ബ്രിക്‌സ് ഉച്ചകോടി: പാകിസ്താന്റെ വായടച്ചു, ചൈന എന്തു നിലപാടെടുക്കും?
ഈയാഴ്ച നടക്കുന്ന ബ്രിക്‌സ് ഉച്ചകോടിക്ക് ഗോവ ആതിഥേയത്വം വഹിക്കും. സാമ്പത്തികമായി വളര്‍ന്നുവരുന്ന അഞ്ചു രാഷ്ട്രങ്ങളുടെ യോഗം ലോകം ഉറ്റുനോക്കുന്ന സാഹചര്യമാണിത്. ബ്രസീലും ദക്ഷിണാഫ്രിക്കയും സാമ്പത്തികമായി തകര്‍ച്ചയിലാണ്, റഷ്യ കിതയ്ക്കുമ്പോള്‍ ചൈനയും ഇന്ത്യയും കുഴപ്പമില്ലാതെ മുമ്പോട്ടു പോവുകയാണ്. പാശ്ചാത്യ സാമ്പത്തിക ശക്തികള്‍ക്കെതിരെ മറ്റൊരു ശക്തിയായി നിലകൊള്ളുകയെന്ന ലക്ഷ്യത്തോടെയാണ് ബ്രിക്‌സ് സംഘടനയ്ക്ക് രൂപം കൊണ്ടത്.
കഴിഞ്ഞ വര്‍ഷങ്ങളിലെ ബ്രിക്‌സ് ഉച്ചകോടികളില്‍ നിന്നും വളരെ വിഭിന്നമായാണ് ഇന്ത്യയില്‍ നടക്കുന്ന ഇക്കൊല്ലത്തെ ഉച്ചകോടിയെ ലോകം ഉറ്റുനോക്കുന്നത്. സാമ്പത്തിക ചര്‍ച്ചകള്‍ക്കപ്പുറം നയതന്ത്രകാര്യം കൂടി ഉയര്‍ന്നുവരുമെന്നതിനാലാണിത്. ഇന്ത്യ- പാക് ബന്ധത്തിലെ ഉലച്ചിലും ചൈനയുമായുള്ള അസ്വാരസ്യങ്ങളും ബ്രിക്‌സിനെ സ്വാധീനിക്കും.
ബ്രിക്‌സ് ഉച്ചകോടിയോടൊപ്പം ഇന്ത്യ ബിംസ്റ്റെക് രാജ്യങ്ങളുടെ ഉച്ചകോടിയും വിളിച്ചു ചേര്‍ത്തിട്ടുണ്ട്. മ്യാന്മാര്‍, ശ്രീലങ്ക, തായ്‌ലാന്റ്, ഭൂട്ടാന്‍, നേപ്പാള്‍ എന്നീ കിഴക്കന്‍ അയല്‍രാജ്യങ്ങളാണ് ഇതില്‍പ്പെടുക. 2014 ല്‍ ഫോര്‍ട്ടലീസയില്‍ (ബ്രസീല്‍) നടന്ന ബ്രിക്‌സ് ഉച്ചകോടിയിലാണ് മേഖലാ രാജ്യങ്ങളുടെ കൂട്ടായ്മയെക്കൂടി യോഗത്തിനു ക്ഷണിക്കാനുള്ള കീഴ്‌വഴക്കം തുടങ്ങുന്നത്. 2014 ല്‍ ബ്രസീല്‍ ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളെയും 2014ല്‍ റഷ്യ (ഉഫ ഉച്ചകോടി) ഷാങ്ഹായ് കോര്‍പ്പറേഷന്‍ ഓര്‍ഗനൈസേഷന്‍ അംഗരാജ്യങ്ങളെയും അവരുടെ രാജ്യങ്ങളില്‍ നടന്ന യോഗത്തിനു വിളിച്ചിരുന്നു.
മേഖലാ രാജ്യങ്ങളുടെ പട്ടികയില്‍ പാകിസ്താനെ പെടുത്താമായിരുന്നുവെങ്കിലും ഇന്ത്യ തന്ത്രപൂര്‍വ്വം ഒഴിവാക്കുകയായിരുന്നു. പാകിസ്താനെതിരായ നീക്കത്തില്‍ ബ്രിക്‌സ് യോഗത്തില്‍ പങ്കെടുക്കുന്ന എല്ലാ രാജ്യങ്ങളുടെയും നയതന്ത്ര പിന്തുണ ഉറപ്പാക്കാനാണ് ഇന്ത്യയുടെ ശ്രമം. പാകിസ്താനില്‍ നടക്കേണ്ടിയിരുന്ന സാര്‍ക്ക് ഉച്ചകോടി ഇന്ത്യയുടെ സമ്മര്‍ദ്ദം മൂലം മാറ്റിവച്ചിരുന്നു.
എന്നാല്‍ പാകിസ്താന്റെ എക്കാലത്തെയും നല്ല അയല്‍രാജ്യമായ ചൈനയുടെ നിലപാട് എന്തായിരിക്കുമെന്ന് ഇന്ത്യ ഉറ്റുനോക്കുന്നുണ്ട്്. സാര്‍ക്ക് മാറ്റിവപ്പിച്ചതിലും ബ്രിക്‌സില്‍ നിന്ന് തന്ത്രപൂര്‍വ്വം പാകിസ്താനെ ഒഴിവാക്കിയതിലും ചൈന പാകിന് അനുകൂല നിലപാടെടുക്കുമെന്നാണ് ആശങ്കപ്പെടുന്നത്. അതേസമയം, ആണവ വിതരണ സംഘ (എന്‍.എസ്.ജി) ത്തില്‍ ഉള്‍പ്പെടുന്നതിനു ഇന്ത്യയെ പ്രതികൂലിച്ച ചൈനയെ ഇന്ത്യയ്ക്ക് അനുനയിപ്പിക്കേണ്ടതുമുണ്ട്. പാകിസ്താന്റെ വായ പൊത്തിപ്പിടിച്ചെങ്കിലും ഇന്ത്യയുടെ നീക്കങ്ങളില്‍ ചൈന എങ്ങനെ പ്രതികരിക്കുമെന്ന് കണ്ടറിയേണ്ടതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."