിദ്യാരംഭത്തിനു രാവിലെ മുതല്‍ തിരക്കായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."