നമുക്ക് ജാതിയില്ല വിളംബരം മതേതര നാടിനായി കൂട്ടായ്മകള്‍ ഉണരുന്നു
ജില്ലാതല ഉദ്ഘാടനം നാളെ
വിളംബരമായി ബൈക്ക് റാലികള്‍
കല്‍പ്പറ്റ: ശ്രീനാരായണ ഗുരുവിന്റെ നമുക്ക് ജാതിയില്ല വിളംബരത്തിന്റെ ശതാബ്ദി ആഘോഷങ്ങള്‍ ജില്ലയില്‍ വിവിധ ഗ്രന്ഥശാലകളില്‍ പുരോഗമിക്കുന്നു. സെമിനാറുകള്‍, കൂട്ടായ്മകള്‍, ചര്‍ച്ചകള്‍ എന്നിവയാണ് പ്രാദേശിക തലത്തില്‍ ഗ്രന്ഥശാലകള്‍ ഏറ്റെടുത്ത് നടത്തുന്നത്. ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ്, ജില്ലാ ലൈബ്രറി കൗണ്‍സില്‍ എന്നിവയുടെ നേതൃത്വത്തിലാണ് ജില്ലയില്‍ പരിപാടികള്‍ സംഘടിപ്പിക്കുന്നത്. ജില്ലയിലെ മുഴുവന്‍ ഗ്രന്ഥാലയങ്ങളിലും നമുക്ക് ജാതിയില്ല വിളംബരത്തിന്റെ പൂര്‍ണരൂപമടങ്ങിയ കലണ്ടര്‍ അനാച്ഛാദനം ചെയ്തു. മതേതരത്വ കാഴ്ചപ്പാടിലേക്ക് പുതിയ തലമുറകളെ കൈപിടിക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. വിദ്യാര്‍ഥികളടക്കമുള്ള ഗ്രന്ഥശാല പ്രവര്‍ത്തകരും പുരോഗമന ചിന്താധാരയിലുള്ളവരും ഇതിനകം സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന വിളംബര ശതാബ്ദി ആഘോഷത്തില്‍ പങ്കാളിയാകുന്നു. ജില്ലാതല ഉദ്ഘാടനത്തിന്റെ ഭാഗമായി കല്‍പ്പറ്റയില്‍ സാംസ്‌കാരിക ജാഥ, പൊതുസമ്മേളനം എന്നിവ നാളെ നടക്കും.
വൈകിട്ട് അഞ്ചിന് കല്‍പ്പറ്റ വിജയപമ്പ് പരിസരത്ത് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യും. സി.കെ ശശീന്ദ്രന്‍ എം.എല്‍.എ അധ്യക്ഷനാകും. കാലിക്കറ്റ് സര്‍വകലാശാല മലയാളം വിഭാഗം അധ്യാപകന്‍ ഡോ. ആര്‍.വി.എം ദിവാകരന്‍ മുഖ്യപ്രഭാഷണം നടത്തും. എം.എല്‍.എമാരായ ഐ.സി ബാലകൃഷ്ണന്‍, ഒ.ആര്‍ കേളു എന്നിവര്‍ മുഖ്യാതിഥികളാകും. വിളംബര കലണ്ടര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി ഉഷാകുമാരി ചടങ്ങില്‍ അനാച്ഛാദനം ചെയ്യും. ജില്ലാതല സാസ്‌കാരിക ജാഥയില്‍ വിവിധ സന്നദ്ധ സംഘടന പ്രതിനിധികളടക്കമുള്ളവര്‍ പങ്കെടുക്കും. കല്‍പ്പറ്റ എസ്.കെ.എം.ജെ സ്‌കൂള്‍ പരിസരത്ത് നിന്നുമാണ് സാസ്‌കാരിക ജാഥ തുടങ്ങുക. വിജയ പമ്പ് പരിസരത്ത് സമാപിക്കും. കുടുംബശ്രീ പ്രവര്‍ത്തകര്‍, ഗ്രന്ഥശാല പ്രവര്‍ത്തകര്‍, വിവിധ യുവജന സംഘടനാ പ്രതിനിധികള്‍ തുടങ്ങിയവരെല്ലാം ജാഥയില്‍ അണിനിരക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."