ബോകോഹറാം തട്ടിക്കൊണ്ടുപോയ 21 പെണ്‍കുട്ടികളെ വിട്ടയച്ചു
അബൂജ: ബോകോഹറാം തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയ 276 ചിബോക് പെണ്‍കുട്ടികളില്‍ 21 പേരെ വിട്ടയച്ചു. 2014 ല്‍ സ്കൂളില്‍ നിന്നാണ് ഇവരെ തട്ടിക്കൊണ്ടുപോയത്. നൈജീരിയന്‍ പ്രസിഡന്റിന്റെ ഓഫിസാണ് ചിബോക് പെണ്‍കുട്ടികളെ വിട്ടയച്ച വിവരം അറിയിച്ചത്. ബോകോഹറാമും നൈജീരിയന്‍ സര്‍ക്കാരും റെഡ്ക്രോസ്, സ്വിറ്റ്സര്‍ലന്റ് സര്‍ക്കാര്‍ എന്നിവരുടെ മധ്യസ്ഥതയില്‍ നടന്ന ഒത്തുതീര്‍പ്പ് ചര്‍ച്ചയിലാണ് തീരുമാനമെന്ന് പ്രസിഡന്റിന്റെ വക്താവ് അറിയിച്ചു.
ഇവരെ സര്‍ക്കാര്‍ സേനയുടെ കസ്റ്റഡിയില്‍ പാര്‍പ്പിച്ചിരിക്കയാണ്. ശേഷിക്കുന്ന ചിബോക് പെണ്‍കുട്ടികളെ മോചിപ്പിക്കാനുള്ള ശ്രമങ്ങള്‍ തുടരുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. മോചിതരായ പെണ്‍കുട്ടികളെ ഇന്ന് അബൂജയിലെത്തിക്കുമെന്ന് നൈജീരിയന്‍ വാര്‍ത്താവിതരണ മന്ത്രി ലായ് മുഹമ്മദ് പറഞ്ഞു. വടക്കുകിഴക്കന്‍ നൈജീരിയയിലെ ജയിലിലുള്ള നാലു ബോകോഹറാം തടവുകാരെ കൈമാറിയാണ് പെണ്‍കുട്ടികളെ മോചിപ്പിച്ചത്. ചിബോക് പെണ്‍കുട്ടികളെ മോചിപ്പിക്കാന്‍ ലോകവ്യാപകമായി കാംപയിന് നടന്നിരുന്നു. യു.എസ് പ്രസിഡന്റിന്റെ പത്നി മിഷേല്‍ ഒബാമയും കാംപയിനില്‍ പങ്കെടുത്തിരുന്നു. പെണ്‍കുട്ടികളെ കുറിച്ച് അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നതിനിടെ നേരത്തെ തീവ്രവാദികള്‍ ഇവരുടെ വിഡിയോ പുറത്തുവിട്ടിരുന്നു. തുടര്‍ന്ന് രണ്ട് പെണ്‍കുട്ടികളെ ഇവര്‍ വിട്ടയക്കുകയും ചെയ്തു. ബോര്‍ണോ സംസ്ഥാനത്തിലെ കാട്ടിലാണ് ഇവരെ കണ്ടെത്തിയത്. ഇന്നലെ പെണ്‍കുട്ടികളെ മോചിപ്പിച്ചതും ഇതേ കാട്ടില്‍വച്ചാണ്.
2014 ഏപ്രില്‍ 14 ന് രാത്രിയാണ് ചിബോക് ഗേള്‍സ് സെക്കന്‍ഡറി സ്കൂളിലെ ഹോസ്റ്റലില്‍ നിന്ന് 276 പെണ്‍കുട്ടികളെ ബോകോഹറാം തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയത്. ഇതില്‍ 57 പേര് തടവു ചാടി. പിന്നീട് നൈജീരിയയിലെ രാഷ്ട്രീയ പ്രശ്നമായി ചിബോക് പെണ്‍കുട്ടികളുടെ തിരോധാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."