മത്സ്യം കയറ്റിവന്ന വാഹനങ്ങള്‍ കൂട്ടിയിടിച്ച് രണ്ട് പേര്‍ മരിച്ചു
പറവൂര്‍: വരാപ്പുഴ പാലത്തില്‍ മത്സ്യം കയറ്റിവന്ന വാഹനങ്ങള്‍ തമ്മിലിടിച്ച് രണ്ടുപേര്‍ മരിച്ചു. മലപ്പുറം ജില്ലയിലെ പള്ളിക്കല്‍ കോഴിപ്പുറം സ്വദേശി വലിയകം പറമ്പില്‍ തെക്കുംപുറം വീട്ടില്‍ ബീരാന്‍ കോയയുടെയും നഫീസയുടെയും മകന്‍ അബ്ദുറഹീം (41), കോഴിക്കോട് ബേപ്പൂര്‍ നടുവട്ടം സ്വദേശി പറമ്പത്ത് ചേക്കുട്ടിയുടെയും ഫാത്തിമയുടെയും മകന്‍ കബീര്‍ (44) എന്നിവരാണ് മരിച്ചത്.
മരണമടഞ്ഞ കബീര്‍ അല്‍ കബീര്‍ എക്‌സ്‌പോര്‍ട്ടേഴ്‌സ് എന്ന മത്സ്യകയറ്റുമതി സ്ഥാപന ഉടമയാണ്. ദേശീയപാത 17ല്‍ വരാപ്പുഴ പാലത്തിന് മുകളില്‍ വ്യാഴാഴ്ച പുലര്‍ച്ചെ ഒന്നരയോടെയായിരുന്നു അപകടം. അപകട സ്ഥലത്ത് വച്ച് തന്നെ രണ്ടു പേരും മരിച്ചു. മത്സ്യവുമായി കൊല്ലം തോട്ടപ്പിള്ളിയില്‍ നിന്നും കോഴിക്കോട്ടേക്ക് പോവുകയായിരുന്ന സൂപ്പര്‍ എയ്‌സ് മിനി ടെംപോ ഡ്രൈവറും, ഉടമയുമാണ് മരിച്ച രണ്ടുപേരും. റഹീമാണ് വാഹനം ഓടിച്ചിരുന്നത്. പൊന്നാനിയില്‍ നിന്നും മത്സ്യം കയറ്റിപോവുകയായിരുന്ന മറ്റൊരു ലോറിയുമായാണ് ടെംപോ ഇടിച്ചത്. ഇടിയുടെ ആഘാതത്തില്‍ മിനി ടെംപോയുടെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. പൊന്നാനിയില്‍ നിന്ന് വരികയായിരുന്ന ലോറി മറ്റൊരു വാഹനത്തെ മറികടന്നു പോകുമ്പോഴാണ് എതിരെ വന്ന മിനി ടെംപോയില്‍ ഇടിച്ചത്. ഹര്‍ത്താല്‍ തുടങ്ങുന്നതിന് മുന്‍പ് മത്സ്യം മാര്‍ക്കറ്റുകളില്‍ എത്തിക്കുന്നതിനായി ഇരുവാഹനങ്ങളും നല്ല വേഗതയിലായിരുന്നു സഞ്ചരിച്ചതെന്ന് പൊലിസ് പറഞ്ഞു.
ഇന്‍ക്വസ്റ്റ് തയാറാക്കി പറവൂര്‍ താലൂക്ക് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തി മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. റഹീമിന്റെ ഖബറടക്കം ഇന്ന് രാവിലെ 7.30ന് കോഴിപ്പുറം ജുമാ മസ്ജിദ് ഖബര്‍സ്ഥാനിലും കബീറിന്റെത് രാവിലെ ഒന്‍പതിന് നടുവട്ടം സുന്നി ജുമാ മസ്ജിദ് ഖബര്‍സ്ഥാനിലും നടക്കും. ഷാഹിദയാണ് റഹീമിന്റെ ഭാര്യ. മക്കള്‍: അലി, മുഹമ്മദ് ഷഹാല്‍, മുഹമ്മദ് ആദി. കബീറിന്റെ ഭാര്യ: ജുബൈരിയ. മക്കള്‍: സഹദിയ്യ, നാജിയ്യ, ജാബിര്‍, റാണിയ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."