ദലിതരേ, നിങ്ങള്‍ക്ക് ഹാ കഷ്ടം!
പിന്നോക്കക്കാരില്‍ പിന്നോക്കക്കാരായ ദലിതരെ ഉദ്ധരിക്കാന്‍ നമുക്കൊരു രാഷ്ട്രപിതാവുണ്ടായിരുന്നു. മഹാത്മാഗാന്ധി എന്ന ആ മനുഷ്യന്‍ പല പരിപാടികളും അതിനായി ആവിഷ്‌കരിച്ചു. ഹരിജന്‍ എന്ന പേരില്‍ അദ്ദേഹം ഒരു പ്രസിദ്ധീകരണം ആരംഭിക്കുകയും അധഃകൃത വര്‍ഗക്കാരായി സമൂഹം എഴുതിത്തള്ളിയ ആ അവശവിഭാഗത്തിന്റെ ആവശ്യങ്ങള്‍ ഒന്നൊന്നായി ജനങ്ങള്‍ക്കിടയില്‍ അവതരിപ്പിക്കുകയും ചെയ്തു.
ആ അസ്വാതന്ത്ര്യ കാലത്ത് തന്നെ നിന്ദിതരുടെയും പീഡിതരുടെയും അവകാശങ്ങള്‍ക്ക് വേണ്ടിയുള്ള പോരാട്ടത്തിനു മുന്നില്‍ നില്‍ക്കാന്‍ ഇംഗ്ലണ്ടില്‍ നിന്ന് ബാരിസ്റ്റര്‍ ബിരുദമെടുത്ത് വന്ന ഒരു നേതാവുണ്ടായിരുന്നു. പണ്ഡിറ്റ് നെഹ്‌റുവിന്റെ ആദ്യ കേന്ദ്രമന്ത്രിസഭയില്‍ തന്നെ നിയമമന്ത്രിയായിരുന്ന ഡോ. ബി.ആര്‍ അംബേദ്കര്‍.
എന്നാല്‍ രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയും, രാഷ്ട്രം ഭാരതരത്‌നം നല്‍കി ആദരിച്ച ഭരണഘടനാശില്‍പി ബാബറാവു അംബേദ്കറും ഏറെ ശ്രദ്ധിച്ചിട്ടും ഈ പാവപ്പെട്ട വിഭാഗത്തിനു കാര്യമായ പരിഗണനയൊന്നും ലഭിച്ചില്ല. അവരുടെ കൂട്ടത്തില്‍നിന്ന് ജഗ്ജീവന്‍ റാം ഏറെക്കാലം കേന്ദ്രത്തില്‍ മന്ത്രിയായിരുന്നിരിക്കാം. കേരളത്തില്‍നിന്ന് തന്നെ ഉയര്‍ന്ന കെ.ആര്‍ നാരായണന്‍ ഇന്ത്യയുടെ രാഷ്ട്രപതിയും കെ.ജി ബാലകൃഷ്ണന്‍ 2007-2010 കാലഘട്ടത്തില്‍ ഇന്ത്യയുടെ ചീഫ് ജസ്റ്റിസുമായിരുന്നിരിക്കാം. എന്നാല്‍ ഇപ്പോഴും കോരന് കഞ്ഞി കുമ്പിളില്‍തന്നെ.
കേരളം തന്നെ പാര്‍ലിമെന്റിലേക്കും അസംബ്ലികളിലേക്കും എത്രയെത്ര ഹരിജന്‍ നേതാക്കളെ തെരഞ്ഞെടുത്തയച്ചു. കേരളം ഭരിച്ച എല്ലാ മന്ത്രിസഭകളിലും അവര്‍ക്ക് പ്രാതിനിധ്യവും ലഭിച്ചിരുന്നു. എന്നിട്ടും സമൂഹത്തിന്റെ അടിത്തട്ടില്‍നിന്നു പാവപ്പെട്ട ഈ വിഭാഗത്തെ കൈപിടിച്ചുയര്‍ത്താന്‍ ശ്രമകരമായ ഒരു പദ്ധതിയും നടപ്പാകാതെപോവുന്നു.
പട്ടികജാതിക്കാരെന്നും, പട്ടികവിഭാഗക്കാരെന്നും (എസ്.സി- എസ്.ടി) സ്ഥാനപ്പേര് അനുവദിക്കാമെങ്കിലും സമൂഹത്തില്‍ ഏറ്റവും താഴെക്കിടയിലുള്ള ജോലി ചെയ്യാന്‍ കാലാകാലമായി വിധിക്കപ്പെട്ടവരാണ് ദലിതര്‍ എന്ന കാര്യത്തില്‍ സംശയമില്ല. നമുക്ക് വൃത്തിയായി ജീവിക്കാനായി എല്ലാ വൃത്തികേടുകളും നീക്കം ചെയ്യാന്‍ കല്‍പിക്കപ്പെട്ടവര്‍. ചത്ത മൃഗങ്ങളുടെ ശവങ്ങള്‍ നീക്കം ചെയ്യേണ്ടത് അവരാണെന്നാണ് വയ്പ്പ്. മനുഷ്യരുടെ വിസര്‍ജ്ജങ്ങള്‍ പോലും എടുത്തുകൊണ്ടുപോവാന്‍ വിധിക്കപ്പെട്ടവര്‍.
നേരത്തെ തലച്ചുമടായിപ്പോലും മനുഷ്യമലം വഹിച്ചുകൊണ്ടുപോയത് അവരുടെ സ്ത്രീജനങ്ങളായിരുന്നു. എടുത്ത കക്കൂസുകള്‍ ഏറെയും നീക്കം ചെയ്യുപ്പെട്ടെങ്കിലും പലയിടങ്ങളിലും അത് ഇന്നും നിര്‍ബാധം നടക്കുന്നു. ശൗചാലയങ്ങള്‍ തന്നെ കൃത്യമായി ശുചീകരിക്കാന്‍ തയാറില്ലാത്ത സമൂഹത്തില്‍നിന്ന് പിന്നെന്ത് പ്രതീക്ഷിക്കാന്‍?
അവരില്‍ ബഹുഭൂരിഭാഗവും ഹിന്ദുമത വിശ്വാസികളാണെന്ന കാര്യത്തിലും തര്‍ക്കമില്ല. എന്നാല്‍ നാലു മേല്‍ജാതിക്കപ്പുറത്ത് അഞ്ചാമതൊരു ജാതിയായാണ് പര്‍ണാശ്രമ ധര്‍മികളായ ഹിന്ദുക്കള്‍ ഇവരെ പരിഗണിച്ചിരുന്നത്. തൊട്ടുകൂടാത്തവര്‍, തീണ്ടിക്കൂടാത്തവര്‍.
ഗ്രാമങ്ങളിലാണ് ദലിതര്‍ ഏറെയും താമസിക്കുന്നതെങ്കിലും ഇന്ത്യന്‍ ജനസംഖ്യയില്‍ പതിനേഴ് കോടിയോളം പേര്‍ അവിവാഹിതരായി ഉണ്ടെന്നാണ് കണക്ക്. മൊത്തം ജനസംഖ്യയുടെ പതിനാറു ശതമാനംവരും ഇത്. ഹരിജനോദ്ധാരണം എന്ന പേരില്‍ അധ്യയന സൗകര്യവും തൊഴില്‍ സംവരണവും ഒക്കെ പില്‍ക്കാലത്തുണ്ടായി എന്നത് നേര്. എന്നാല്‍ പലയിടങ്ങളിലും അവക്കായി നീക്കിവയ്ക്കപ്പെട്ട ഫണ്ടുകളില്‍പോലും കൈയിട്ടുവാരലാണല്ലോ നടക്കുന്നത്. ഫണ്ട് തിരിമറികള്‍ക്ക് ഏറ്റവും സൗകര്യമുള്ള മേഖല ഇതാണെന്ന് അധികാരി വര്‍ഗം കണ്ടെത്തിയതുപോലെയാണനുഭവം.
ക്ഷേത്രപ്രവേശനവും ഭോജനവും ഒക്കെ വിപ്ലവാത്മകമായ പരിപാടികളായി ആവിഷ്‌കരിക്കപ്പെട്ട ഒരു കാലഘട്ടമുണ്ടായിരുന്നു. എന്നാല്‍ എം. ചടയനെപ്പോലുള്ള ഒരു ഹരിജന്‍ നേതാവിനെ സ്വന്തം വീട്ടിന്റെ അകത്തളത്തിലിരുത്തി, ഒരേ പാത്രത്തില്‍ ഭക്ഷണം പങ്കുവച്ച മഹാനായ ബാഫഖി തങ്ങളെപ്പോലെ ഒരു നേതാവിനെ ഇന്ത്യ തന്നെ കണ്ടുകാണില്ല.
ദ്വയാംഗ മണ്ഡല തെരഞ്ഞെടുപ്പിന് വ്യവസ്ഥ ഉണ്ടായിരുന്ന അവസരത്തില്‍ ജനറല്‍ സീറ്റില്‍ മത്സരിച്ചിരുന്ന മുസ്്‌ലിം ലീഗിന്റെ സ്ഥാപക നേതാവ് കെ.എം സീതിസാഹിബിനെക്കാളേറെ വോട്ട് അതേ മണ്ഡലത്തില്‍ സംവരണ സ്ഥാനാര്‍ഥിയായി മത്സരിച്ച ഹരിജന്‍ നേതാവ് എം. ചടയനു നല്‍കി ജയിപ്പിച്ച മുസ്്‌ലിം ലീഗിന്റെ ചരിത്രവും പലര്‍ക്കുമറിയില്ല.
പില്‍ക്കാലത്ത് മുസ്്‌ലിം ലീഗ് സ്ഥാനാര്‍ഥിയായി തന്നെ ഹരിജനായ കെ.പി രാമന്‍ കേരള നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത് ഓര്‍ക്കണം. അങ്ങനെയൊരു അമുസ്്‌ലിം, ലീഗ് മെമ്പറോ എന്ന് സംശയിച്ചവര്‍ ദേശീയ പത്രങ്ങളിലപ്പോഴും ഉണ്ടായിരുന്നു. ഒരു ഇംഗ്ലീഷ് ദിനപത്രം നിയമസഭാ നടപടികള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നപ്പോള്‍ കെ.പി രാമന്‍ എന്ന പേര് പതിവായി കെ.പി റഹ്്മാന്‍ എന്ന് എഡിറ്റോറിയല്‍ ഡസ്‌കില്‍ തിരുത്തിക്കൊണ്ടിരുന്നതും ചിലരെങ്കിലും ഓര്‍ക്കുന്നുണ്ടാകണം.
എന്നാല്‍ ഇതേ രാമന്‍ അനാഥനായി എത്തിയപ്പോള്‍ ലീഗ് നേതാവായ എം.കെ ഹാജി തിരൂരങ്ങാടി യതീംഖാനയില്‍ സ്വന്തം മതവിശ്വാസങ്ങള്‍ക്കനുസരിച്ച് വളര്‍ത്തിയതായിരുന്നു. മറ്റു അന്തേവാസികള്‍ക്ക് നല്‍കിയിരുന്ന എല്ലാ സൗകര്യങ്ങളും നല്‍കുകയും അവിടെ തന്നെ അധ്യാപകനായി ജോലി നോക്കുകയും ചെയ്തതാണ് ചരിത്രം.
ഇന്ന് ദലിത് ലീഗ് എന്ന പേരില്‍ സംസ്ഥാനാടിസ്ഥാനത്തില്‍ തന്നെ മുസ്്‌ലിം ലീഗിന്റെ ഘടകമായി പ്രവര്‍ത്തിക്കാന്‍ ഒരു വിഭാഗം സന്നദ്ധമായിരിക്കുന്നു.
പക്ഷഭേദങ്ങളില്ലാത്ത ഈയൊരു കൂട്ടായ്മയും അംഗീകാരവും സൗഹൃദവുമാണ് ദലിതര്‍ പൊതുവേ സമൂഹത്തില്‍നിന്നു പ്രതീക്ഷിക്കുന്നത്. അതിനുവേണ്ടി അവര്‍ക്ക് ഇന്നും കൂട്ടധര്‍ണയും പ്രതിഷേധപ്രകടനവും നടത്തേണ്ടി വരുന്നത് കഷ്ടതരമാണ്.
പരീക്ഷകളില്‍ തോല്‍പ്പിക്കപ്പെടുകയും കാംപസുകളില്‍ ആക്രമിക്കപ്പെടുകയും ചെയ്യുന്ന സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുമ്പോള്‍ പീഡിതര്‍, ദലിതര്‍ തന്നെയത്രെ. ഗോവധനിരോധനത്തിന് മുറവിളി കൂട്ടുന്നവര്‍ തന്നെ ചത്ത പശുക്കളുടെ തോല്‍ നീക്കുന്ന ജോലി പരമ്പരാഗതമായി ചെയ്തുവരുന്ന ദലിതരെ ഉത്തരേന്ത്യയില്‍ മറനീക്കി ആക്രമിക്കുന്നു. അതേസമയം അക്രമം ഭയന്ന് ആ ജോലി ചെയ്യാന്‍ മടിച്ചുനില്‍ക്കുന്ന ദലിതരെ അതിന്റെ പേരിലും തല്ലിഓടിക്കുന്നു. അവരില്‍ ചിലര്‍ ആത്മഹത്യക്കു പോലും തുനിയുന്നു.
തെരഞ്ഞെടുപ്പ് വരുമ്പോള്‍ മാത്രം അവരെ പാടിപ്പുകഴ്ത്തിയതുകൊണ്ടായില്ല. പാര്‍ലിമെന്റില്‍ പ്രമേയം വരുമ്പോള്‍ വായതുറക്കുന്ന പ്രധാനമന്ത്രി കൊല്ലണമെങ്കില്‍ നിങ്ങള്‍ എന്നെ കൊന്നുകൊള്ളൂ. ദലിത് സഹോദരരെ കൊല്ലരുത് എന്ന് എല്ലാം കഴിഞ്ഞശേഷം വിളിച്ചുപറഞ്ഞതുകൊണ്ട് കാര്യമില്ല. അദ്ദേഹത്തിന്റെ സ്വന്തം സംസ്ഥാനമായ ഗുജറാത്തില്‍ ആണല്ലോ ഗോസംരക്ഷകര്‍ എന്ന് പറഞ്ഞുവന്ന ഏതാനും പേര്‍ ചേര്‍ന്ന് ഏഴുപേരെ റോഡിലുടനീളം നഗ്നരാക്കി നടത്തി തല്ലിച്ചതച്ചത്.
സുരക്ഷയാണ് ഇന്ന് ദലിതര്‍ ആവശ്യപ്പെടുന്നത്. ഇഷ്ടമുള്ള ഭക്ഷണം കഴിക്കാനും, ഇഷ്ടമുള്ള ജോലി ചെയ്യാനുമുള്ള സ്വാതന്ത്ര്യമാണ് അവര്‍ ആഗ്രഹിക്കുന്നത്. ഒരു ശക്തിപ്രകടനം നടത്താതെ തന്നെ അവന് അത് ലഭ്യമാക്കാനുള്ള ഉത്തരവാദിത്തം കക്ഷിഭേദമെന്യേ എല്ലാവരുടെയും ഉത്തരവാദിത്വമാണെന്ന് നാം ഓര്‍ക്കേണ്ടിയിരിക്കുന്നു. അവര്‍ക്കുവേണ്ടി എഴുതുകയും പ്രസംഗിക്കുകയും ചെയ്യുന്നവര്‍പോലും ആക്രമിക്കപ്പെടുമ്പോള്‍ ഈ ഓര്‍മപ്പെടുത്തല്‍പോലും വനരോദനമാവുമോ?
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."