ആദ്യാക്ഷരം കുറിയ്ക്കാന്‍ തുഞ്ചന്റെ മണ്ണിലെത്തിയത് ആയിരത്തിലേറെ കുരുന്നുകള്‍
തിരൂര്‍: അറിവിന്റെ ആദ്യാക്ഷരം കുറിക്കാന്‍ അക്ഷരത്തറവാട്ടു മുറ്റത്തെത്തിയത് ആയിരക്കണക്കിനു കുരുന്നുകള്‍. തുഞ്ചന്‍ കൃഷ്ണശിലാ മണ്ഡപത്തിലും സരസ്വതി മണ്ഡപത്തിലുമായി പുലര്‍ച്ചെ അഞ്ചോടെയാണ് എഴുത്തിനിരുത്തല്‍ ചടങ്ങുകള്‍ തുടങ്ങിയത്.
തുഞ്ചന്‍ കൃഷ്ണശിലാ മണ്ഡപത്തില്‍ പാരമ്പര്യ എഴുത്താശാന്‍മാരും സരസ്വതി മണ്ഡപത്തില്‍ സാഹിത്യ സാംസ്‌കാരിക നായകരും കുരുന്നുകള്‍ക്ക് അറിവിന്റെ ആദ്യാക്ഷരം പകര്‍ന്നുനല്‍കി. നാവില്‍തുമ്പില്‍ സ്വര്‍ണമോതിരംകൊണ്ട് ആദ്യാക്ഷരംകുറിച്ച ശേഷം വിരല്‍തുമ്പില്‍ പിടിച്ച് അരിയിലും അക്ഷരം കുറിച്ചു. ഹരിശ്രീ കുറിച്ച ശേഷം ഗുരുക്കന്മാര്‍ക്ക് മുന്നിലുള്ള പാത്രത്തില്‍ കുട്ടികള്‍ ദക്ഷിണയര്‍പ്പിച്ച് തുഞ്ചന്‍പറമ്പിലെ കായ്ക്കാത്ത കാഞ്ഞിരത്തിന് ചുവട്ടിലെ മണല്‍പ്പരപ്പില്‍കൂടി ഹരിശ്രീ കുറിച്ചാണ് കുരുന്നുകള്‍ അക്ഷരമുറ്റത്തുനിന്നു മടങ്ങിയത്. തുഞ്ചന്‍ ഓഡിറ്റോറിയത്തില്‍ തുഞ്ചന്‍ സ്മാരക ട്രസ്റ്റ് ചെയര്‍മാന്‍കൂടിയായ എം.ടി വാസുദേവന്‍ നായര്‍ കുരുന്നുകള്‍ക്ക് ഹരിശ്രീ കുറിച്ചു. കൃഷ്ണശിലാ മണ്ഡപത്തില്‍ എഴുത്താശാന്‍മാരായ വഴുതക്കാട്ട് മുരളി, പ്രദേഷ്പണിക്കര്‍, സത്യനാരായണന്‍ എന്നിവരും സരസ്വതി മണ്ഡപത്തില്‍ സാഹിത്യ സാംസ്‌കാരിക നായകന്‍മാരായ മുണ്ടൂര്‍ സേതുമാധവന്‍, ടി.വി ശങ്കരനാരായണന്‍, കെ.എസ് വെങ്കിടാചലം, ജി.കെ രാംമോഹന്‍, പുനൂര്‍ കരുണാകരന്‍, മണമ്പൂര്‍ രാജന്‍ ബാബു, ആലംങ്കോട് ലീലാകൃഷ്ണന്‍, കെ.പി രാമനുണ്ണി, പി.കെ ഗോപി, കെ.എക്‌സ് ആന്റോ, കാനേഷ് പുനൂര്‍, കിളിമാനൂര്‍ മധു, കെ. ജയകുര്‍, ആനന്ദ് കാവാലം, പി.ആര്‍ നാഥന്‍ തുടങ്ങി ഇരുപതോളം പേര്‍ കുരുന്നുകള്‍ക്ക് ഹരിശ്രീ കുറിച്ചുനല്‍കി. വിപുലമായ ഒരുക്കങ്ങളാണ് സംഘാടകര്‍ ഒരുക്കിയിരുന്നത്. രണ്ടു മണ്ഡപങ്ങളുടെയും പരിസരത്ത് പ്രത്യേക പന്തല്‍ തയാറാക്കിയിരുന്നു. കുട്ടികള്‍ക്ക് വിവിധ സംഘടനകളും സ്ഥാപനങ്ങളും മധുര പാനീയങ്ങളും പാലും വിതരണം ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."