പീസ് ഇന്റര്‍നാഷനല്‍ സ്‌കൂള്‍ ശൃംഖലയെ തകര്‍ക്കാന്‍ നീക്കമെന്ന് എം.എം അക്ബര്‍
കൊച്ചി: പീസ് ഇന്റര്‍നാഷനല്‍ സ്‌കൂള്‍ ശൃംഖലയെ തകര്‍ക്കാന്‍ അണിയറയില്‍ നീക്കം നടക്കുന്നതായി പീസ് എജുക്കേഷണല്‍ ഫൗണ്ടേഷന്‍ എം.ഡി എം.എം അക്ബര്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു. തങ്ങളുടെ സ്‌കൂളുകള്‍ക്കെതിരേ അടുത്തകാലത്ത് ഉയര്‍ന്നുവന്ന വിവാദങ്ങള്‍ ഇതിന് തെളിവാണ്. ഇസ്‌ലാംമതം സ്വീകരിച്ച ശേഷം ഐ.എസില്‍ ചേരാന്‍ നാടുവിട്ടെന്ന് പറയുന്ന പാലാരിവട്ടം സ്വദേശിനി മെറിന്‍ തങ്ങളുടെ സ്‌കൂളില്‍ മാസങ്ങളോളം പഠിപ്പിച്ചിരുന്നെന്ന വാര്‍ത്തയും എം.ഡി നിഷേധിച്ചു. എറണാകുളം ചക്കരപറമ്പ് സ്‌കൂളില്‍ മെറിന്‍ ജോലിതേടി എത്തിയിരുന്നു.
എന്നാല്‍ അവിടെ ഒഴിവ് ഇല്ലാത്തതിനാല്‍ തത്തപ്പിള്ളിയിലെ സ്‌കൂളില്‍ എത്താന്‍ നിര്‍ദേശിക്കുകയായിരുന്നു. അവിടെ അഭിമുഖത്തിന് എത്തുകയും അഭിമുഖത്തിന്റെ ഭാഗമായി ഡെമോ ക്ലാസ് എടുക്കുകയും ചെയ്തിരുന്നു. പക്ഷേ, ദൂരക്കൂടുതല്‍ എന്നുപറഞ്ഞ് ജോലി സ്വീകരിക്കാതെ അവര്‍ മടങ്ങുകയായിരുന്നു. ഇംഗ്ലീഷില്‍ പ്രാവീണ്യം ഉള്ളതിനാലാണ് മെറിനെ പരിഗണിച്ചതെന്നും എം.ഡി വിശദീകരിച്ചു. എന്നാല്‍ ഐ.എസില്‍ ചേര്‍ന്നെന്ന് പൊലിസ് അറിയിച്ച റാശിദ് അബ്ദുള്ള പീസ് സ്‌കൂള്‍ ശാഖകളിലൊന്നില്‍ നാല് വര്‍ഷം മുന്‍പ് അധ്യാപക പരിശീലകനായിരുന്നു.
പഠനം തുടരാനാണെന്നുപറഞ്ഞാണ് ഇയാള്‍ സ്‌കൂളില്‍ നിന്ന് രാജിവയ്ക്കുന്നത്. മാസങ്ങള്‍ക്ക് ശേഷമാണ് ഇയാളും ഭാര്യയും രണ്ട് സുഹൃത്തുക്കളും ഐ.എസില്‍ ചേരാന്‍ രാജ്യംവിട്ടതായി പൊലിസ് അറിയിക്കുന്നത്. ഈ സംഭവം ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന് തങ്ങളുടെ കീഴിലുള്ള മുഴുവന്‍ സ്‌കൂളുകളിലും നേരിട്ട് പോയി അധ്യാപകരുടെ യോഗം വിളിച്ച് ഐ.എസ് ഇസ്‌ലാമിന് വിരുദ്ധമാണെന്നും അവര്‍ക്കെതിരായ ഏത് അന്വേഷണത്തോടും പൂര്‍ണമായി സഹകരിക്കണമെന്നും നിര്‍ദേശം നല്‍കിയതായും എം.എം അക്ബര്‍ പറഞ്ഞു. സ്‌കൂളിലെ ചില കുട്ടികള്‍ മതപരിവര്‍ത്തനം നടത്തി എന്ന പ്രചാരണവും തെറ്റാണ്. പൊതു വിഷയങ്ങളില്‍ സി.ബി.എസ്.ഇ സിലബസ് അനുസരിച്ച് എന്‍.സി.ഇ.ആര്‍.ടി പുസ്തകങ്ങളാണ് പഠിപ്പിക്കുന്നത്. മതപഠനത്തിന് മുംബൈ ആസ്ഥാനമായുള്ള ബുറൂജ് റിയലൈസേഷന്‍ പ്രസിദ്ധീകരിക്കുന്ന പുസ്തകങ്ങളാണ് ഉപയോഗിക്കുന്നത്. രണ്ടാം ക്ലാസിലെ മതപഠന പുസ്തകത്തിലെ വിവാദ പാഠഭാഗം,രണ്ടാംക്ലാസില്‍ പഠിക്കുന്ന കുട്ടിയുടെ ബൗദ്ധിക നിലവാരത്തിന് അനുയോജ്യമല്ലെന്ന് കണ്ട് ഒഴിവാക്കിയതാണ്.
പ്രസാധകരുമായി ബന്ധപ്പെട്ട് ഈ പാഠഭാഗം ഒഴിവാക്കാന്‍ പറയുകയും ചെയ്തിരുന്നു. എന്നാല്‍, ഈ വര്‍ഷം പുതിയ പുസ്തകങ്ങള്‍ എത്തിയപ്പോഴും ഈ പാഠഭാഗങ്ങളുണ്ടായതാണ് വിവാദത്തിനുകാരണമായതെന്നും അദ്ദേഹം പറഞ്ഞു. സ്‌കൂളിലെ വിദ്യാര്‍ഥികളുടെ രക്ഷിതാക്കളെ പ്രതിനിധീകരിച്ച് സജിമോന്‍, ഷമീര്‍, സഗീര്‍, ഷിജിന്‍ ജോസഫ്, ഷിജു ജോസഫ് എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."