ചെറുകിട ജലസേചന വിഭാഗത്തിന് നിസംഗത പെരിക്കല്ലൂര്‍ പാടശേഖരത്തില്‍ നെല്‍കൃഷി ഉണങ്ങുന്നു
പുല്‍പ്പള്ളി: സംസ്ഥാന സര്‍ക്കാര്‍ നെല്‍കൃഷി പ്രോത്സാഹനത്തിനായി ഒട്ടനവധി പദ്ധതികള്‍ നടപ്പാക്കുമ്പോഴും മുള്ളന്‍കൊല്ലി പഞ്ചായത്തിലെ പെരിക്കല്ലൂര്‍ പാടശേഖരത്തില്‍ ലാഭേച്ഛയില്ലാതെ കൃഷിക്കിറങ്ങിയ കര്‍ഷകര്‍ വിഷമവൃത്തത്തില്‍. ചെറുകിട ജലസേചന വിഭാഗത്തിന്റെ നിസംഗ നിലപാടാണ് ഇതിന് കാരണം. പൊതുവെ വേനല്‍ രൂക്ഷമായി ബാധിക്കുകയും മണ്ണ് വിണ്ടുകീറുകയും ചെയ്യുന്ന പ്രദേശമായിട്ട് കൂടി കബനി നദിയിലെ ജലം കണക്കാക്കിയാണ് 100 ഏക്കറുള്ള പെരിക്കല്ലൂര്‍ പാടശേഖരത്തില്‍ കര്‍ഷകര്‍ നെല്‍കൃഷി ചെയ്യുന്നത്.
ഇത്തവണ ഇവിടെ 80 ഏക്കറോളം കൃഷിയിറക്കിയിട്ടുണ്ട്. മുന്‍പ് കബനിയില്‍ നിന്ന് കനാലിലൂടെ വെള്ളം എത്തിച്ചായിരുന്നു കൃഷി. കബനിക്കരയില്‍ ചെറുകിട ജലസേചന വകുപ്പ് ഇതിനായി മൂന്ന് മോട്ടോറും സ്ഥാപിച്ചിരുന്നു.
മോട്ടോറുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ ത്രീഫേസ് വൈദ്യുതി കണക്ഷനും ലഭ്യമാക്കി. എന്നാല്‍ രണ്ടു വര്‍ഷം മുന്‍പ് ഇതില്‍ രണ്ട് മോട്ടോറുകള്‍ കേടായി. കേടായ മോട്ടോറുകള്‍ നന്നാക്കാന്‍ ചെറുകിട ജലസേചന വകുപ്പ് അധികൃതര്‍ നടപടിയൊന്നും സ്വീകരിച്ചില്ല. പകരം ശേഷിക്കുന്ന ഒരു മോട്ടോര്‍ ഉപയോഗിച്ച് വെള്ളം പമ്പുചെയ്യുകയായിരുന്നു. എന്നാലിപ്പോള്‍ മൂന്നാമത്തെ മോട്ടോറും പ്രവര്‍ത്തനം നിലയ്ക്കുന്നതിന്റെ ലക്ഷണങ്ങള്‍ പ്രകടമാക്കി തുടങ്ങി. ഇത്തവണ ഇവിടെ കൃഷിയിറക്കിയ നെല്‍ച്ചെടികള്‍ക്ക് അടിക്കണ പൊട്ടിത്തുടങ്ങി.
ആവശ്യത്തിന് ജലം എത്തിക്കാന്‍ ശേഷിയില്ലാതെ ഏകമോട്ടോറും കിതക്കുകയാണ്. നാല് മണിക്കൂറെങ്കിലും പമ്പുചെയ്താല്‍ മാത്രമെ ഇപ്പോള്‍ കൃഷിയിറക്കിയിട്ടുള്ള നെല്‍വയലുകളില്‍ അത്യാവശ്യത്തിന് വെള്ളം എത്തിക്കാന്‍ കഴിയൂ. എന്നാല്‍ രണ്ടു മണിക്കൂറാവുമ്പോള്‍ തന്നെ മോട്ടോര്‍ ചൂടേറി പുകയുകയാണ്.
ഇതോടെ പമ്പിങും നിലയ്ക്കുകയാണ് പതിവ്. പല ദിവസങ്ങളിലും പമ്പിങ് നടക്കാതായപ്പോള്‍ നെല്‍ച്ചെടികള്‍ വെള്ളമില്ലാതെ കരിഞ്ഞുതുടങ്ങി. കര്‍ഷകര്‍ പരാതിയുമായി ചെറുകിട ജലസേചന വിഭാഗം ഓഫിസില്‍ പലതവണ എത്തിയെങ്കിലും സര്‍ക്കാരില്‍ നിന്ന് ഫണ്ട് ലഭ്യമാവുന്നതിനനുസരിച്ചേ മോട്ടോര്‍ നന്നാക്കാന്‍ കഴിയൂ എന്ന മറുപടി പറഞ്ഞ് ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിയുകയാണ് അധികൃതര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."