പച്ചക്കറി വികസന പദ്ധതി: സംസ്ഥാന അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു
തിരുവനന്തപുരം: പച്ചക്കറി ഉല്‍പാദനത്തില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവച്ചവര്‍ക്കുള്ള 2015-16ലെ സംസ്ഥാനതല പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. പി.ആര്‍ ചേംബറില്‍ നടന്ന ചടങ്ങില്‍ കൃഷിമന്ത്രി വി.എസ് സുനില്‍കുമാറാണ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്.
പത്തുവിഭാഗങ്ങളിലായാണ് പുരസ്‌കാരം നല്‍കുന്നത്. ഓരോ വിഭാഗത്തിലും ഒന്ന്, രണ്ട്, മൂന്ന് സ്ഥാനക്കാര്‍ക്ക് യഥാക്രമം 25,000രൂപ, 15,000രൂപ, 10,000രൂപ എന്നിങ്ങനെ കാഷ് അവാര്‍ഡ് നല്‍കും. നവംബര്‍ അഞ്ചിന് ഇടുക്കിയില്‍ നടക്കുന്ന ചടങ്ങില്‍ അവാര്‍ഡുകള്‍ സമ്മാനിക്കുമെന്നും മന്ത്രി അറിയിച്ചു.
സ്‌കൂള്‍ വിഭാഗത്തില്‍ മലപ്പുറം ജില്ലയിലെ കരുളായി കെ.എം.എച്ച്.എസ്.എസ് ഒന്നാം സ്ഥാനവും ഇടുക്കി കട്ടപ്പന വള്ളക്കടവിലെ സ്‌നേഹ സദന്‍ സ്‌പെഷല്‍ സ്‌കൂള്‍ രണ്ടാം സ്ഥാനവും കോട്ടയം ഏറ്റുമാനൂര്‍ എസ്.എഫ്.എസ് പബ്ലിക് സ്‌കൂള്‍ ആന്റ് ജൂനിയര്‍ കോളജ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ഇടുക്കി ജില്ലയിലെ പീരുമേട് മാര്‍ബസേലിയോസ് ക്രിസ്ത്യന്‍ കോളേജ് ഓഫ് എഞ്ചീനിയറിങ് ആന്റ് ടെക്‌നോളജിയാണ് മികച്ച സ്വകാര്യ സ്ഥാപനം. തൃശൂര്‍ വില്‍വട്ടം എന്‍.എസ്.എസ് ബാലഭവന്‍ രണ്ടാം സമ്മാനവും ആലപ്പുഴ പട്ടണക്കാട് സി.കെ കുമാരപ്പണിക്കര്‍ സ്മാരകമന്ദിരം മൂന്നാം സമ്മാനവും നേടി.
വിദ്യാര്‍ഥികള്‍ക്കുള്ള വിഭാഗത്തില്‍ ഇടുക്കി ജില്ലയിലെ തോപ്രാംകുടിക്കടുത്ത് കാമാക്ഷി തെക്കേക്കാട്ട് വീട്ടില്‍ ശ്രദ്ധ മരിയ സജിക്കാണ് ഒന്നാംസ്ഥാനം. തൃശൂര്‍ ജില്ലയിലെ പാവറട്ടി താളിയില്‍ വീട്ടില്‍ ആര്യ സരസന്‍ രണ്ടാം സ്ഥാനവും ആലപ്പുഴ മാന്നാര്‍ കുറത്തിക്കാട്ട് കെ എച്ച് നീലകണ്ഠ അയ്യര്‍ മൂന്നാം സ്ഥാനവും നേടി. കണ്ണൂര്‍ തൊക്കിലങ്ങാടിയിലെ കൂത്തുപറമ്പ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപകന്‍ കുന്നുമ്പ്രോന്‍ രാജനാണ് മികച്ച അധ്യാപകനുള്ള ഒന്നാം സമ്മാനം. തൃശൂര്‍ ജില്ലയിലെ കൊടുങ്ങല്ലൂര്‍ ഗവ.ടെക്‌നിക്കല്‍ ഹൈസ്‌കൂള്‍ അധ്യാപകന്‍ എസ്.മനോജ് രണ്ടാം സമ്മാനവും കോട്ടയം കഞ്ഞിക്കുഴി മൗണ്ട് കാര്‍മല്‍ എച്ച്.എസ്.എസിലെ ആര്‍.രാജശ്രീ മൂന്നാം സ്ഥാനവും നേടി.
മലപ്പുറം കല്‍പ്പകഞ്ചേരിയിലെ പരവന്നൂര്‍ ഇ.എം.എ.എല്‍.പി സ്‌കൂള്‍ പ്രധാനാധ്യാപകന്‍ വി.രാജേഷ് ആണ് മികച്ച സ്ഥാപന മേധാവി. ഇടുക്കി രാജകുമാരി ഹോളിക്യൂന്‍സ് യു.പി സ്‌കൂളിലെ ലിജി വര്‍ഗീസ് രണ്ടാം സ്ഥാനവും പാലക്കാട് അലനല്ലൂര്‍ പി.കെ.എച്ച്.എം.ഒ യു.പി സ്‌കൂളിലെ കെ.കെ അബൂബക്കര്‍ മൂന്നാംസ്ഥാനവും നേടി.
മികച്ച പൊതുസ്ഥാപനമായി അടിമാലിയിലെ ചിത്തിരപുരം കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിനെ തെരഞ്ഞെടുത്തു. ചെമ്പഴന്തി നാരായണ കോളേജ്, തിരുവനന്തപുരത്തിന് രണ്ടാം സ്ഥാനവും കാസര്‍കോട് ചീമേനി ഓപ്പണ്‍ പ്രിസണ്‍ ആന്റ് കറക്ഷന്‍ ഹോമിന് മൂന്നാം സ്ഥാനവും ലഭിച്ചു. മികച്ച ക്ലസ്റ്ററായി കണ്ണൂര്‍, തളിപ്പറമ്പ് ബക്കളം വയല്‍ എഗ്രേഡ് പച്ചക്കറി ക്ലസ്റ്ററിനെയും രണ്ടാമത്തെ മികച്ച ക്ലസ്റ്ററായി എറണാകുളം, പിറവം ഓണക്കൂര്‍ ഹരിതസംഘത്തെയും തെരഞ്ഞെടുത്തു. ഈ ഇനത്തിലെ മൂന്നാം സ്ഥാനം പത്തനംതിട്ട ജില്ലയിലെ പുറമറ്റം ഹരിത ലീഡര്‍ സംഘം, തൃശൂര്‍ ജില്ലയിലെ പഴയന്നൂര്‍ പങ്ങാരപ്പിള്ളി പച്ചക്കറി ക്ലസ്റ്റര്‍ എന്നിവ പങ്കിട്ടു.
മറ്റ് പുരസ്‌കാരങ്ങള്‍: മികച്ച കൃഷി അസി. ഡയരക്ടര്‍: ഒന്നാംസ്ഥാനം പ്രിന്‍സ് മാത്യു, നെടുങ്കണ്ടം, രണ്ടാംസ്ഥാനം ബിജി തോമസ് മാള, ഇരിങ്ങാലക്കുട, മൂന്നാം സ്ഥാനം കോര തോമസ്, പാമ്പാടി കോട്ടയം. മികച്ച കൃഷി ഓഫിസര്‍: ഒന്നാം സ്ഥാനം ഡബ്ല്യു ആര്‍ അജിത് സിങ്, കാളികാവ്, മലപ്പുറം. രണ്ടാം സ്ഥാനം കെ.മമ്മൂട്ടി വെള്ളമുണ്ട വയനാട്, മൂന്നാംസ്ഥാനം പി.പി ആശ മോള്‍, പഴയന്നൂര്‍, തൃശൂര്‍. മികച്ച കൃഷി അസിസ്റ്റന്റ്: ഒന്നാംസ്ഥാനം കെ.സി ജയശ്രീ, ബദിയഡുക്ക, കാസര്‍കോട്, രണ്ടാം സ്ഥാനം പി യു സജിമോന്‍, നെടുങ്കണ്ടം ഇടുക്കി, മൂന്നാം സ്ഥാനം ഇ.ഡി അനുരാജ്, വളാഞ്ചേരി, മലപ്പുറം.
അടുത്ത വര്‍ഷം മുതല്‍ പുരസ്‌കാരത്തുക ഇരട്ടിയാക്കുമെന്ന് മന്ത്രി അറിയിച്ചു. ആദിവാസി ഊരുകളെ കൂടി ഉള്‍പ്പെടുത്തിയായിരിക്കും വരും വര്‍ഷങ്ങളിലെ പുരസ്‌കാരങ്ങള്‍. പച്ചക്കറി ഉല്‍പാദനത്തില്‍ മികവ് പുലര്‍ത്തുന്ന ആദിവാസി ഊരുകള്‍ക്കും പുരസ്‌കാരം നല്‍കുമെന്നും വീടുകളിലും ഫ്‌ളാറ്റുകളിലും കൃഷി പ്രോത്സാഹിപ്പിക്കുന്ന റസിഡന്‍സ് അസോസിയേഷനുകളെയും പുരസ്‌കാരപരിധിയില്‍ ഉള്‍പ്പെടുത്തുമെന്നും മന്ത്രി വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."