മറിഞ്ഞ വള്ളത്തിനടിയില്‍പ്പെട്ട് മത്സ്യെത്താഴിലാളി മരിച്ചു
കഠിനംകുളം: മത്സ്യബന്ധനം കഴിഞ്ഞ് കരയിലേക്ക് മടങ്ങവേ വള്ളം മറിഞ്ഞ് മത്സ്യെത്താഴിലാളിയായ യുവാവ് മരിച്ചു. കഠിനംകുളം മര്യനാട് ആറാട്ട് മുക്ക് രാജ്ഭവനില്‍ രാജു-ത്രേസ്യ ദമ്പതികളുടെ മകന്‍ വിജയ രാജു (29) ആണ് മരിച്ചത്.
ഇന്നലെ വെളുപ്പിന് മൂന്ന് മണിക്ക് മര്യനാട് ആറാട്ട്മുക്ക് കടലിലാണ് സംഭവം. വിജയരാജു അടങ്ങുന്ന മൂന്നംഗ സംഘം തലേ ദിവസം രാത്രി 11 മണിയോടെയാണ് എന്‍ജിന്‍ ഘടിപ്പിച്ച വള്ളത്തില്‍ മത്സ്യബന്ധനത്തിനായി പുറപ്പെട്ടത്. മത്സ്യബന്ധനം കഴിഞ്ഞ് വള്ളം നിറയെ മത്സ്യങ്ങളുമായി മടങ്ങവേ കരയ്ക്ക് അടുക്കാന്‍ 100 മീറ്റര്‍ ഉള്ളപ്പോഴാണ് ചെറിയ ഓളത്തില്‍പ്പെട്ട് വള്ളം മറിഞ്ഞത്.
ഒപ്പമുണ്ടായിരുന്ന മറ്റ് രണ്ട് പേര്‍ ഈ സമയം ഇരുവശങ്ങളിലേക്ക് ചാടി രക്ഷപ്പെട്ടെങ്കിലും വിജയ രാജു വള്ളത്തിനടയില്‍പ്പെടുകയുമായിരുന്നു. ഉടന്‍ തന്നെ രക്ഷപ്പെട്ടവരും കടലിലുണ്ടായിരുന്ന മറ്റ് വള്ളങ്ങളിലെ തൊഴിലാളികളുമെത്തി വള്ളത്തിനടിയില്‍പ്പെട്ട വിജയരാജുവിനെ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് കൊണ്ട് പോകും വഴിയാണ് മരണം സംഭവിച്ചത്.
കരയിലേക്ക് അടുക്കുന്ന ഭാഗത്ത് ആഴം ഇല്ലാത്തതിനാലാണ് വള്ളത്തിനടിയില്‍പ്പെട്ടയാള്‍ക്ക് രക്ഷപ്പെടാന്‍ കഴിയാതിരുന്നതെന്ന് പരമ്പരാഗത മത്സ്യതൊഴിലാളികള്‍ പറയുന്നു. മെര്‍ഫിനാണ് വിജയ രാജുവിന്റെ ഭാര്യ. ഒന്‍പത് മാസം മുന്‍പാണ് ഇവര്‍ വിവാഹിതരായത്. മെര്‍ഫിന്‍ മൂന്ന് മാസം ഗര്‍ഭിണിയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."