എക്സൈസ് സേനയുടെ അംഗബലം വര്‍ധിപ്പിക്കും: മന്ത്രി
തൃശൂര്‍: ലഹരിയുടെ സ്വാധീനത്തില്‍ നിന്നും സമൂഹത്തെ രക്ഷിക്കാന്‍ സംസ്ഥാന എക്സൈസ് സേനയുടെ അംഗബലം വര്‍ധിപ്പിച്ച് എന്‍ഫോഴ്സ്മെന്റ് കൂടുതല്‍ ശക്തിപ്പെടുത്തുമെന്ന് എക്സൈസ് വകുപ്പു മന്ത്രി ടി.പി രാമകൃഷ്ണന് പറഞ്ഞു.
കേരള സ്റ്റേറ്റ് എക്സൈസ് സ്റ്റാഫ് അസോസിയേഷന് സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ തൃശൂരില്‍ സംഘടിപ്പിക്കുന്ന ദ്വിദിന പഠന ക്യാംപ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. മദ്യ നിരോധനം നടപ്പിലാക്കിയ കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ നയം തിരുത്തപ്പെടേണ്ടതാണെന്ന് ബിവറേജസ് ഔട്ട്ലെറ്റുകളുടെ എണ്ണം കുറച്ചിട്ടും ബാറുകള്‍ പൂട്ടിയിട്ടും സംസ്ഥാനത്തെ മദ്യോപഭോഗം വര്ധിക്കുകയാണുണ്ടായതെന്ന കണക്കുകള്‍ നിരത്തി മന്ത്രി ചൂണ്ടിക്കാട്ടി. സംസ്ഥാനത്തെ രണ്ട് ജില്ലകളില്‍ മാത്രമായി നിലവിലുള്ള ജനമൈത്രി എക്സൈസ് ഓഫിസുകള്‍ മറ്റ് ജില്ലകളിലേക്കും വ്യാപിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. അസോസിയേഷന് സംസ്ഥാന പ്രസിഡന്റ് എം.വര്‍ഗീസ് ആന്റണി അധ്യക്ഷനായി. അസോസിയേഷന് മുന്‍ സംസ്ഥാന നേതാക്കളെ ചടങ്ങില്‍ മന്ത്രി ഉപഹാരങ്ങള്‍ നല്കി ആദരിച്ചു. ജില്ലാ പ്രസിഡന്റ് എം.ആര് രാധാകൃഷ്ണന്, ജനറല്‍ സെക്രട്ടറി കെ.രാമകൃഷ്ണന് എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."