ജില്ലയില്‍ തെരുവുനായ ശല്യം രൂക്ഷം
കോട്ടയം: ജില്ലയില്‍ വിവിധയിടങ്ങളില്‍ വീണ്ടും തെരുവ്‌നായകള്‍ മനുഷ്യര്‍ക്ക് ഭീഷണിയാകുന്നു. വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ ഇപ്പോഴും ഭീതിയോടെയാണ് റോഡിലൂടെ നടക്കുന്നത്.
രാത്രികാലങ്ങളില്‍ ജോലി കഴിഞ്ഞു വീട്ടിലേക്ക് പോകുന്നവരും ഭീതിയില്‍ തന്നെ. മാലിന്യ നിക്ഷേപമാണ് പ്രധാനമായും വിവിധയിടങ്ങളില്‍ വില്ലനായെത്തുന്നത്. കോട്ടയം ജില്ലയില്‍ കുറിച്ചി, ചിങ്ങവനം, അതിരമ്പുഴ എന്നിവിടങ്ങളില്‍ ഇപ്പോഴും തെരുവുനായ ശല്യം രൂക്ഷമാണെന്ന് നാട്ടുകാര്‍ പറയുന്നു.
നായകള്‍ കുട്ടികളെ ആക്രമിക്കുന്ന സംഭവവും സ്ഥിരമാണിവിടെ. എന്തു ചെയ്യണമെന്നറിയാതെ സ്‌കൂള്‍ അധികൃതരും രക്ഷിതാക്കളും പകച്ചു നില്‍ക്കുമ്പോഴും അധികൃതരുടെ നിസംഗത തുടരുകയാണ്.
നായ കടിച്ചതിനെതുടര്‍ന്ന് ഒരു വിദ്യാര്‍ഥിയെ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ച സാഹചര്യത്തില്‍ സെന്റ് മേരീസ് ഹൈസ്‌കൂള്‍ അധികൃതര്‍ സ്‌കൂളിലെ മുഴുവന്‍ കുട്ടികളും ഒപ്പിട്ട ഭീമഹര്‍ജിയുമായി അതിരമ്പുഴ പഞ്ചായത്ത് ഓഫീസില്‍ എത്തിയെങ്കിലും ഫലമുണ്ടായിരുന്നില്ല. ഹെഡ്മിസ്ട്രസും രണ്ട് അധ്യാപകരും കൂടി നിവേദനം നല്‍കാന്‍ ശ്രമിച്ചെങ്കിലും നിവേദനം നല്‍കുന്നതിന്റെ ഫോട്ടോ എടുക്കാന്‍ ശ്രമിച്ചു എന്ന പേരില്‍ പഞ്ചായത്ത് പ്രസിഡന്റ് അവരോട് കയര്‍ക്കുകയായിരുന്നു. നിവേദനം കൈമാറാന്‍ പോലുമാകാതെ അധ്യാപകര്‍ മടങ്ങി.
സ്‌കൂളിനു മുന്നില്‍വച്ച് സെന്റ് മേരീസ് ഗേള്‍സ് ഹൈസ്‌കൂള്‍ വിദ്യാര്‍ഥിനിയെ തെരുവുനായ് കടിച്ചത് ഒരാഴ്ച മുമ്പാണ്. കുട്ടികളെയും കുട്ടികളുമായെത്തിയ രക്ഷിതാക്കളെയും നായക്കുട്ടം ഓടിച്ച സംഭവങ്ങള്‍ പലതുണ്ടായി. റോഡരികില്‍ പാര്‍ക്ക് ചെയ്തിരിക്കുന്ന വാഹനങ്ങള്‍ക്കടിയില്‍ തണല്‍പറ്റി കിടക്കുന്ന നായകള്‍ കുട്ടികള്‍ അടുത്തെത്തുമ്പോള്‍ ചാടി വീഴുകയാണ്.
സ്‌കൂള്‍ പരിസരത്തും പള്ളി മൈതാനത്തും റോഡരികിലുമൊക്കെയായി മുപ്പതോളം നായകളാണ് കുട്ടികള്‍ക്ക് ഭീഷണിയുയര്‍ത്തി വിഹരിക്കുന്നത്.
അതിരമ്പുഴയില്‍ നിന്നും ഒട്ടും വ്യത്യസ്തമല്ല കുറിച്ചിയിലെ സ്ഥിതിയും.വൈകുന്നേരങ്ങളില്‍ ട്യൂഷന്‍ കഴിഞ്ഞു വരുന്ന വിദ്യാര്‍ഥികളും ഭീതിയിലാണ്. മന്ദിരം മുട്ടത്തുകടവ് റോഡില്‍ പലപ്പോഴും നായ ശല്യം രൂക്ഷമാണെന്ന് വിദ്യാര്‍ഥികള്‍ പറയുന്നു. പ്രദേശവാസികളില്‍ പലരും രാത്രിയില്‍ ഇതുവഴി സഞ്ചരിക്കുക കയ്യില്‍ വടിയുമായാണ്. പ്രഭാത സവാരിക്കു പോകുന്നവര്‍ക്കു നേരെയും നായ ആക്രമണം ഉണ്ടാകാറുണ്ടെന്ന് ഇവര്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."