ഹാജിമാരുടെ അവസാനസംഘവും മടങ്ങിയെത്തി; ഹജ്ജ് ക്യാംപിന് വിജയകരമായ സമാപ്തി
നെടുമ്പാശ്ശേരി: സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഹജ്ജിന് പോയവരുടെ അവസാനസംഘവും ഇന്നലെ മടങ്ങിയെത്തിയതോടെ ഈ വര്‍ഷത്തെ ഹജ്ജ് ക്യാംപിന് സമാപ്തിയായി. ഇന്നലെ സഊദി എയര്‍ലൈന്‍സിന്റെ എസ്.വി 5528 നമ്പര്‍ വിമാനത്തില്‍ രാവിലെ 10.30 ഓടെ അവസാനസംഘത്തിലെ 385 ഹാജിമാര്‍ കൂടി തിരികെ എത്തിയതോടെയാണ് കഴിഞ്ഞ 16 ദിവസമായി പ്രവര്‍ത്തിച്ച രണ്ടാം ഘട്ട ക്യാംപിനും സമാപനമായത്.
ലക്ഷദ്വീപിലെയും മാഹിയിലെയും തീര്‍ഥാടകര്‍ ഉള്‍പ്പടെയുള്ള സംഘത്തെ സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ കോട്ടുമല ബാപ്പു മുസ്‌ലിയാരുടെയും ലക്ഷദ്വീപ് ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ ഹംസക്കോയ ഫൈസിയുടെയും നേതൃത്വത്തില്‍ സ്വീകരിച്ചു. ഹജ്ജ് കമ്മിറ്റിയംഗങ്ങളായ എച്ച്.ഇ ബാബുസേഠ്, ശരീഫ് മണിയന്‍കോട്, ഹജ്ജ് കമ്മിറ്റി അസി. സെക്രട്ടറി ഇ.സി മുഹമ്മദ്, സ്‌പെഷല്‍ ഓഫിസര്‍ ഡിവൈ.എസ്.പി അബ്ദുല്‍കരീം എന്നിവരുടെ മേല്‍നോട്ടത്തിലായിരുന്നു അവസാനദിവസത്തെ ക്രമീകരണങ്ങള്‍. തിരിച്ചെത്തിയ ഹാജിമാരുടെ പ്രശംസകളും അഭിനന്ദനങ്ങളും ഏറ്റുവാങ്ങിയാണ് കൊച്ചിയിലെ താല്‍ക്കാലിക ഹജ്ജ് ക്യാംപിന് സമാപനമായത്. കേരളത്തില്‍ നിന്ന് രണ്ട് വയസില്‍ താഴെയുള്ള ഒന്‍പത് കുട്ടികള്‍ ഉള്‍പ്പടെ 10,276 പേര്‍ക്കും ലക്ഷദ്വീപില്‍ നിന്ന് 289 ഉം മാഹിയില്‍ നിന്ന് 28 പേരുമാണ് നെടുമ്പാശ്ശേരിയില്‍ നിന്ന് സംസ്ഥാന ഹജ്ജ് കമ്മിറ്റി വഴി ഹജ്ജിന് യായ്രയായിരുന്നത്.
കഴിഞ്ഞ 16 ദിവസങ്ങളിലായി സഊദി എയര്‍ലൈന്‍സിന്റെ 24 വിമാനങ്ങളിലാണ് ഹാജിമാരെ മദീനയില്‍ നിന്ന് തിരികെ നാട്ടിലെത്തിച്ചത്. കേരള ചരിത്രത്തില്‍ കൂടുതല്‍ പേരെ ഹജ്ജിന് യാത്രയാക്കിയ ഈ വര്‍ഷത്തെ ഹജ്ജ് ക്യാംപ് ഓഗസ്റ്റ് 21 നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തത്. ഹജ്ജ് കര്‍മ്മം പൂര്‍ത്തിയാക്കി മദീനയില്‍ സന്ദര്‍ശനം നടത്തിയശേഷമാണ് ഹാജിമാര്‍ തിരികെ പുറപ്പെട്ടത്.
ഹാജിമാരെ യാത്രയാക്കുന്നതിന് വിമാനത്താവളത്തിന്റെ എയര്‍ക്രാഫ്റ്റ് മെയിന്റിനസ് യാര്‍ഡില്‍ സജ്ജമാക്കിയിരുന്ന ക്യാംപിനെ ടെര്‍മിനലാക്കി മാറ്റി പ്രത്യേകം സൗകര്യം ഒരുക്കിയിരുന്നതിനാല്‍ വിമാനമിറങ്ങി ഒന്നരമണിക്കൂറിനുള്ളില്‍ തന്നെ ഇമിഗ്രേഷന്‍,കസ്റ്റംസ് നടപടികള്‍ പൂര്‍ത്തിയാക്കി ലഗേജുകളുമായി ഹാജിമാര്‍ക്ക് പുറത്തിറങ്ങാന്‍ കഴിഞ്ഞു. മടങ്ങിവരുന്ന ഹാജിമാര്‍ക്ക് നല്‍കുന്നതിനുള്ള സംസം വെള്ളം നേരത്തെ തന്നെ നെടുമ്പാശ്ശേരിയില്‍ എത്തിച്ചിരുന്നതിനാല്‍ ലഗേജിനൊപ്പം സംസം വെള്ളം കൂടി നല്‍കിയാണ് സേവനസന്നദ്ധരായ വാളന്റിയര്‍മാര്‍ ഹാജിമാരെ വീടുകളിലേക്ക് യാത്രയാക്കിയത്. ഹാജിമാര്‍ക്ക് ലഘുഭക്ഷണം നല്‍കുന്നതിനുള്ള ക്രമീകരണവും ഒരുക്കിയിരുന്നു. ഹാജിമാരെ സ്വീകരിക്കുന്നതിനായി ദിവസവും ആയിരക്കണക്കിന് ബന്ധുക്കളാണ് ക്യാംപിലേക്ക് എത്തിയിരുന്നത്. ലക്ഷദ്വീപില്‍ നിന്നുള്ള ഹാജിമാര്‍ 18 നാണ് കൊച്ചിയില്‍ നിന്ന് കപ്പലില്‍ ദ്വീപിലേക്ക് പുറപ്പെടുന്നത്.
സംസ്ഥാന സര്‍ക്കാരും കേന്ദ്രഹജ്ജ് കമ്മിറ്റിയും സിയാല്‍, എയര്‍ഇന്ത്യ, സഊദി എയര്‍ലൈന്‍സ്, കസ്റ്റംസ്, സി.ഐ.എസ്.എഫ് തുടങ്ങിയ ഏജന്‍സികളും സംസ്ഥാനകമ്മിറ്റിക്ക് പൂര്‍ണപിന്തുണയുമായി അണിനിരന്നതാണ് ഈ വര്‍ഷത്തെ സംസ്ഥാന ഹജ്ജ് ക്യാംപിനെ വിജയകരമാക്കി തീര്‍ത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."