നാളേക്കായി നല്ലൊരു മലബാര്‍
ഉമ്മാമ എന്നെ മടിയിലിരുത്തി താലോലിക്കുമ്പോള്‍, അവരുടെ ചെറുപ്പകാലത്തെ ജീവിതാനുഭവങ്ങളും അവര്‍ കുട്ടിക്കാലത്തുകണ്ട കാഴ്ചകളും പറഞ്ഞുതന്നത് ഓര്‍മയില്‍ മായാതെയുണ്ട്. ആ ഓര്‍മയില്‍ മാഹിയിലെ നിരത്തിലൂടെ അതിരാവിലെ കുതിരപ്പുറത്തു കയറി ഉല്ലസിക്കുന്ന ഫ്രാന്‍സിലെ സായ്പ്പന്മാരുമുണ്ട്. കുതിരക്കുളമ്പടി ശബ്ദം കേട്ടുകൊണ്ടാണ് അക്കാലത്തു നാട്ടുകാര്‍ ഉറക്കമുണര്‍ന്നിരുന്നത്.
വടകരയിലെ അടയ്ക്കാതെരുവില്‍നിന്നു രാത്രിയില്‍ നാളികേരം കയറ്റി പാനൂസ് വിളക്കിന്റെ ഇത്തിരിവെട്ടത്തില്‍ കാളവണ്ടിയില്‍ കോഴിക്കോട്ടെ വലിയങ്ങാടിയിലെത്തിക്കുകയും അവിടെനിന്ന് അരിയും മസാലസാധനങ്ങളും നിറച്ചു വൈകുന്നേരം വടകരയിലേയ്ക്കു മടങ്ങുകയും ചെയ്യുന്ന കാളവണ്ടിക്കാരുണ്ടായിരുന്നു.
തലശ്ശേരിയില്‍നിന്നു ചെറിയ പത്മിനികാറില്‍ കൊയിലാണ്ടിയിലെ ടൗണ്‍ മെഡിക്കല്‍ഷാപ്പില്‍ ആഴ്ചയില്‍ നാലുദിവസം രോഗികളെ നോക്കാന്‍ വരുന്ന കേശവന്‍ ഡോക്ടരുണ്ടായിരുന്നു. തിക്കോടിയിലും പയ്യോളിയിലും കാത്തിരിക്കുന്ന രോഗികളെ നോക്കിയശേഷമേ ഡോക്ടര്‍ കൊയിലാണ്ടിയിലെത്താറുള്ളൂവെന്ന സത്യം തെല്ലൊരു അതിശയോക്തിയോടെയാണു ഉമ്മാമ പറഞ്ഞിരുന്നത്.
കാന്തവിളക്കു തലയില്‍വച്ചു ബദര്‍പ്പാട്ടുപാടി ആരവത്തോടെ നടന്നുപോവുന്ന പുതിയാപ്പിളമാരുടെ കഥകള്‍ എന്റെ കാതില്‍ പറയുമ്പോള്‍ പല്ലില്ലാത്ത മോണ കാട്ടി ഉമ്മാമ ചിരിക്കുമായിരുന്നു. ആ ഉമ്മാമ മരിച്ചു. ഞാന്‍ വളര്‍ന്നു വലുതായപ്പോള്‍ ജനിച്ചുവളര്‍ന്ന നാടും പഠിച്ച നഗരവും സ്വപ്നത്തിലെന്നപോലെ മാറിമാറിഞ്ഞിരിക്കുന്നു.
പഴയ സായ്പ്പും കുതിരകളും ഇന്നിവിടെയില്ല, നിരത്തില്‍ കാളവണ്ടികള്‍ക്കുപകരം വിദേശനിര്‍മിത കാറുകള്‍ നിരവധി. വഴിയോരഡോക്ടര്‍മാര്‍ക്കുപകരം നാട്ടിലുടനീളം വലിയ ആശുപത്രികള്‍, ഒരു കേശവന്‍ഡോക്ടര്‍ക്കുപകരം ഒട്ടനേകം ഡോക്ടര്‍മാര്‍. കാന്തവിളക്കോ പെട്രോമാക്‌സോ പോയ്മറഞ്ഞിരിക്കുന്നു. പകരം കല്യാണമണ്ഡപങ്ങളും കണ്‍വെന്‍ഷന്‍ ഹാളുകളും വേണ്ടത്ര. നാടും നഗരവും ആകെ മാറിയിരിക്കുന്നു. വിരല്‍ത്തുമ്പിലൊതുങ്ങുന്ന യുഗപ്പിറവിക്കു സാക്ഷ്യംവഹിക്കാന്‍, ഈ അത്ഭുതക്കാഴ്ചകള്‍ കാണാന്‍ എന്റെ ഉമ്മാമയില്ലല്ലോയെന്ന ദുഃഖം അവശേഷിക്കുമ്പോള്‍തന്നെ ഇവിടെ ഇതൊന്നും പോരെന്നും വരുംതലമുറയ്ക്കു മറ്റൊരു വലിയ മലബാര്‍ ഉണ്ടാവണമെന്നുമുള്ള തോന്നല്‍ ശക്തിപ്രാപിക്കുന്നു.
അത്തരമൊരു മോഹം ചില നഗരനായകന്മാര്‍ക്ക് ഈയിടെയുണ്ടായിരിക്കുന്നു. 'അനന്തര തലമറയ്‌ക്കൊരു നല്ല മലബാര്‍' എന്ന മുദ്രാവാക്യം അവര്‍ മെനഞ്ഞെടുത്തുകഴിഞ്ഞു, പോയതലമുറകള്‍ ഇന്നു ജീവിക്കുന്നവര്‍ക്കു ബാക്കിവച്ചതു പോരെന്ന തോന്നലാണ് ഡോക്ടര്‍ ആസാദ്മൂപ്പനെപ്പോലുള്ള സമാനമനസ്‌കരായ കോഴിക്കോട്ടെ കുറച്ചു കച്ചവടക്കാരുടെ തലയില്‍ മുളപൊട്ടിയ ആ ആശയത്തിനു പിന്നില്‍. ആസാദ് മൂപ്പനെപോലുള്ളവര്‍ക്ക് അവരുടെ വാര്‍ധക്യത്തിന്റെ അവസാന കാലത്ത് കൊച്ചുമക്കളെ മടിയിലിരുത്തി പറഞ്ഞുകൊടുക്കാന്‍ നല്ലൊരു കഥയുണ്ടാവണം.
കനോലിസായ്പ്പ് കെട്ടിയ കനാല്‍ ആധുനിക ബോട്ടുള്‍ക്കു സഞ്ചാരയോഗ്യമാക്കിയതും ചീഞ്ഞുനാറിയിരുന്ന നഗരത്തെ ഒരു തരിമാലിന്യമില്ലാതെ സിംഗപ്പൂര്‍ നഗരംപോലെയാക്കിയതും താമരശ്ശേരിയില്‍നിന്നു വയനാടന്‍ചുരത്തിലേയ്ക്കു റോപ്‌വേ കേബിള്‍ കാറുകള്‍ ഏര്‍പ്പെടുത്തിയതുമൊക്കെ ആ കഥകളിലുണ്ടാവണം. അതിവേഗ നാലുവരിപ്പാതകള്‍ നിര്‍മിച്ചതും ദുബൈ നഗരത്തിലെപ്പോലെ വഴിയോരങ്ങളില്‍ പൂമരങ്ങളും തണല്‍മരങ്ങളും വച്ചുപിടിപ്പിച്ചതും സ്വിറ്റ്‌സര്‍ലാന്‍ഡിലെപ്പോലെ നഗരവീഥികള്‍ സാദാവിരിഞ്ഞുനില്‍ക്കുന്ന മണമുള്ള പൂക്കള്‍കൊണ്ടലങ്കരിച്ചതും കോഴിക്കോട് വിമാനത്താവളം ആധുനികവല്‍ക്കരിച്ചതും അവിടെ എലവേറ്റഡ് റണ്‍വേകള്‍ സ്ഥാപിച്ചതുമെല്ലാം ആ കഥകളില്‍ നിറഞ്ഞുനില്‍ക്കണം.
മലബാറിലെ നഗരങ്ങളെയും നാട്ടിന്‍പുറങ്ങളെയും പട്ടിണിരഹിതമാക്കിയതും വിദേശസഞ്ചാരികളെ ആകര്‍ഷിച്ചു ടൂറിസം മേഖലയാക്കിയതും ഓരോ അഞ്ചുകിലോമീറ്ററിനുള്ളിലും മള്‍ട്ടിസ്‌പെഷാലിറ്റി ആശുപത്രികള്‍ സ്ഥാപിതമായതും ചൈനാനഗരങ്ങളിലെപ്പോലെ അംബരചുംബികളായ ആധുനിക താമസസൗകര്യങ്ങള്‍ നിര്‍മിച്ചതും ലോകത്തിന്റെ നാനാഭാഗത്തുനിന്നും നിക്ഷേപകരെ കൊണ്ടുവന്നതും ഇന്നു കാണുന്ന മാറ്റങ്ങളെല്ലാം വരുത്തിയതും 'ഞങ്ങള്‍ ഒരുപറ്റം ക്രാന്തശാലികളുടെ അക്ഷീണപരിശ്രമത്താലാണെ'ന്ന് അഭിമാനത്തോടെ, വാര്‍ധക്യകാലത്തു കൊച്ചുകുട്ടികള്‍ളോടു പറഞ്ഞുകൊടുക്കാന്‍ അവര്‍ക്കു കഴിയണം. അതിനാണ് ആസ്റ്റര്‍ ആസാദ്മൂപ്പനും ഹൈലൈറ്റ് സുലൈമാനും മലബാര്‍ ഗോള്‍ഡ് അഹമ്മദും നിഷാദും ഡോക്ടര്‍ ശരീഫും നിത്യാനന്ത് കമ്മത്തും കൈകോര്‍ത്തുപിടിച്ച് 'ഗ്രേറ്റര്‍ മലബാര്‍ ഇനീഷ്യേറ്റിവ് ' എന്ന പുതിയപ്രസ്ഥാനത്തിനു തുടക്കം കുറിച്ചത്.
****
ജാഫര്‍ഖാന്‍ കോളനിയിലെ ജൗധാ ബില്‍ഡിങ്ങില്‍ ഉയരത്തില്‍ കെട്ടിയ ബോര്‍ഡ് ലക്ഷ്യമാക്കി ഞാന്‍ നടന്നു. പടികള്‍ കയറുമ്പോള്‍ ഓര്‍മയിലെത്തിയതു നാലരപതിറ്റാണ്ടുമുന്‍പ്് കുവൈത്തിലെ സഫാത് പോസ്റ്റാഫിസിനു മുന്‍വശത്തെ ആലിഹാജിയുടെ റഹ്്മാനിയ റെസ്‌റ്റോറന്റിലേയ്ക്കുള്ള കോണിപ്പടികളായിരുന്നു. രണ്ടുനിലയുള്ള ആ കെട്ടിടത്തില്‍വച്ചായിരുന്നല്ലോ കുവൈത്തിലെ ആദ്യമലയാളി സംഘടനയുടെ ബീജാവാപം നടന്നത്.
അകത്തു കടന്നപ്പോള്‍, ശീതീകരിച്ച മുറിയില്‍, തിരുവനന്തപുരത്തുകാരന്‍ ഗോപകുമാര്‍ ലാപ്‌ടോപ്പിനു മുഖംനല്‍കി ഇരിക്കുന്നു. അദ്ദേഹമാണു ജി.എം.ഐയുടെ സി.ഇ.ഒ എന്നുകേട്ടപ്പോള്‍ എനിക്ക് ആദ്യം അതിശയംതോന്നി. മലബാറിനുവേണ്ടി ഉത്ഭവിച്ച പ്രസ്ഥാനത്തിന്റെ ചുക്കാന്‍പിടിക്കാന്‍ തിരുവനന്തപുരത്തുകാരനോ. ഇടപഴകിയപ്പോള്‍ കാര്യം ബോധ്യമായി. മലബാറിന്റെ മഹിമയും പെരുമയും കാത്തുസൂക്ഷിക്കാന്‍ ഇദ്ദേഹം കരുത്തനാണ്. തീര്‍ച്ചയായും അതുകൊണ്ടായിരിക്കണമല്ലോ ചടുലതയും ചെറുപ്പവുമുള്ള ഇതിന്റെ സാരഥികള്‍ അദ്ദേഹത്തെ നിയോഗിച്ചത്.
''മലബാറിന്റെ സമഗ്രവികസനം ലക്ഷ്യംവച്ചുകൊണ്ടാണ് ആസാദ് മൂപ്പന്റെ നേതൃത്വത്തില്‍ വേറിട്ട സംഘടനയ്ക്കു രൂപംനല്‍കിയത്. പുതു തലമുറയ്ക്കു സമ്പന്നവും മനോഹരവുമായ നല്ല മലബാര്‍ ഉണ്ടാക്കുകയാണു ലക്ഷ്യം. ലാഭരഹിതപ്രസ്ഥാനമെന്നനിലയില്‍ രജിസ്റ്റര്‍ചെയ്ത ഈ വേദിയുടെ സകലചെലവുകളും വഹിക്കുന്നത് ഇതിലെ പതിനൊന്നു പ്രാരംഭസാരഥികളാണ്. അവര്‍തന്നെയാണു മാനേജിങ്കമ്മിറ്റി അംഗങ്ങളും. വലിയസ്വപ്നങ്ങളാണ് ഇവരുടെ തലയില്‍ ഉരുത്തിരിയുന്നത്.'' ഗോപകുമാര്‍ പറഞ്ഞു.
പ്രിയപ്പെട്ട എഴുത്തുകാരി സാറാജോസഫ് ഒരിക്കല്‍ പറഞ്ഞു 'വികസനത്തിന്റെ ആദ്യപാഠം തുടങ്ങേണ്ടതു മൂത്രപ്പുരകളില്‍നിന്നാണ്. മൂത്രപ്പുര വൃത്തിയാക്കി സൂക്ഷിക്കുകയെന്നത് ഒരു സംസ്‌കാരമാണ്. ചില ഹോട്ടലുകളില്‍ ആണുങ്ങള്‍ക്കും പെണ്ണുങ്ങള്‍ക്കുംകൂടി ഒരു ടോയ്‌ലെറ്റേയുണ്ടാകൂ. അവര്‍ മൂത്രമൊഴിച്ചാല്‍ ജന്മത്തു വെള്ളമൊഴിക്കില്ല. അവര്‍ക്ക് അതൊന്നും ശീലമില്ല.'
നരേന്ദ്രമോദി പ്രധാനമന്ത്രിയായി അധികാരമേറ്റ ആദ്യനാള്‍തൊട്ട് ഇന്നുവരെ നാം എല്ലാദിവസവും ചാനലുകളിലും റേഡിയോകളിലും കേള്‍ക്കുന്ന ഒരു പരസ്യവാചകവും ഭാരതീയരെ ഓര്‍മിപ്പിക്കുന്നതും 'ശൗച്യാലയത്തെ'ക്കുറിച്ചാണ്.
ആണുംപെണ്ണുമായി ഒരുപാടു മനുഷ്യര്‍ ദിവസവും വന്നുപോകുന്ന കോഴിക്കോട്ടെ ബീച്ചില്‍ വൃത്തിയുള്ള ടോയ്‌ലെറ്റേയില്ല. സാറാജോസഫ് പറഞ്ഞപോലെ ഗ്രേറ്റര്‍ മലബാര്‍ ഇനിഷ്യേറ്റീവിന്റെ വികസനപ്രവര്‍ത്തനങ്ങളുടെ ആരംഭം മൂന്നാലിങ്ങലില്‍ വൃത്തിയുള്ള മൂത്രപ്പുര നിര്‍മിച്ചുകൊണ്ടാണ്. നഗരസഭയുമായി കൈകോര്‍ത്തുകൊണ്ട് ആദ്യ സംരംഭം ആരംഭിച്ചു.
ജി .എം.ഐ മുന്‍കൈയെടുത്ത മറ്റൊരു പദ്ധതിയാണ് കോഴിക്കോട്ടെ മാനസികാശുപത്രിയുടെ സമഗ്രവികസനം. അതിനായി മാസ്റ്റര്‍പ്ലാന്‍ തയാറാക്കി സര്‍ക്കാരിനു നല്‍കി. സര്‍കാര്‍ ഇത്തവണ ബജറ്റില്‍ ഉള്‍ക്കൊള്ളിക്കുകയും ചെയ്തു. പ്രവര്‍ത്തനം ആരംഭിക്കാനിരിക്കുകയാണ്.
മലബാറിന്റെ രുചിഭേദം ലോകപ്രസിദ്ധമാണ്. മലബാര്‍രുചി നുകരാന്‍ അന്യനാട്ടുകാര്‍ ഒഴുകിയെത്തുന്നതു സാധാരണമായിരിക്കുന്നു. അത്തരക്കാര്‍ക്കായി 'ലോക ഭക്ഷ്യമേള' നടത്തുന്നതിന്റെ അണിയറപ്രവര്‍ത്തനത്തിലാണ് ജി.എം.ഐ. സില്‍ക്കി വെഡ്ഡിങ്‌സിന്റെ ജൗഹര്‍ ടാംടനും പാരഗണ്‍ സുമേഷുമാണ് അതിന്റെ ചുമതലക്കാര്‍.
ദൈവം കനിഞ്ഞ പ്രകൃതിവിഭവങ്ങള്‍ നമുക്കു വേണ്ടുവോളമുണ്ട്. അനുയോജ്യമായ സ്ഥലവും കാലാവസ്ഥയും മലബാറില്‍ ധാരാളമായുണ്ട്. പഠിച്ചുപുറത്തിറങ്ങുന്ന യുവാക്കള്‍ക്ക് അന്യദേശത്തെ ആശ്രയിക്കാതെ ഇവിടെത്തന്നെ ജോലികിട്ടണം. ഇതൊക്കെ യാഥാര്‍ഥ്യമാകാന്‍പോകുകയാണ്. ഇതിന്റെ ഭാഗമായ'കേരള ഇന്‍വെസ്റ്റ്‌മെന്റ്് കോണ്‍ക്ലേവ് ഒക്ടോബര്‍ 22, 23 തിയതികളില്‍ കോഴിക്കോട്ടെ സൈബര്‍പാര്‍ക്കില്‍ മുഖ്യമന്ത്രി ഉല്‍ഘാടനം ചെയ്യുകയാണ്. മുന്‍കാല നിക്ഷേപമീറ്റുകള്‍ പോലെയല്ല, വന്നവരാരും വെറുംകൈയോടെ തിരിച്ചുപോവേണ്ടിവരില്ല ഇത്തവണ. കാരണം വ്യക്തമായ പഠനത്തിലൂടെയാണു പദ്ധതികള്‍ക്കു രൂപംകൊടുത്തിരിക്കുന്നത്.
ലോകത്തിലെ ഏറ്റവുംവലിയ ബിഗ് 3 കളായ ഏണസ്റ്റ് ആന്‍ഡ് യങ്, പി.ഡബ്ലിയു.സി, കെ.പി.എം.ജി എന്നിവയാണു പദ്ധതികള്‍ അവതരിപ്പിക്കുന്നത്. കേരളത്തിന്റെ കാലാവസ്ഥയ്ക്കു യോജിച്ച പദ്ധതികളാണ് ഈ ലോകോത്തരകമ്പനികള്‍ അവതരിപ്പിക്കുന്നത്.
സര്‍ക്കാരിന്റെ വികസന നയത്തിന് അനുയോജ്യമായ നവപദ്ധതികള്‍ വ്യവസായവകുപ്പിന്റെയും ഇതരവകുപ്പുകളുടെയും സഹായസഹകരണങ്ങളോടെ തയാറാക്കിക്കൊണ്ടിരിക്കുകയാണ്. മുതല്‍മുടക്കാന്‍ തയാറുള്ളവര്‍ക്കു വേദിയൊരുക്കുകയും അവരുടെ പദ്ധതികള്‍ സാക്ഷാത്കരിക്കാന്‍ വഴികാട്ടിയാകുകയുമാണ് ജി.എം.ഐ. മുതല്‍മുടക്ക് നിശ്ചിതകാലത്തിനുള്ളില്‍ തിരിച്ചെടുക്കാനാവുമെന്നതാണ് ഇതിന്റെ പ്രത്യേകത.
ഒക്ടോബര്‍ 22നു മലബാറില്‍ വികസനത്തിന്റെ പുതിയ വാതില്‍ തുറക്കുകയാണ്. ലോകോത്തര കമ്പനികളായ ഏനസ്റ്റ് ആന്റ് യങ്് ടൂറിസം, ഐ.ടി , ഉല്‍പ്പാദനം, തുണിത്തരങ്ങള്‍, ചെരുപ്പുകള്‍ എന്നിവയും, കെ.പി.എം.ജി ആരോഗ്യമേഖലയുടെ വികസനം, മരുന്നുല്‍പ്പാദനം, നൂതനവിദ്യാഭ്യാസ സമ്പ്രദായം, ഭക്ഷ്യ കാര്‍ഷിക വ്യവസായം, റോഡിന്റെയും റെയില്‍വേയുടെയും വികസനം, അടിസ്ഥാനസൗകര്യ വികസനം എന്നിവയും,
പി.ഡബ്ല്യു.സി വൈദ്യുതിയുടെയും വെള്ളത്തിന്റെയും ഉല്‍പ്പാദനവും വിതരണവും കേരളത്തില്‍ എങ്ങനെ സാധ്യമാവും എന്നതിന്റെ സമഗ്രാവതരണവും ചര്‍ച്ചയുമാണ് ഈ രണ്ടു ദിവസങ്ങളിലായി നടക്കുന്ന സമ്മേളനത്തില്‍ നടത്താന്‍ പോകുന്നത്.
(തുടരും)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."